ജില്ലകളിലൂടെ : കോട്ടയം

സ്വതന്ത്രവേഷത്തിലും വിമതരായും

Tuesday Oct 27, 2015
എസ് മനോജ്


കോട്ടയം > ഉമ്മന്‍ചാണ്ടിയും കെ എം മാണിയും രണ്ട് ദിവസം ഉറക്കമിളച്ച് ചര്‍ച്ച നടത്തിയിട്ടും പത്തിമടക്കാത്ത വിമതക്കൂട്ടം കോട്ടയം ജില്ലയില്‍ യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നു. ത്രിതലങ്ങളിലായി നൂറോളം പേരാണ് ജില്ലയില്‍ യുഡിഎഫ് വിമതരായി മത്സരരംഗത്ത്. ജില്ലാ നേതാക്കളുടെ ആശീര്‍വാദത്തോടെ മല്‍സരിക്കുന്ന സ്വതന്ത്രര്‍ വേറെയും. പരമ്പരാഗത സീറ്റുകളില്‍പോലും ഇങ്ങനെ കടുത്ത മത്സരത്തില്‍ അടിതെറ്റിയ അവസ്ഥയിലാണ്് യുഡിഎഫ്. റബര്‍ വിലയിടിവ്, താളം തെറ്റിയ നെല്ലുസംഭരണം, പരമ്പരാഗത വ്യവസായ മേഖലയുടെ തകര്‍ച്ച, വിലക്കയറ്റം എന്നിങ്ങനെ എല്‍ഡിഎഫ് ഉന്നയിക്കുന്ന ജനകീയ വിഷയങ്ങള്‍ക്ക് എതിരാളികള്‍ക്ക് മറുപടിയില്ല.


തങ്ങളെ പാടേ അവഗണിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും സീറ്റുകള്‍ വീതിച്ചെടുത്തെന്ന പരാതിയിലാണ് മുസ്ളീംലീഗ്, ജനതാദള്‍ യു, ആര്‍എസ്പി, സിഎംപി എന്നീ യുഡിഎഫ് കക്ഷികള്‍. ഫലത്തില്‍ ഇപ്പോള്‍ ജില്ലയിലെ യുഡിഎഫ് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും മാത്രമായി ചുരുങ്ങി. എന്നിട്ടും ഈ രണ്ട് പാര്‍ടികളും നേര്‍ക്കുനേരെയും ഒരേ പാര്‍ടിയിലെ സഹപ്രവര്‍ത്തകരും ഒരേ സീറ്റില്‍ മല്‍സരിക്കുന്ന സ്ഥിതിയുമുണ്ട്. 24 പേര്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസും ഒമ്പത് പേര്‍ക്കെതിരെ നടപടിയെടുത്ത് കേരള കോണ്‍ഗ്രസും വിമതരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.


ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഫില്‍സണ്‍ മാത്യൂസിന് പോലും സീറ്റ് തരപ്പെടുത്താനാകാതെ വന്നതിന്റെ അലയൊലി ജില്ലയിലെമ്പാടുമുണ്ട്. ഡിസിസി വൈസ് പ്രസിഡന്റുകൂടിയായ ഫില്‍സന്റെ പേരുവെട്ടാന്‍ ഒളിഞ്ഞും തെളിഞ്ഞും നിന്നത് ഡിസിസി പ്രസിഡന്റും വി എം സുധീരന്റെ അനുയായിയുമായ അഡ്വ. ടോമി കല്ലാനിയാണ്. പ്രകോപിതനായ ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് പ്രതിനിധികളെയെല്ലാം പട്ടികയില്‍നിന്ന് മാറ്റി തിരിച്ചടിച്ചു. അങ്ങനെ അറിയപ്പെടാത്തവരും സംഘടനാ പരിചയമില്ലാത്തവരും ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായെത്തി. കേരള കോണ്‍ഗ്രസ് എമ്മിലും തര്‍ക്കങ്ങള്‍ പെരുകി. എല്‍ഡിഎഫാകട്ടെ മികച്ച ജനപിന്തുണയുള്ള യുവനിരയെ രംഗത്തിറക്കി ജില്ലാ പഞ്ചായത്ത് തിരികെപ്പിടിക്കാനുള്ള പടപ്പുറപ്പാടില്‍ ഏറെ മുന്നിലെത്തി.


കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ നഗരസഭകളിലും പുതുതായി രൂപീകരിച്ച ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട നഗരസഭകളിലും എല്‍ഡിഎഫ് ചിട്ടയായ പ്രവര്‍ത്തനത്തിലാണ്.  ചങ്ങനാശേരിയില്‍ നിലവില്‍ എല്‍ഡിഎഫ് ഭരണമാണ്്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് കോട്ടയവും വൈക്കവും കൈവിട്ടത്. പാലായിലാകട്ടെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ചേരിതിരിവും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട നഗരസഭകളിലും ആദ്യ വിജയം എല്‍ഡിഎഫിന് ഉറപ്പിക്കുന്ന അന്തരീക്ഷമാണ്്. പി സി ജോര്‍ജും കൂട്ടരും കെ എം മാണിയെ കൈവിട്ട് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് ഈ മേഖലയിലെ മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
രണ്ട് നഗരസഭകള്‍ കൂടി രൂപപ്പെട്ടതോടെ പഞ്ചായത്തുകളുടെ എണ്ണം ജില്ലയില്‍ 73 നിന്ന് 71 ആയി. തദ്ദേശ സ്വയംഭരണ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യുഡിഎഫ് നയങ്ങളും ഇവിടെ എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കുന്നു.


യുഡിഎഫിനോട് മൃദു സമീപനത്തിലാണ് ബിജെപി. പഞ്ചായത്തില്‍ മുന്നൂറോളം സീറ്റുകള്‍ ഒഴിച്ചിട്ട് ഇവര്‍ യുഡിഎഫിനെ സഹായിക്കാന്‍ വോട്ട് കച്ചവടം നടത്തുന്നതായാണ് ആക്ഷേപം. നൂറോളം സീറ്റുകളില്‍ പേരിന് ചിലരെ പിന്തുണക്കുന്നുവെന്ന് വരുത്തി വോട്ട് കച്ചവടം ഉറപ്പിക്കുന്നു. മുന്നില്‍ രണ്ട് പഞ്ചായത്ത് വാര്‍ഡുകളില്‍ മാത്രമാണ് താമര ചിഹ്നത്തില്‍ മല്‍സരിക്കുന്നത്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം