പ്രവാസികളുടെ നോവറിഞ്ഞ്

Friday Feb 12, 2016
സി അജിത്
പത്തനംതിട്ടയില്‍ പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്കെത്തിയ പിണറായി വിജയന്‍ കഥാകാരന്‍ ബെന്യാമിനൊപ്പം

പത്തനംതിട്ട > ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് നേഴ്സുമാരായ ആശയും എബിന്‍സും ജാന്‍സിയും യമനില്‍നിന്ന് നാട്ടിലേക്കു മടങ്ങിയത്. നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് കൈയില്‍ക്കിട്ടിയതുമെടുത്ത് വിമാനം കയറി. നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള ഇവര്‍ ഒരുവര്‍ഷമായി തൊഴിലില്ലാതെ ദുരിതത്തിലാണ്. പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. സര്‍ക്കാരിന്റെ വഞ്ചനയ്ക്കിരയായവര്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമുന്നില്‍ തങ്ങളുടെ ദുഃഖവും ആശങ്കയും പങ്കുവച്ചു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി പത്തനംതിട്ടയില്‍ നടന്ന സംഗമത്തില്‍ പ്രവാസികളുടെ പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്തത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മറ്റും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍സാധ്യത കുറച്ചിരിക്കുകയാണ്. വരും നാളുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ വ്യാപകമായി  മടങ്ങിവരാന്‍ സാധ്യതയുണ്ട്. ഇവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു. അടുത്ത ഏതാനും വര്‍ഷത്തിനിടെ നിരവധി തൊഴിലാളികള്‍ ഗള്‍ഫില്‍നിന്ന് മടങ്ങുമെന്നാണ് മനസ്സിലാക്കുന്നതെന്ന് പ്രമുഖ നോവലിസ്റ്റും പ്രവാസിയുമായ ബെന്യാമിന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍നിന്ന് ഇവര്‍ ആര്‍ജിച്ച അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് വിദഗ്ധമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. നമ്മുടെ ഗ്രാമങ്ങളില്‍ ഇവരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ചെറിയ സ്ഥാപനങ്ങള്‍ തുടങ്ങണം. എല്ലാറ്റിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. നമ്മുടേതായ വികസനം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വ്യവസായം തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന നൂലാമാലകള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് വ്യവസായി സുരേന്ദ്രന്‍പിള്ള പറഞ്ഞു. ഏഴുദിവസംകൊണ്ട് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ഓഫീസില്‍നിന്ന് ലഭിക്കുന്നത് ഒരുമാസം കഴിഞ്ഞാണ്. ഇത് വ്യവസായം തുടങ്ങുന്നവരുടെ മനംമടുപ്പിക്കും. ഇത് ഒഴിവാക്കാന്‍ നടപടിയുണ്ടാകണം. പ്രവാസി പാര്‍ക്ക് ആരംഭിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ കോടിക്കണക്കിന് രൂപയാണ് ഇവിടെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതെന്ന് അബൂബക്കര്‍ പറഞ്ഞു. എന്നാല്‍, തുച്ഛമായ പലിശയാണ് നല്‍കുന്നത്. പ്രവാസികള്‍ക്ക് പ്രത്യേകമായി ബാങ്കിങ് സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളില്‍നിന്നുവേണം വികസനം ആരംഭിക്കാനെന്ന് സോഫ്റ്റ്വെയര്‍ കമ്പനി ഉടമ വരുണ്‍ പറഞ്ഞു. വ്യവസായം തുടങ്ങാന്‍ സഹായിക്കേണ്ട കിന്‍ഫ്ര വ്യവസായികളെ നിരുത്സാഹപ്പെടുത്തുകയാണെന്ന് ശരത്ബാബു പറഞ്ഞു. കേരളത്തില്‍ സഹകരണമേഖലയില്‍ വലിയ നിക്ഷേപസാധ്യതയാണുള്ളതെന്ന് ജോണ്‍ സാമുവല്‍ പറഞ്ഞു. തിരുവല്ല റെയില്‍വേ സ്റ്റേഷന്റെ ശോച്യാവസ്ഥ, മലയോര റെയില്‍പ്പാതയുടെ ആവശ്യകത, വിമാനയാത്രാ പ്രശ്നം തുടങ്ങിയവയും ചര്‍ച്ചയായി.

അടിസ്ഥാന സൌകര്യവികസനം ഒരുക്കാതെ സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ ഉണ്ടാകില്ലെന്ന് പിണറായി പറഞ്ഞു. ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകള്‍ മികച്ചതാകണം. നിക്ഷേപ സൌഹൃദ അന്തരീക്ഷം ഒരുക്കുന്നതില്‍ ഇത് പ്രധാനമാണ്. പ്രവാസികള്‍ ആര്‍ജിച്ച കഴിവ് അവര്‍ തിരിച്ചെത്തുമ്പോള്‍ നമ്മുടെ നാടിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വാഗതം പറഞ്ഞു.

വാർത്തകൾ
സ്പെഷ്യല്‍‌