അഭിമാനമായി വിധു വിന്‍സെന്റ് :രജതചകോരത്തില്‍ മലയാളി പെണ്‍മുദ്ര

Saturday Dec 17, 2016

തിരുവനന്തപുരം >  രജതചകോരത്തില്‍ മലയാളി പെണ്‍മികവിന്റെ പൊന്‍മുദ്ര ചാര്‍ത്തി വിധു വിന്‍സെന്റ്. 'മാന്‍ഹോള്‍' ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോര പുരസ്കാരം വിധു സ്വന്തമാക്കിയപ്പോള്‍ കൈരളിക്ക് അഭിമാനനിമിഷം. മികച്ച മലയാള സിനിമയ്ക്കുള്ള നിരൂപകരുടെ ഫിപ്രസി പുരസ്കാരവും മാന്‍ഹോള്‍ കരസ്ഥമാക്കിയതും ഇരട്ടിമധുരം. 

'ആയിരക്കണക്കിന് മാന്‍ഹോള്‍ തൊഴിലാളികളുണ്ട് നമ്മുടെ നാട്ടില്‍. അവരുടെ ജീവിതമാണ് എന്റെ സിനിമ. ഈ പുരസ്കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നു'. പുരസ്കാരം ഏറ്റുവാങ്ങിയുള്ള വിധുവിന്റെ വാക്കുകള്‍ തന്റെ സിനിമയ്ക്ക് ഉയിരു പകര്‍ന്നവര്‍ക്കുള്ള സമര്‍പ്പണമായി. മാന്‍ഹോള്‍ ശുചീകരണത്തൊഴിലാളികളുടെ ദയനീയ ജീവിതമാണ് വിധുവിന്റെ ചിത്രം. അധികാരികള്‍, നിയമവ്യവസ്ഥിതി, സമൂഹം എന്നിവരില്‍നിന്നു മാന്‍ഹോള്‍ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളും നീതി നിഷേധത്തിനെതിരെ അവര്‍ പോരാട്ടത്തിനൊരുങ്ങുന്നതുമാണ് മാന്‍ഹോള്‍ പറയുന്നത്.

ആദ്യ സംരംഭമായിട്ടും ഒരു ഭാവപ്പകര്‍ച്ചയുമില്ലാത്ത വിധുവിന്റെ കൈയടക്കം ചിത്രത്തെ മികവുറ്റതാക്കി.  ശുചീകരണത്തൊഴിലാളികളുടെ വിഭാഗത്തില്‍നിന്നുള്ള രവികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനേതാക്കളായെത്തിയത് ചിത്രത്തെ കൂടുതല്‍ അനുഭവവേദ്യമാക്കി. റിന്‍സി, സുനി തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം. ടാഗോര്‍ തിയറ്ററില്‍ മേളയുടെ മൂന്നാം ദിനത്തില്‍ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. ആ സദസ്സ് പിന്നീടുള്ള പ്രദര്‍ശനത്തിലും തുടര്‍ന്നു. ഒപ്പം ചലച്ചിത്രരംഗത്തെ പ്രതിഭകളുടെയും പ്രേക്ഷകരുടെയും കലവറയില്ലാത്ത ആശംസാ വചനങ്ങള്‍ വിധുവിനെയും കൂട്ടുകാരെയും തേടിയെത്തി. അഭിനന്ദനവാക്കുകളുടെ മാറ്റുകൂട്ടി മേളയുടെ സമാപനത്തില്‍ രജതചകോരവും ഫിപ്രസിയും. വിധുവിന്റെ അച്ഛന്‍ എം പി വിന്‍സെന്റാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥ ഉമേഷ് ഓമനക്കുട്ടന്‍. ക്യാമറ സജികുമാര്‍. എഡിറ്റിങ് അപ്പു ഭട്ടതിരി. സംഗീതം സിദ്ധാര്‍ഥ് പ്രദീപ്.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം