നല്ല സിനിമ കണ്ടു വിടവാങ്ങല്‍ തുടങ്ങി

Friday Dec 16, 2016
ഫെസ്റ്റിവല്‍ വേദിയില്‍ തെരുവ് നാടകം അവതരിപ്പിക്കുന്ന കലാകാരന്മാര്‍

തിരുവനന്തപുരം > സൌഹൃദത്തിന്റെ മേള കഴിഞ്ഞു. നല്ല സിനിമകള്‍ കണ്ട് മനംനിറഞ്ഞവര്‍ അടുത്തവര്‍ഷം കാണാമെന്ന പ്രതീക്ഷയോടെ വിടവാങ്ങിത്തുടങ്ങി. വെള്ളിയാഴ്ചയോടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിലെ ആരവം നിലയ്ക്കും. രാവിനെ പകലാക്കിയ വെളിച്ചം കെടും. എന്നാല്‍, ചലച്ചിത്രമേള നല്‍കിയ നല്ല ഓര്‍മകള്‍ ഇനി നാട്ടിലെങ്ങും പരക്കും.

നല്ല സിനിമകള്‍ നാട്ടിന്‍പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകും. പുതിയ പദ്ധതികള്‍ക്ക് തുടക്കമാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമായി 15,000 പേരാണ് ഒരാഴ്ച നീണ്ട സിനിമാ ഉത്സവത്തിന് എത്തിയത്. സ്ഥിരമായി പങ്കെടുക്കുന്നവര്‍, പുതുതായി എത്തിയവര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍, മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍,  വിദ്യാര്‍ഥികള്‍ ഇങ്ങനെ നീളുന്ന പ്രതിനിധികളുടെ വിഭാഗം. ലോകത്തെ അറിയുക, ജീവിതത്തെ അറിയുക, സൌഹൃദം പങ്കിടുക-അതിനായി പരമാവധി സിനിമ കാണുക. ഈ  ലക്ഷ്യം സാര്‍ഥകമാക്കിയാണ് എല്ലാവരും മടങ്ങുന്നത്.

ചര്‍ച്ചകള്‍, സെമിനാറുകള്‍,  സിനിമാ പ്രവര്‍ത്തകരുമായുള്ള മുഖാമുഖം, ഓപ്പണ്‍ ഫോറം, ദേശീയഗാനത്തെ ചൊല്ലിയുള്ള പ്രതികരണങ്ങള്‍, പ്രതിഷേധങ്ങള്‍, നീണ്ട ക്യൂ. എല്ലാവരും എല്ലാം ആഘോഷിച്ചു. ന്യൂജെന്‍ സ്റ്റൈലുകളും സൌഹൃദവും മേളയുടെ വര്‍ണങ്ങളായി. മേളയിലേക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം പേരെ സ്വീകരിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ച സജീവമാണ്. ഈ ആരവങ്ങളൊന്നുമില്ലെങ്കില്‍ എന്തു ചലച്ചിത്രമേളയെന്നാണ് ജനപങ്കാളിത്തത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. പതിനയ്യായിരത്തോളം പേര്‍ രാവിനെ പകലാക്കി ഇവിടെ ഒരാഴ്ച ക്യാമ്പ് ചെയ്തിട്ടും പറയത്തക്ക അസ്വാരസ്യമൊന്നും ഉണ്ടായില്ലല്ലോ എന്നും അവര്‍ വാദിക്കുന്നു.

 62 രാജ്യത്തുനിന്ന് 184 ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചു. 38 രാജ്യത്തുനിന്നായി 103 വിദേശ പ്രതിനിധികളും എത്തി. ചെക്കോസ്ളോവാക്യ, ബെല്‍ജിയം, ഖസാക്കിസ്ഥാന്‍, ഇറാന്‍, ആംസ്റ്റര്‍ഡാം, ഹോങ്കോങ്, സ്വീഡന്‍, ജോര്‍ജിയ, തുര്‍ക്കി, ഈജിപ്ത്, ശ്രീലങ്ക, സൌദി അറേബ്യ, റൊമാനിയ, ഇന്തോനേഷ്യ, ചെക്ക് റിപ്പബ്ളിക് തുടങ്ങിയ രാജ്യങ്ങളില്‍നിന്നായിരുന്നു പ്രതിനിധികള്‍.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം