Top
22
Monday, January 2018
About UsE-Paper

ആത്മാവ് വില്‍ക്കാത്ത ന്യായാധിപരുടെ കൂടെയാണ് ഞങ്ങള്‍: പി എ മുഹമ്മദ് റിയാസ്

Friday Jan 12, 2018
വെബ് ഡെസ്‌ക്‌

കൊച്ചി > രാജ്യത്തെ ഭരണഘടന സ്ഥാനങ്ങളെയാകെ ക്യാന്‍സര്‍ പോലെ ഗ്രസിച്ചു കൊണ്ടിരിയ്ക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ പരമോന്നത നീതി പീഠത്തേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്. ഇന്ത്യന്‍ ജനാതിപത്യ ചരിത്രത്തിലെ നിര്‍ണായക സംഭവവികാസമാണ് നാലു മുതിര്‍ന്ന സുപ്രീം കോടതി ന്യായാധിപര്‍ ഇന്നു നടത്തിയ പത്രസമ്മേളം, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളില്‍ വസ്തുതാപരമായ ഉന്നതതല അന്വേഷണം അത്യന്താപേക്ഷിതമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

'ആത്മാവ് വില്‍ക്കാത്ത ന്യായാധിപരുടെ കൂടെയാണ് ഞങ്ങള്‍'
                          പി എ  മുഹമ്മദ് റിയാസ്

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭവ വികാസമാണ് ഇന്ന് മുതിര്‍ന്ന സുപ്രീം കോടതി ന്യായാധിപന്‍ ജെ ചെലമെശ്വറിന്റെ ഡല്‍ഹി തുഗ്ലക്കാബാദിലുള്ള വസതിയില്‍ വച്ചു  നാലു മുതിര്‍ന്ന സുപ്രീം കോടതി ന്യായാധിപര്‍ നടത്തിയ പത്രസമ്മേളനം.

നിയമാവലികളെയും കീഴ്വഴക്കങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര  നിര്‍ണായകമായ കേസുകള്‍ തനിക്ക് ഇഷ്ടമുള്ള ജൂനിയര്‍ ജഡ്ജിമാരുടെ പരിഗണനയ്ക്കു വിട്ടു കൊടുക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് സുപ്രീം കോടതി കൊളീജിയം അംഗങ്ങള്‍ കൂടിയായ ന്യായാധിപര്‍ ആരോപിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായിട്ടുള്ള സൊറാബുദ്ധീന്‍ ഷെയ്ക്കിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസു പരിഗണിച്ചു കൊണ്ടിരിക്കേ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പ്രത്യേക സിബിഐ കോടതി ജഡ്ജ് ബിഎച്ച് ലോയയുടെ കേസുള്‍പ്പെടെ ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് പത്രസമ്മേനത്തില്‍ പങ്കെടുത്ത ന്യായാധിപര്‍ തുറന്നു പറഞ്ഞിരിക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഒരു മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട വിധിന്യായം സ്വാധീനിക്കാന്‍ താന്‍ അംഗമല്ലാതിരുന്ന ഒരു ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സ്വയം തീരുമാനിച്ച് പങ്കെടുത്തുവെന്ന അരോപണം ചില മുതിര്‍ന്ന അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു. ഈ തെറ്റായ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട്  രണ്ടു മാസം മുന്‍പ് ചീഫ് ജസ്റ്റിസിന് ഈ ന്യായാധിപര്‍ രേഖാമൂലം പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസുകളുടെ പരിഗണന ഏതു ബെഞ്ചുകളില്‍ വേണമെന്ന റോസ്റ്റര്‍ സമ്പ്രദായം താന്‍ മാത്രം തീരുമാനിക്കുമെന്ന നിഷേധാത്മക നിലപാടാണ് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടത്. ഇന്നു രാവിലെയും ന്യായാധിപര്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ഇതേ പ്രശ്‌നങ്ങള്‍ ഉന്നയിച്ചെങ്കില്ലും ഫലമുണ്ടായില്ല.
ഈ അവസരത്തിലാണ് പരസ്യ പ്രതികരണത്തിന് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, കുര്യന്‍ ജോസഫ്, മദന്‍ ലോക്കൂര്‍ നിര്‍ബന്ധിതരായത്.

രാജ്യത്തെ ഭരണഘടന സ്ഥാനങ്ങളെയാകെ ക്യാന്‍സര്‍ പോലെ ഗ്രസിച്ചു കൊണ്ടിരിയ്ക്കുന്ന സംഘപരിവാരത്തിന്റെ അപകടകരമായ അജണ്ടകള്‍ പരമോന്നത നീതി പീഠത്തേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളില്‍ വസ്തുതാപരമായ ഉന്നതതല അന്വേഷണം അത്യന്താപേക്ഷിതമാണ്.

Related News

കൂടുതൽ വാർത്തകൾ »