കാരായി രാജനും ചന്ദ്രശേഖരനും വന്‍ ഭൂരിപക്ഷം

Sunday Nov 8, 2015


തലശേരി > നീതിനിഷേധത്തിന്റെ ഇരകളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജനകീയ കോടതി സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയം. ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനില്‍ മത്സരിച്ച സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനെയും തലശേരി നഗരസഭയിലെ ചിള്ളക്കര വാര്‍ഡില്‍ മത്സരിച്ച ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെയും കണ്ണൂരിലെ പ്രബുദ്ധജനത വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തു. വോട്ടഭ്യര്‍ഥിക്കാന്‍പോലും കഴിയാതിരുന്ന സ്ഥാനാര്‍ഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന ജയത്തിന് തിളക്കമേറെയാണ്. ഫസല്‍കേസില്‍ പ്രതിചേര്‍ത്ത് കാരായി രാജനെയും ചന്ദ്രശേഖരനെയും ജയിലിലടച്ചും നാടുകടത്തിയും വേട്ടയാടിയവര്‍ക്കുള്ള ജനകീയ കോടതിയുടെ ശക്തമായ താക്കീതാണ് ഈ ജയം. നിരപരാധികളായ ഇരുവരെയും ജന്മനാട്ടില്‍പോലും കാലുകുത്താന്‍ അനുവദിക്കാതെയുള്ള കൊടുംപീഡനത്തിനാണ് വിധേയമാക്കിയത്. കോടതിയുടെ പ്രത്യേക അനുമതിയോടെ എത്തിയാണ് നാമനിര്‍ദേശപത്രിക സമ്മര്‍പ്പിച്ചതും വോട്ട് രേഖപ്പെടുത്തിയതുമെല്ലാം. തങ്ങളുടെ നിരപരാധിത്വം ജനങ്ങള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും കാരായി രാജനും ചന്ദ്രശേഖരനും പറഞ്ഞു.

അനശ്വര വിപ്ലവകാരി പാട്യം ഗോപാലന്റെയും സാമൂഹ്യപരിഷ്കര്‍ത്താവ് വാഗ്ഭടാനന്ദന്റെയും സ്മരണനിറഞ്ഞ പാട്യം ഡിവിഷനില്‍നിന്ന് 21,602 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാരായി രാജന്‍ വിജയിച്ചത്. 36,350 വോട്ട് രാജന് ലഭിച്ചപ്പോള്‍ എതിരാളി കോണ്‍ഗ്രസിലെ കെ സി മുഹമ്മദ് ഫൈസലിന് ലഭിച്ചത് 14,478 വോട്ടുമാത്രം. തലശേരി നഗരസഭയിലെ ചിള്ളക്കര വാര്‍ഡില്‍നിന്ന് 201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാരായി ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടത്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം