സമാനതകളില്ല; ഇത് നന്മയുടെ അശ്വമേധം

Saturday Feb 13, 2016
കെ ആര്‍ അജയന്‍
നവകേരള മാര്‍ച്ചിന് കൊല്ലത്ത് നല്‍കിയ സ്വീകരണത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു

കൊല്ലം > വറ്റിവരളുന്ന ജലാശയങ്ങളും നെഞ്ചുതകര്‍ക്കുന്ന തിരമാലകളും പട്ടിണിക്കഞ്ഞിക്കുപോലും പുക ഉയരാത്ത ഫാക്ടറികളും ദുരിതം തീര്‍ക്കുന്ന മണ്ണില്‍ ആശ്വാസത്തിന്റെ സന്ദേശവുമായി നവകേരളമാര്‍ച്ച് പ്രയാണം തുടരുന്നു. പരമ്പരാഗത വ്യവസായത്തൊഴിലാളികളുടെ കണ്ണീരുറഞ്ഞ നാട്ടുപാതകളില്‍ പ്രതീക്ഷയുടെ വിളക്കുവെട്ടം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ആവേശക്കടലായി ജില്ലയിലാകെ നിറയുന്നു. നാട്ടുചര്‍ച്ചകളില്‍ ഇപ്പോള്‍ മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം മാത്രം. തങ്ങളുടെ തൊഴിലും ജീവിതവും കിടപ്പാടവുമൊക്കെ തകര്‍ത്തെറിഞ്ഞവര്‍ക്കു നേരെയുള്ള അന്തിമക്കുതിപ്പിന് തയ്യാറെടുത്താണ് ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ സംഘം ചേരുന്നത്.
വെള്ളിയാഴ്ച കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലാണ് സ്വീകരണമൊരുക്കിയത്. തലേന്ന് മാര്‍ച്ച് ശാസ്താംകോട്ടയില്‍ അവസാനിച്ചെങ്കിലും വെള്ളിയാഴ്ചയും അവിടെ ആരവങ്ങള്‍ അവസാനിച്ചില്ല. പൌരപ്രമുഖരുമായി ജാഥാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയത് അവിടെയായിരുന്നു. കൊല്ലത്തിന്റെ കുടിനീരുറവയായ ശാസ്താംകോട്ട തടാകത്തിന്റെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി വിവരിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ വന്‍പട. പിന്നോക്ക വിഭാഗക്കാര്‍ നേരിടുന്ന ദുരിതങ്ങളുടെ മാറാപ്പഴിച്ച് നിരവധിപേര്‍. ചര്‍ച്ച പ്രതീക്ഷിച്ചതിലും നീണ്ടുപോയി. ആദ്യ സ്വീകരണകേന്ദ്രമായ കരുനാഗപ്പള്ളിയിലേക്ക് നായകന്‍ പിണറായി വിജയന്‍ യാത്രയാകുന്നതിനു തൊട്ടുമുമ്പ് കേട്ടറിഞ്ഞ ദുരിതങ്ങള്‍ നേരില്‍ കാണാന്‍ തടാക തീരത്തേക്ക് ഒരു ഹ്രസ്വ സന്ദര്‍ശനം.

പൊതുമേഖലാ വ്യവസായങ്ങളുടെ മരുപ്പറമ്പായ കരുനാഗപ്പള്ളിയില്‍ നഗരത്തിന് താങ്ങാന്‍ പറ്റാത്തത്ര ജനക്കൂട്ടം. പ്രസംഗത്തിനുശേഷം രക്തസാക്ഷി കുടുംബങ്ങളില്‍നിന്ന് ഉള്‍പ്പെടെ പ്രമുഖരെ പിണറായി ആദരിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സംഭാവനയായി ലഭിച്ച ആംബുലന്‍സിന്റെ താക്കോലും പരിചരണ ഉപകരണങ്ങളും പിണറായി ഏറ്റുവാങ്ങി കൈമാറി. ദുരിതബാധിത പ്രദേശമായ വെള്ളനാതുരുത്തും സന്ദര്‍ശിച്ചു.

ചവറയില്‍ പ്രവര്‍ത്തകരാകെ ആവേശക്കൊടുമുടിയിലായിരുന്നു. പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് വെല്ലുവിളിച്ച ഒരു മുന്‍ ഇടതുപക്ഷ പാര്‍ടിയുടെ ഈറ്റില്ലത്തിലേക്ക് വര്‍ധിത വീര്യത്തോടെയെത്തിയ മാര്‍ച്ചിന് കിലോമീറ്ററുകള്‍ നീളുന്ന വരവേല്‍പ്പാണ് ഒരുക്കിയത്.  വേലുത്തമ്പിയുടെ വിളംബരത്തറയായ കുണ്ടറയില്‍ നാടന്‍ കലാരൂപങ്ങളും തെയ്യവും തിറയുമെല്ലാം ഉത്സവഛായ പകര്‍ന്ന സന്ധ്യയിലാണ് മാര്‍ച്ച് എത്തിയത്.

വെള്ളിയാഴ്ച അവസാന സ്വീകരണകേന്ദ്രമായ കൊല്ലത്തെത്തുമ്പോള്‍ സന്ധ്യ വിടവാങ്ങി. ചുവപ്പുവെട്ടത്തില്‍ കുളിച്ചുനിന്ന കന്റോണ്‍മെന്റ് മൈതാനിയില്‍ ഇരവിപുരം നിയോജക മണ്ഡലത്തിലെയും ജനങ്ങള്‍ ഒത്തുചേര്‍ന്നു.

ശനിയാഴ്ച ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ഞായറാഴ്ച തലസ്ഥാനത്ത് മാര്‍ച്ച് സമാപിക്കും.
 

വാർത്തകൾ
സ്പെഷ്യല്‍‌