അംഗീകാരത്തിന്റെ വാക്കുകള്‍; ദിശാബോധത്തിന്റെയും

Friday Dec 16, 2016
ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു

തിരുവനന്തപുരം > കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇരുപത്തിയൊന്നാം പതിപ്പിന് അംഗീകാരത്തിന്റെ അഭിനന്ദന മുദ്രചാര്‍ത്തി ചലച്ചിത്ര പ്രതിഭകള്‍. 'മേള അവലോകനം' വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ഫോറത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ മേളയെ അഭിനന്ദിച്ചത്. വരുംകാലമേളകള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനുള്ള വിദഗ്ധാഭിപ്രായങ്ങളും ഓപ്പണ്‍ഫോറത്തെ അര്‍ഥപൂര്‍ണമാക്കി.

സര്‍വതലത്തിലും മികച്ചതായിരുന്നു കേരള രാജ്യാന്തര ചലച്ചിത്രോത്സവമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.വിജയകരമായ മേളയാണിത്.ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്, സംഘാടനം എന്നിവയിലെല്ലാം മേള മികച്ചുനിന്നു. തിയറ്ററിന് പുറത്തും മറ്റുകലാപരിപടികള്‍ ഒരുക്കിയത് മനോഹര അന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ അടുത്ത മേള സംഘടിപ്പിക്കുമ്പോള്‍ ചില തെറ്റുകള്‍ തിരുത്തണം. സിനിമ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു. പ്രദര്‍ശനത്തിന് നിശ്ചിത സമയത്തിനകം തിയറ്ററില്‍ പ്രവേശിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരണം. സീറ്റിനേക്കാള്‍ കൂടുതല്‍ പാസ് അനുവദിക്കരുത്. പ്രദര്‍ശനം തടസ്സപ്പെടുത്തുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അടൂര്‍ പറഞ്ഞു.

സിനിമക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ചലച്ചിത്രകാരന്മാരെ ആദരിച്ചതാണ് ഈ മേളയില്‍ തന്നെ ആകര്‍ഷിച്ച ഘടകമെന്ന് ടി വി ചന്ദ്രന്‍ പറഞ്ഞു. വിശുദ്ധമായ ഇടമായി തിയറ്ററിനെ കാണാന്‍ പ്രേക്ഷകര്‍ തയ്യാറാകണമെന്നും ടി വി ചന്ദ്രന്‍ പറഞ്ഞു. ചലച്ചിത്രോത്സവത്തില്‍ സിനിമ കാണാനുള്ള പ്രേക്ഷകരുടെ നിര സിനിമയുടെ സ്വീകാര്യത വ്യക്തമാക്കുന്നതായി നെറ്റ്പാക് ജൂറി അംഗം റാധ സെസിക് പറഞ്ഞു. മികച്ച അനുഭവമായിരുന്നു മേളയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഉന്നത നിലവാരമുള്ള പ്രേക്ഷകരാണ് മേളയുടെതെന്നും ജനകീയോത്സവതാണിതെന്നും ഉമ ഡികുഞ്ഞ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ്ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, കെ ആര്‍ മോഹനന്‍, വിദ്യാര്‍ഥി ചാറ്റര്‍ജി, വി കെ ജോസഫ്, സി ഗൌരീദാസന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായി.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം