മേളയ്ക്ക് ഇന്ന് കൊടിയിറക്കം, സമാപന സമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്യും

Friday Dec 15, 2017

22ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് 6 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിക്കും. 
 
മേയര്‍ വി.കെ. പ്രശാന്ത്, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
 
മികച്ച സംവിധാനത്തിനും നവാഗത സംവിധാനത്തിനുമുള്ള രജത ചകോരം, പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍, മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം എന്നിവയും ചടങ്ങില്‍ സമ്മാനിക്കും.
 
കണ്‍ട്രി ഫോക്കസ്, ഹോമേജ്, റീസ്റ്റോര്‍ഡ് ക്ലാസിക്‌സ്, കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഏഷ്യന്‍ ഫിലിംസ് അവാര്‍ഡ്‌സ് അക്കാഡമി ക്യുറേറ്റ് ചെയ്ത ഏഷ്യന്‍ സിനിരമ വിഭാഗവും മലയാള സിനിമയിലെ പെണ്ണിടങ്ങള്‍ ചര്‍ച്ച ചെയ്ത അവള്‍ക്കൊപ്പം എന്ന വിഭാഗവും ഇത്തവണത്തെ മേളയുടെ സവിശേഷതയായിരുന്നു. 
 
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക്  പുറമെ 'ദ യങ് കാള്‍ മാര്‍ക്‌സ്',  'വില്ലേജ് റോക്ക് സ്റ്റാര്‍സ്', 'ഡ്ജാം', '120 ബി.പി.എം', 'റീഡൗട്ടബിള്‍' തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം