20 September Thursday

നിറംമാറാന്‍ കൃത്രിമ ത്വക്ക്

സീമ ശ്രീലയംUpdated: Thursday Apr 9, 2015

  ഓന്തിനെപ്പോലെ പരിസരത്തിനുസരിച്ച് നിറംമാറാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും? വളരെ നേര്‍ത്തതും ഓന്ത് നിറംമാറുന്നതുപോലെ നിറംമാറാന്‍ കഴിയുന്നതുമായ നൂതനസംവിധാനം വികസിപ്പിച്ചുകഴിഞ്ഞു കലിഫോര്‍ണിയ ബെര്‍ക്കിലി സര്‍വകലാശാലയിലെ എന്‍ജിനിയര്‍മാര്‍. "കൃത്രിമ ത്വക്ക്' എന്നുതന്നെയാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഓന്തിന്റെ നിറംമാറ്റ രഹസ്യത്തിനു പിന്നില്‍ അതിന്റെ ത്വക്കിലെ നാനോ പരലുകളുടെ വിന്യാസത്തില്‍ ഉണ്ടാവുന്ന വ്യത്യാസമാണെന്ന് ജനീവ സര്‍വകലാശാലാ ഗവേഷകര്‍ കണ്ടെത്തിയത് ഈയിടെയാണ്.

മനുഷ്യന്റെ തലമുടിനാരിന്റെ ആയിരത്തിലൊന്നു മാത്രം കനമുള്ള നേരിയ ഒരു സിലിക്കണ്‍ ഫിലിമില്‍ അതിസൂക്ഷ്മമായ വിശദാംശങ്ങളോടെ എച്ചിങ് (കൊത്തുപണി) നടത്തിയാണ് ഗവേഷകര്‍ ഈ നേട്ടം കൈവരിച്ചത്. ഇതു ചെയ്തതാവട്ടെ പ്രകാശത്തിന്റെ തരംദൈര്‍ഘ്യവുമായി താരതമ്യംചെയ്യുമ്പോള്‍ വളരെ ചെറിയ ബ്ലോക്കുകളും. ചെറിയ ബലം പ്രയോഗിച്ച് ഈ പദാര്‍ഥത്തെ വളയ്ക്കുമ്പോള്‍ അതിന്റ തോതിനുസരിച്ച് പദാര്‍ഥം പ്രതിഫലിപ്പിക്കുന്ന നിറത്തിലും വ്യത്യാസം വരും. പ്രതലസവിശേഷതകളും ഘടനകളും കൊണ്ട് പ്രകാശത്തെ നിയന്ത്രിക്കുന്ന വിദ്യ നേരത്തെത്തന്നെ ശാസ്ത്രജ്ഞര്‍ക്ക് അറിയാം.

ലോഹങ്ങളില്‍ എച്ചിങ് നടത്താന്‍ എളുപ്പമായതുകൊണ്ട് മുമ്പ് അവ ഉപയോഗിച്ച് സമാനമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും അവയിലെ പ്രകാശപ്രതിഫലനം അനുയോജ്യമായ തരത്തില്‍ ട്യൂണ്‍ചെയ്യാന്‍ സാധിച്ചിരുന്നില്ല. മറ്റു ചില പരീക്ഷണങ്ങളിലാവട്ടെ ഉപയോഗിച്ച പദാര്‍ഥങ്ങള്‍ ആവശ്യത്തിനു വഴക്കമുള്ളതും ആയിരുന്നില്ല. അര്‍ധചാലക പദാര്‍ഥമായ സിലിക്കണിന്റെ 120 നാനോമീറ്റര്‍ മാത്രം കനമുള്ള നേരിയ പാളിയിലെ എച്ചിങ്ങിലൂടെ കലിഫോര്‍ണിയ സര്‍വകലാശാലാ ഗവേഷകര്‍ക്ക് ഈ രണ്ടു തടസ്സവും മറികടക്കാന്‍ സാധിച്ചു. ഒരു സെന്റീമീറ്റര്‍ സമചതുരാകൃതിയിലാണ് നിറംമാറുന്ന സിലിക്കണ്‍ ശാസ്ത്രജ്ഞര്‍ സാധ്യമാക്കിയത്.

പ്രധാന വാർത്തകൾ
Top