Top
23
Tuesday, January 2018
About UsE-Paper

'മനോരമയിലെ ജഡ്ജിയദ്ദേഹത്തിനു കണ്‍ഫ്യൂഷനായി' ; വ്യാജവാര്‍ത്തയ്ക്ക് എംഎ ബേബിയുടെ മറുപടി

Monday Apr 18, 2016
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ ഉണ്ടാക്കി ശവകുടീരം ആര്‍ട് ഇന്‍സ്റ്റലേഷനാണെന്ന് താന്‍ പറഞ്ഞതായി മനോരമ നല്‍കിയ വാര്‍ത്തയ്ക്ക് എംഎ ബേബിയുടെ മറുപടി. മനോരമ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വിമതന്‍ എന്ന പംക്തിക്കാണ് എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്. കൊച്ചിയിലെ പത്രസമ്മേളനത്തില്‍ ഞാന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് ഗീബല്‍സിയന്‍ രീതിയില്‍ മനോരമ ആവര്‍ത്തിക്കുന്നത് വിലപ്പോകാന്‍ പോകുന്നില്ല. മനോരമയെ നന്നാക്കാനല്ല ഞാന്‍ ഫേസ്ബുക്കില്‍ എഴുതിയത്. പക്ഷേ, ഞാന്‍ ഹാജരാക്കുന്ന സാക്ഷിമൊഴി തന്നെ എനിക്കെതിരാവുന്നു എന്നു പറയുന്ന മനോരമ ഒരു കാര്യത്തിന് ഉത്തരം പറയണം. എന്തേ നിങ്ങളുടെ ടിവി ചാനല്‍ ഞങ്ങളിങ്ങനെയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടേ ഇല്ല എന്നു പറഞ്ഞ് എനിക്ക് കത്തെഴുതി കൈകഴുകി? അവര്‍ എന്റെ കണ്‍ഫ്യൂഷനാക്കലില്‍ വീണുപോയോ? നിങ്ങളുടെ കള്ളം സ്വന്തം വീട്ടിലുള്ളവരെ വിശ്വസിപ്പിച്ചിട്ടു പോരേ, നാട്ടുകാരെ വിശ്വസിപ്പിക്കാനിറങ്ങുന്നതെന്നും എംഎ ബേബി ചോദിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

മലയാള മനോരമയിലെ ജഡ്ജിയദ്ദേഹത്തിനു കണ്‍ഫ്യൂഷനായി

മലയാള മനോരമയിലെ ജഡ്ജിയദ്ദേഹത്തിനു കണ്‍ഫ്യൂഷനായി എന്നാണ് ഇന്നു രാവിലെ ആഴ്ചക്കുറിപ്പുകളില്‍ വിമതന്‍ പറയുന്നത്. ഇങ്ങനെ സംശയമാകാതിരിക്കാനാണ് അമേരിക്കയില്‍ പോയ പോപ്പിന്‍റെ ഉപമ കൂടെ പറഞ്ഞുകൊണ്ട് ഞാനെഴുതിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പോപ്പ് ആദ്യം തന്നെ ചോദിച്ചത് ഇവിടെ നിശാ ക്ളബ്ബുകളുണ്ടോ എന്നാണ് എന്നു പറയുന്ന കഥയിലും, നിശാ ക്ളബ്ബ് എന്ന വാക്ക് പോപ്പ് പറയുന്നണ്ട്. അതിലെ പത്രക്കാരെ പോലെ തന്നെയാണ് വിക്ടോറിയ കോളേജിലെ ചില കുട്ടികള്‍ ഉണ്ടാക്കിയത് ആര്‍ട് ഇന്‍സ്റ്റലേഷനാണെന്ന് എം എ ബേബി പ്രഖ്യാപിച്ചു എന്നു മനോരമ വിളംബരം ചെയ്യുന്നത്.

അത് മനോരമയുടെ ഉമ്മന്‍ ചാണ്ടിയും പിന്നെ ആര്‍ എസ് എസുകാരും ഏറ്റെടുക്കുന്നുമുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ ഈ സംഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നത് ഞാന്‍ കണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് സ്വയംവിമര്‍ശനം അടക്കം ചര്‍ച്ച നടക്കട്ടെ എന്നുമാണ് ഞാന്‍ പറഞ്ഞത്. “ഈ ശവകുടീരം ഒരു ആര്‍ട് ഇന്‍സ്റ്റലേഷനാണ് എന്ന് ബേബി പറഞ്ഞു എന്നത് വസ്തുതകളുടെ തെറ്റായ അവതരണമാണ്.” എന്ന് പത്രസമ്മേളനത്തിലുണ്ടായിരുന്ന ഹിന്ദു ലേഖകന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞത് നിങ്ങള്‍ കണ്ടില്ല എന്നു നടിക്കുന്നു. നിങ്ങളുടെ കയ്യിലുള്ള പത്രസമ്മേളനം റിക്കോര്‍ഡ് ചെയ്തത് പരിശോധിച്ചാല്‍ നിങ്ങള്‍ക്കുമിതറിയാം.
കൊച്ചിയിലെ പത്രസമ്മേളനത്തില്‍ ഞാന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് ഗീബല്‍സിയന്‍ രീതിയില്‍ മനോരമ ആവര്‍ത്തിക്കുന്നത് വിലപ്പോകാന്‍ പോകുന്നില്ല.


മനോരമയെ നന്നാക്കാനല്ല ഞാന്‍ ഫേസ്ബുക്കില്‍ എഴുതിയത്. ബേബി അങ്ങനെ പറയണമായിരുന്നോ എന്നു ചില സുഹൃത്തുക്കള്‍ക്കും തോന്നി. അതു ചിലരെന്നോട് ഫോണിലും മറ്റും ചോദിക്കുകയും ചെയ്തു. അതുകൊണ്ടാണ് ആ വിശദീകരണമെഴുതിയത്. അല്ലാതെ മനോരമയെ നന്നാക്കിക്കളയാമെന്നോ കാഞ്ഞിരത്തിന്‍റെ കയ്പ് മാറ്റാമെന്നോ ഞാന്‍ വിചാരിക്കുന്നേയില്ല. മനോരമ എന്തു പറയുന്നു എന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. മനോരമയ്ക്ക് എന്തും പറയാം. അതെങ്ങനെ എടുക്കണമെന്നത് കേരളത്തിനുമറിയാം.


പക്ഷേ, ഞാന്‍ ഹാജരാക്കുന്ന സാക്ഷിമൊഴി തന്നെ എനിക്കെതിരാവുന്നു എന്നു പറയുന്ന മനോരമ ഒരു കാര്യത്തിന് ഉത്തരം പറയണം. എന്തേ നിങ്ങളുടെ ടിവി ചാനല്‍ ഞങ്ങളിങ്ങനെയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടേ ഇല്ല എന്നു പറഞ്ഞ് എനിക്ക് കത്തെഴുതി കൈകഴുകി? അവര്‍ എന്റെ കണ്‍ഫ്യൂഷനാക്കലില്‍ വീണുപോയോ? നിങ്ങളുടെ കള്ളം സ്വന്തം വീട്ടിലുള്ളവരെ വിശ്വസിപ്പിച്ചിട്ടു പോരേ, നാട്ടുകാരെ വിശ്വസിപ്പിക്കാനിറങ്ങുന്നത്?
ഒരു കാര്യം കൂടെ പറഞ്ഞ് ഞാനിതവസാനിപ്പിക്കാം. ഇതിനെക്കാളും രൂക്ഷമായ ഒരു പ്രത്യാക്രമണമാണ് വിമതനില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചത്. എന്തായാലും വ്യക്തിപരമായ അധിക്ഷേപമോ പരിഹാസമോ ഇന്നത്തെ ആഴ്ചക്കുറിപ്പുകളില്‍ പ്രതീക്ഷിച്ചത്ര ഇല്ല. അന്തസ്സാരശൂന്യമായ വിദ്വേഷപ്രകടനമല്ലാതെ കഴമ്പുള്ള ഒരു വിമര്‍ശനവും മനോരമയില്‍ നിന്നുണ്ടാവാറുമില്ല.
 

Related News

കൂടുതൽ വാർത്തകൾ »