യുഡിഎഫ് നടുങ്ങി: ഇനി വിട്ടുപോകൽ

Sunday Nov 8, 2015

ആര്‍ എസ് ബാബു

തിരുവനന്തപുരം > എല്‍ഡിഎഫിന് പുതുവസന്തം സമ്മാനിച്ച ജനവിധിയില്‍ നടുങ്ങിയ യുഡിഎഫും സര്‍ക്കാരും അഭിമുഖീകരിക്കുന്നത് കലഹവും തകര്‍ച്ചയും. നേതൃമാറ്റം, മാണിയുടെ രാജി, ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് എന്നിവയാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്.

ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എല്‍ഡിഎഫ് നേടിയ വിജയക്കുതിപ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അനായാസേന ജയിക്കാനുള്ള കരുത്തേകിയിരിക്കുകയാണ്. തദ്ദേശജനവിധി യുഡിഎഫ് എന്ന അണക്കെട്ടിന്റെ അടിസ്ഥാനകല്ലുകളെയാണ് ഇളക്കിയത്. അതിലൂടെ അണികള്‍ വലിയതോതില്‍ ഒഴുകിപ്പോയി. ഇത് തിരിച്ചറിഞ്ഞ് ജനതാദള്‍ യു, ആര്‍എസ്പി എന്നീ കക്ഷികള്‍ രാഷ്ട്രീയനിലപാടുകള്‍ തിരുത്തിയേക്കും. യുഡിഎഫുമായി കൂട്ടുകൂടി കൊല്ലത്ത് തകര്‍ന്നടിഞ്ഞതിനാല്‍ മുന്നണി വിടുമെന്ന പ്രതികരണം ചില ആര്‍എസ്പി നേതാക്കളില്‍നിന്ന് വന്നുകഴിഞ്ഞു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലെ ജനവിധിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നയിച്ച അന്നത്തെ ഐക്യമുന്നണി പൊളിഞ്ഞത്. അതിനു സമാനമായ അവസ്ഥയാണ് യുഡിഎഫ് നേരിടുന്നത്.

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച വരുന്നു എന്നത് യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടി. കോഴക്കാരനെന്ന് കോടതി പറഞ്ഞാലും മാണി രാജിവയ്ക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് കോണ്‍ഗ്രസിന്റെ പരാജയത്തിന് പ്രധാന ഘടകമായി എന്നാണ് മന്ത്രി രമേശ് ചെന്നിത്തലയും വി എം സുധീരനും ഐ ഗ്രൂപ്പും അഭിപ്രായപ്പെടുന്നത്. മാണിയെ തള്ളുന്ന വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായാല്‍ മാണിയുടെ രാജിക്ക് കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചില യുഡിഎഫ് കക്ഷികളും ആവശ്യപ്പെട്ടേക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കെപിസിസി നേതൃയോഗം ചേരുന്നുണ്ട്. ഇതിനിടെ, കെപിസിസി പ്രസിഡന്റിന്റെ സമീപനം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ദോഷഫലം സൃഷ്ടിച്ചെന്ന ആക്ഷേപം എ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഹിതപരിശോധനയാണ് ഈ തെരഞ്ഞെടുപ്പെന്ന് മുന്‍കൂട്ടി പറഞ്ഞ മുഖ്യമന്ത്രി വിധി എതിരായെങ്കിലും രാജിക്ക് തയ്യാറല്ല. നിയമസഭാ തെരഞ്ഞെടുപ്പിനെ ഉമ്മന്‍ചാണ്ടി നയിച്ചാല്‍ യുഡിഎഫ് തോല്‍ക്കുമെന്ന് ഐ ഗ്രൂപ്പ് പരസ്യമായി പറയാന്‍ തയ്യാറെടുക്കുകയാണ്. പരാജയത്തെ ലഘൂകരിക്കാന്‍ നോക്കിയ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം തള്ളി കരകയറാന്‍ തൊലിപ്പുറ ചികിത്സ മതിയാകില്ലെന്ന ചെന്നിത്തലയുടെ തുറന്നടിച്ച പ്രതികരണം അതിന്റെ ഭാഗമാണ്.

2010ലെ വിജയം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്കായില്ല. അരുവിക്കര ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനം പാളി. എസ്എന്‍ഡിപിബിജെപി സഖ്യം യുഡിഎഫിനെ സഹായിക്കുമെന്ന കണക്കുകൂട്ടലും പൊളിഞ്ഞു. എല്ലാ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടത്. എസ്എന്‍ഡിപിബിജെപി കൂട്ടുകെട്ടിനെയും ആര്‍എസ്എസ് വര്‍ഗീയതയെയും തുറന്നെതിര്‍ക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് യുഡിഎഫിന് ദോഷമായി എന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. സോളാര്‍, ബാര്‍ കോഴ തുടങ്ങിയവയൊന്നും ജനങ്ങളെ സ്വാധീനിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിശ്വാസത്തിന് ജനവിധി തിരിച്ചടിയായി. ഇത് ഭരണപ്രതിച്ഛായയെ ബാധിച്ചതാണ് മലപ്പുറത്തടക്കം സിപിഐ എം മുന്നേറ്റം സൃഷ്ടിച്ചതെന്ന് മുസ്ലിംലീഗ് വ്യക്തമാക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന ലീഗ് അണികളുടെ ചിന്തയെ ജനവിധി ബലപ്പെടുത്തും.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം