Top
19
Monday, February 2018
About UsE-Paper

സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അല്ല മദ്യപാനം; ഓണാഘോഷ പരിപാടിക്കിടെ അസഭ്യം പറഞ്ഞയാളെ വിമര്‍ശിച്ച് ഗായിക സിത്താര

Friday Sep 8, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അല്ല മദ്യപാനമെന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍. തൃശൂരില്‍  ഓണാഘോഷ പരിപാടിക്കിടെ തന്നെ അസഭ്യം പറഞ്ഞയാളെ വിമര്‍ശിച്ചാണ്  സിത്താരയുടെ പ്രതികരണം.

തൃശൂരില്‍ ഓണാഘോഷ പരിപാടിക്കിടെ ഗാനം ആലിപിക്കവെ മദ്യപിച്ച് ലക്കുകെട്ട ആള്‍ അസഭ്യം പറഞ്ഞതുമായി ബന്ധപെട്ട സംഭവവികാസങ്ങള്‍ ഫേസ്ബുക്കിലൂടെ സിത്താര തന്നെയാണ് പുറത്തുവിട്ടത്.  ഓണാഘോഷപരിപാടിയില്‍ പാടുന്നതിനിടയില്‍ സ്റ്റേജിന് മുന്‍നിരയില്‍ വന്നിരുന്ന് ഒരാള്‍ സിതാരയുടെ മുഖത്തുനോക്കി അസഭ്യം പറയുകയായിരുന്നു. സംഭവം സിതാര ആദ്യം അവഗണിച്ചെങ്കിലും പിന്നീട് ഇതിനെതിരെ സദസ്സിനോട് പ്രതികരിച്ചു.

എന്നാല്‍ സ്റ്റേജില്‍നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കരുതെന്നും കള്ളുകുടിയന്റെ വാക്കുകള്‍ക്ക് വില നല്‍കേണ്ടെന്നുമായിരുന്നു ഗായികയോട് നാട്ടുകാരുടെ പ്രതികരണം.

സിത്താരയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നിതാ തൃശ്ശൂര് dtpc  സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ !! ഞാനും എൻറെ കൂട്ടുകാരും അവിടെ പാടി ! പൂർണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകൾ , കരുതലോടെ പെരുമാറിയ സംഘാടകർ എല്ലാവർക്കും ഒരു കുന്ന് സ്നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യൻ മുൻ വരികളിൽ ഒന്നിൽ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് !!പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങൾ സ്ത്രീകളെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ എനിക്കപ്പോൾ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികൾ , ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഇരിക്കെയാണ് സധെെര്യം ഒരാൾ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യൻ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് 'എടീ പോടീ ' വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് !! ഞാൻ പറഞ്ഞ വാക്കുകളിൽ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാർ അടുത്ത് വന്നു... ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം !! കുട്ട്യോളെ ഈ നാടെന്നല്ല ലോകം മുഴുവൻ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം ! ആ മനുഷ്യൻറെ ധാർഷ്ട്യത്തൊട് മാത്രമാണ് എൻറെ കലഹം ! ഇത്തരം ആളുകൾ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവിൽ ആളുകൾ ഉപദേശവും തരുന്നു '' സ്റ്റേജിൽ നിൽക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ !!'' സഹജീവികളോട് വ്യത്തികേട് പ്രവർത്തിക്കാനുള്ള licence അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കെെമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു !