രംഗനിരീക്ഷണം

വെള്ളാപ്പള്ളിയുടെ സ്വയംസേവക തര്‍ക്കം

Wednesday Nov 4, 2015

ആര്‍ എസ് ബാബു

കേരളം പിടിക്കാനിറങ്ങിയ 'മൂന്നാംമുന്നണി'ക്ക് ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍തന്നെ അപകടം മണത്തു. നേരിടാന്‍ പോകുന്ന കനത്ത തോല്‍വിയുടെ പഴി ആരുടെമേല്‍ കെട്ടിവയ്ക്കുമെന്ന ആലോചനയിലാണ് ആസ്ഥാന സ്വയംസേവകരും അഭിനവ സ്വയംസേവകനും. ഇരിക്കുന്നിടം മുടിക്കുന്ന 'ജൂനിയര്‍ മാന്‍ഡ്രേക്ക്' ആരെന്നതാണ് തര്‍ക്കം.  മാന്‍ഡ്രേക്ക് നടശേഗുരുവെന്ന് ഒരുപക്ഷം. മോഡി–ഷാമാരുടെ കേരളരൂപങ്ങളെന്ന് മറുപക്ഷം. നടേശനെ കൂട്ടിയതിനാല്‍ ഒറ്റാലില്‍ കിടന്നതും പോയി എന്ന അവസ്ഥയിലാണ് രാജഗോപാല– മുരളീധരാദികള്‍.


ഇന്ന് നടേശന്‍ തല്ലപ്പത്ത് ഇരിക്കുന്ന സംഘടന സ്ഥാപിച്ച ഗുരു സാമൂഹ്യവിപ്ളവം നടത്തിയ ആദരണീയ വ്യക്തിത്വമാണ്. ക്ഷേത്രപ്രതിഷ്ഠയെയാണ് ആദ്യവിപ്ളവ സംരംഭമാക്കിയത്. അരുവിപ്പുറത്ത് അതിനു തുടക്കമായി. അന്ന് ചാത്തന്‍, ചുടലമാടന്‍, ചാമുണ്ടി, മാടന്‍, മറുത തുടങ്ങിയവരായിരുന്നു അധഃസ്ഥിതരുടെ ദൈവങ്ങള്‍. നിവേദ്യം കോഴിച്ചോര, കള്ള്, ചാരായം തുടങ്ങിയവയും. ശിവന്റെയും കൃഷ്ണന്റെയും അമ്പലങ്ങളിലോ അതിന്റെ ചുറ്റുവഴിയിലോ അധഃസ്ഥിതര്‍ക്ക് പ്രവേശനമില്ല. ആക്കാലത്താണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ അടിക്കല്ലിളക്കാന്‍ അരുവിപ്പുറത്ത് ഗുരു ശിവപ്രതിഷ്ഠ നടത്തിയത്. അവിടെ എഴുതിവച്ചതോ. 'ജാതിഭേദം മതദ്വേഷ, മേതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്' എന്നാണ്്. അങ്ങനെ ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും അന്തരീക്ഷം ഇല്ലാതാക്കാന്‍ പടപൊരുതിയ ഗുരുവിന്റെ പേരില്‍ നടേശന്‍ ചെയ്തുകൂട്ടുന്ന ചതി ചെറുതല്ല. ഗുരുവിലാണെന്‍ വിശ്വാസം കീശയിലാണെന്‍ ആശ്വാസം എന്നതാണ് അഭിനവ സ്വയംസേവകന്റെ മുദ്രാവാക്യം.


നരേന്ദ്രമോഡിയെ ഇന്ദ്രപ്രസ്ഥത്തില്‍ കണ്ടപ്പോള്‍ നല്‍കിയ ഉറപ്പുപാലിക്കാനാണ് കച്ചമുറുക്കിയത്. പാവങ്ങളെ പറ്റിച്ച സൂക്ഷ്മ ധനകാര്യം, അടിച്ചുമാറ്റിയ കോളേജ് കോഴ, ശാശ്വതികാനന്ദ സ്വാമിയുടെ മരണം എന്നിത്യാദികളാല്‍ കാത്തിരിക്കുന്ന 'പൂജപ്പുര'യില്‍നിന്ന് രക്ഷിക്കാനുള്ള സുരക്ഷാ പാക്കേജാണ് നാഗ്പൂരില്‍നിന്നു ജപിച്ചുകിട്ടിയ രക്ഷാച്ചരട്. അതുമായി സംഘികള്‍ക്കൊപ്പം വീടുകയറി ഗുരുദര്‍ശനത്തെ കഴുത്തറുക്കുകയാണിപ്പോള്‍. വീടുവീടാന്തരം കയറിയിറങ്ങി പ്രചരിപ്പിക്കുന്നത്, 'ഈശ്വരന്‍ ഹിന്ദു ആണെന്ന് മാത്രമല്ല, കര്‍ത്താവും പടച്ചോനും കള്ളനാണയം ആണെന്നു'കൂടിയാണ്. ആണും പെണ്ണും ഇണചേര്‍ന്നു പിറക്കുന്ന കുഞ്ഞിന് വ്യത്യസ്തജാതി ഇല്ലെന്നാണ്  ശ്രീനാരായണഗുരു കേരളീയരെ പഠിപ്പിച്ചത്. 'പലമതസാരവുമേകം' എന്ന പാഠം പകര്‍ന്ന ഗുരു എവിടെ, അഹിന്ദുക്കളെ വകവരുത്തണമെന്ന് കല്‍പ്പിക്കുന്ന അഭിനവഗുരു എവിടെ.  വോട്ടിനുവേണ്ടി മുസ്ളിം– ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെ എത്രയെത്ര നെറികെട്ട പ്രചാരണം. ഗള്‍ഫില്‍ പണിയെടുക്കുന്ന ഇതര സമുദായാംഗത്തിന്റെ വീടുചൂണ്ടി ആ വീട്ടില്‍ രഹസ്യ അറയുണ്ടെന്നും അതില്‍ പണവും പണ്ടവും മാത്രമല്ല ആയുധങ്ങളും സൂക്ഷിക്കുന്നുണ്ടെന്നുമുള്ള നുണതട്ടി ഭീതിയുടെയും വിദ്വേഷത്തിന്റെയും വിഷവിത്തുവിതറി വോട്ടുതേടുന്നതാണ് 'മോഡി– നടേശ മോഡല്‍'. ഇങ്ങനെ കേരളീയരെ ഹിന്ദുവെന്നും അഹിന്ദുവെന്നും വെട്ടിമാറ്റി രണ്ടു കഷണമാക്കുന്നതാണ് നടേശനും ബിജെപിയും ചേര്‍ന്ന മൂന്നാംമുന്നണി പരീക്ഷണം. മനുഷ്യരല്ല ജാതിയാണ് കേരളത്തില്‍ കാര്യങ്ങള്‍ ഇനി തീരുമാനിക്കുകയെന്ന വിചാരത്തിലാണ് മൂന്നാംമുന്നണി ഇറങ്ങിയത്.


അതുകൊണ്ടുതന്നെ ഇക്കുറി പ്രാദേശിക തെരഞ്ഞെടുപ്പുഫലത്തിലെ രാഷ്ട്രീയത്തില്‍ അതിപ്രധാനമായ സാമൂഹ്യഘടകവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒരുമയുള്ള കേരളീയര്‍ വേണോ വെട്ടിമുറിച്ച കേരളീയര്‍ വേണോ എന്ന ചോദ്യം. മോഡിയുടെ വാരാണസിയിലും ദത്തെടുത്ത ജയാപുരിലുമടക്കം പ്രാദേശിക തെരഞ്ഞെടുപ്പില്‍ യുപിക്കാര്‍ കാവിസംഘത്തെ ഇപ്പോള്‍ മൂലയ്ക്കിരുത്തി. അതിനേക്കാള്‍ ഉയര്‍ന്ന പ്രതിബദ്ധത കേരളം കാട്ടും. മൂന്നാംമുന്നണി പരീക്ഷണത്തെയും അതുമായി സന്ധിചെയ്ത യുഡിഎഫിനെയും പാഠംപഠിപ്പിക്കുന്ന പ്രബുദ്ധതയാകും അത്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം