കാര്‍മേഘമൊഴിഞ്ഞ മാരി

Thursday Dec 15, 2016
സുനി

തിരുവനന്തപുരം > വാര്‍ക്കപണിക്കാരന്‍, പാട്ടുകാരന്‍, നര്‍ത്തകന്‍....... ഇപ്പോഴിതാ സിനിമാനടനും. മാന്‍ഹോള്‍ ചിത്രത്തില്‍ 'മാരി'യെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ഇടംനേടിയ സുനി ജീവിതത്തില്‍ അവതരിപ്പിച്ച വേഷങ്ങള്‍ നിരവധി.

സിനിമയിലെ മാരിക്കും ജീവിതത്തിലെ സുനിക്കും സാമ്യങ്ങള്‍ ഏറെ. രണ്ടുപേരും തൊഴിലിന്റെ കാഠിന്യമറിഞ്ഞവര്‍. ഉപജീവനത്തിനായി മാരി മാന്‍ഹോള്‍ തൊഴിലാളിയെങ്കില്‍ പഠിക്കാനായി വാര്‍ക്കപണിക്കാരനായി സുനി. മൂന്നാംനിലയിലേക്ക് മണല്‍ചാക്ക് ചുമന്ന് ശരീരവും മനസ്സും തളര്‍ന്നപ്പോള്‍ സുനി വാര്‍ക്കപണിയോട് സലാം പറഞ്ഞു. പിന്നെ വിദ്യാഭ്യാസച്ചെലവ് കണ്ടെത്തിയത് നാടന്‍പാട്ടും നൃത്തവും അവതരിപ്പിച്ച്. സിനിമയിലെ സുനിലിന്റെ മാരിയും നല്ലപാട്ടുകാരനാണ്. 'സീരഗോം പാത്തികെട്ടി' എന്നു തുടങ്ങുന്ന സിനിമയിലെ ശ്രദ്ധേയമായ ഗാനം ആലപിച്ചതും സുനില്‍തന്നെ.

സംവിധായിക വിധു വിന്‍സെന്റുമായുള്ള സൌഹൃദമാണ് സുനിലിനെ 'മാന്‍ഹോളില്‍' എത്തിച്ചത്. തിരക്കഥാകൃത്ത് ഉമേഷ് കണ്ടപ്പോള്‍ സുനിയോട് ആദ്യം പറഞ്ഞത് താടിയും മുടിയും വെട്ടണമെന്ന്. പറ്റില്ലെന്ന് മറുപടി. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ മനസ്സൊന്നിളകി. താടിയെടുക്കാമെന്ന് മറുപടി. മുടിയുടെ പ്രശ്നം വിഗ്ഗില്‍ പരിഹരിച്ചു. അഭിനയിച്ചുതുടങ്ങിയപ്പോള്‍ സംഗതി സീരിയസ്സായി. ശുചീകരണത്തൊഴില്‍ എടുത്തുജീവിക്കുന്നവരുടെ ദുരിതം മനസ്സ് തൊട്ടു. സിനിമയിലെ മാരി മനസ്സിലും ശരീരത്തിലും സന്നിവേശിച്ചു. ഷൂട്ടിങ് കഴിഞ്ഞിട്ടും മാരി ഒഴിഞ്ഞില്ല. മാരിയുടെ സ്വാധീനം മാറാന്‍ കുറച്ചുദിവസം എടുത്തു.

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലൂടെ മലയാളത്തിന് ലഭിച്ച പുതിയ താരം തലസ്ഥാനത്തിന്റെ സ്വന്തമാണ്. തിരുവനന്തപുരം കാഞ്ഞിരംകുളം ചാവടി സ്വദേശിയാണ്് സുനി. അമ്മ ശോഭിയുള്‍പ്പെടെയുള്ള സുനിയുടെ കുടുംബം താമസിക്കുന്നത് സുധിഭവനെന്ന ഓലപ്പുരയില്‍. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടിലെ കഷ്ടപ്പാട് കണ്ട് സുനിയോട് അമ്മ പറഞ്ഞത് എത്രയുംപെട്ടെന്ന് ഒരു ജോലി സമ്പാദിക്കാനായിരുന്നു.

കലയാണ് തന്റെ വഴിയെന്ന് മറുപടി പറഞ്ഞപ്പോള്‍ മറുത്തൊന്നും അമ്മ പറഞ്ഞില്ല. നാടന്‍പാട്ടും നൃത്തവും അവതരിപ്പിച്ച് ലഭിക്കുന്ന ചെറിയ സംഖ്യയില്‍നിന്ന് വിദ്യാഭ്യാസച്ചെലവിനുള്ള പണം എടുത്തശേഷം വീട്ടാവശ്യത്തിന് നല്‍കും. ചേട്ടന്‍ സുധിയും നാടന്‍പാട്ട് കലാകാരനാണ്. മാന്‍ഹോളില്‍ സുനിക്കൊപ്പം സുധിയുമുണ്ട്. തിയറ്റര്‍ ആര്‍ട്സില്‍ എംഫില്‍ എടുത്ത സുനി പിഎച്ച്ഡി നേടാനുള്ള തയ്യാറെടുപ്പിലാണ്.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം