കൊടുങ്കാറ്റുയര്‍ത്തി ദേശിംഗനാട്ടില്‍

Friday Feb 12, 2016
കെ ആര്‍ അജയന്‍
കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനു സമീപം നവകേരള മാര്‍ച്ചിനു നല്‍കിയ സ്വീകരണത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു / ഫോട്ടോ > കെ രവികുമാര്‍

കൊല്ലം > ആരും കാഴ്ചക്കാരല്ല. നഗരവും നാട്ടിടവഴിയുമെല്ലാം നിറഞ്ഞുകവിയുന്നു. ചെങ്കൊടിയേന്തി ആയിരങ്ങള്‍ അണിമുറിയാതെ പ്രവഹിക്കുന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ചരിത്രത്താളില്‍ ഒരു പുത്തനദ്ധ്യായം കൂടി. കരുത്തുറ്റ  വികസന സംസ്കാരത്തിന്റെയും പുത്തന്‍ പ്രതീക്ഷയുടെയും ആകാശമൊരുക്കി, ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളുടെ കണ്ണീരും വിയര്‍പ്പുംവീണ ദേശിംഗനാട്ടിലേക്ക് വ്യാഴാഴ്ച നവകേരള മാര്‍ച്ച് കടന്നെത്തി.

ധീര രക്തസാക്ഷി വേലുത്തമ്പിയുടെയും പന്തളം രക്തസാക്ഷികളുടെയും ധീരസ്മരണകളിരമ്പുന്ന അടൂരിന്റെ മണ്ണിലായിരുന്നു വ്യാഴാഴ്ചത്തെ ആദ്യസ്വീകരണം. കര്‍ഷകരും കര്‍ഷത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളുമടങ്ങുന്ന വന്‍ജനസഞ്ചയം അടൂരിനെ ത്രസിപ്പിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും വന്‍പങ്കാളിത്തമാണ് പ്രകടമായത്. ശശികുമാര വര്‍മ അധ്യക്ഷനായി.  ടി ഡി ബൈജു സ്വാഗതം പറഞ്ഞു. പത്തനംതിട്ട കോന്നിയില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് കൊല്ലം ജില്ലാതിര്‍ത്തിയായ പത്തനാപുരത്ത് മാര്‍ച്ച് എത്തിയത്.
സമസ്തമേഖലയും മുച്ചുടും തകര്‍ന്ന, പരമ്പരാഗത വ്യവസായങ്ങളുടെ പട്ടട പുകയുന്ന മണ്ണിലേക്ക് ഒത്തിരി പ്രതീക്ഷകളുണര്‍ത്തിയെത്തിയ മാര്‍ച്ചിനെ ആബാലവൃദ്ധം നെഞ്ചേറ്റി. പാരമ്പര്യ കലാരൂപങ്ങളും അലങ്കാരങ്ങളും ബാന്റുമേളവും പഞ്ചവാദ്യവും പഞ്ചാരിമേളവുമൊക്കെയായി ഓരോ സ്വീകരണകേന്ദ്രവും നാടിന്റെ ഉത്സവ കൂട്ടായ്മയായി. പത്തനാപുരം ടൌണ്‍ രാവിലെമുതല്‍ ജനവേലിയേറ്റത്തില്‍ മുങ്ങിനിറഞ്ഞു.

ചുവപ്പുവളണ്ടിയര്‍മാര്‍ പിണറായിയെ സല്യൂട്ട് നല്‍കി ആദരിച്ചു. സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ഗുരുദാസന്‍, ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ രാജഗോപാല്‍, പി രാജേന്ദ്രന്‍, ബി രാഘവന്‍, കെ വരദരാജന്‍, ജെ മെഴ്സിക്കുട്ടിയമ്മ, എസ് രാജേന്ദ്രന്‍,  എസ് സുദേവന്‍,  സൂസന്‍കോടി, കേരളകോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ്കുമാര്‍ എംഎല്‍എ, ആര്‍എസ്പി എല്‍ നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആലംബഹീനരുടെ അത്താണിയായ പത്തനാപുരം ഗാന്ധിഭവനും പിണറായി സന്ദര്‍ശിച്ചു.

കൊട്ടാരക്കരയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത ജനസാഗരം.  നവകേരള മാര്‍ച്ചിന്റെ വാഹനം കടന്നുപോകുമ്പോള്‍ ഉജ്ജ്വല മുദ്രാവാക്യങ്ങളുമായി കേരളീയ വസ്ത്രം ധരിച്ച് മുത്തുക്കുടയേന്തിയ വനിതകള്‍ അകമ്പടിയായി. കാര്‍ഷിക മേഖലകൂടിയായ കൊട്ടാരക്കരയുടെ സാമൂഹ്യവസ്ഥ വരച്ചുകാട്ടി നാടിന്റെ നീറുന്നപ്രശ്നങ്ങള്‍ ഒന്നൊന്നായി നിരത്തിയായിരുന്നു പിണറായിയുടെ അഭിസംബോധന. കേരളകോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും വേദിയിലെത്തി. അനശ്വരരക്തസാക്ഷി ശ്രീരാജിന്റെ മാതാവിനെ പിണറായി ആദരിച്ചു.
 കൊട്ടാരക്കര മുതല്‍ പുത്തൂര്‍, ഭരണിക്കാവ് വരെ ഇരുചക്രവാഹനങ്ങളില്‍ നിരവധിപേര്‍ മാര്‍ച്ചിന് കൂട്ടായെത്തി. ശാസ്താംകോട്ട ജംഗ്ഷനിലായിരുന്നു പൊതുസമ്മേളനം. മാര്‍ച്ചില്‍ അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, കെ ടി ജലീല്‍ എന്നിവര്‍ വിവിധയോഗങ്ങളില്‍ സംസാരിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തിന് കരുനാഗപ്പള്ളിയില്‍നിന്ന് മാര്‍ച്ച് തുടങ്ങും. വൈകിട്ട് മൂന്നിന് ചവറ ടൈറ്റാനിയം ജംഗ്ഷനിലും നാലിന് കുണ്ടറ മുക്കടയിലും അഞ്ചിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലും മാര്‍ച്ചിനെ സ്വീകരിക്കും.

വാർത്തകൾ
സ്പെഷ്യല്‍‌