Top
16
Saturday, December 2017
About UsE-Paper

സെറ്റ് എഴുതാന്‍ അപേക്ഷിക്കാം

Thursday Jun 2, 2016
വെബ് ഡെസ്‌ക്‌

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനിയമനത്തിനുള്ള  സംസ്ഥാനതല യോഗ്യതാനിര്‍ണയപരീക്ഷ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 31ന് നടത്തും. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കാണ് പരീക്ഷാനടത്തിപ്പ് ചുമതല. പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റില്‍.

ബിരുദാനന്തരബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബിഎഡും ആണ് അടിസ്ഥാനയോഗ്യത. എസ്സി/എസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തരബിരുദത്തിന് അഞ്ച് ശതമാനം  മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദേശം, രജിസ്റ്റര്‍ നമ്പര്‍, സൈറ്റ് ആക്സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍നിന്ന് ജൂണ്‍ 25വരെ ലഭിക്കും. എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗങ്ങളില്‍പെടുന്നവര്‍ ഫീസ് ഇളവിന് ജാതി/വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷയോടൊപ്പം പ്രോസ്പെക്ടസ് ലഭിക്കുന്നതല്ല. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ ബിഎസ് സെന്ററിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍’ ആയി രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള നിര്‍ദേശം പ്രോസ്പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ തപാലില്‍ അയക്കണം.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരങ്ങള്‍ പ്രോസ്പെക്ടസില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25ന് വൈകിട്ട് അഞ്ചിനുമുമ്പ് എല്‍ബിഎസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അന്നേദിവസം പകല്‍ മൂന്നിനുമുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.lbskerala.com, www.lbscetnre.org എന്നീ വെബ്സൈറ്റുകളില്‍.

സെറ്റിനുള്ള അപേക്ഷാഫോറം ലഭിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകളുടെ വിവരം ചുവടെ. ജിപിഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോട്, കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി.