22 September Saturday

'സാധനം കയ്യിലുണ്ടോ?'; ഉണ്ടെങ്കില്‍ അത് പ്രളയബാധിതര്‍ക്ക് എത്തിക്കാന്‍ ഞങ്ങള്‍ തയ്യാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

കൊച്ചി > പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് എന്തെങ്കിലും നല്‍കാന്‍ ആഗ്രഹിച്ചിട്ടും അത് എത്തിച്ചു നല്‍കാന്‍ പറ്റാത്തവരാണോ നിങ്ങള്‍. എങ്കില്‍ ഇനി വിഷമിക്കണ്ട അതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് 'കൂടൊരുക്കാം' കൂട്ടായ്‌മ.

പുതിയതോ, അല്ലെങ്കില്‍ അധികം ഉപയോഗിക്കാത്തതോ ആയ വസ്തുക്കളാണ് കൂട്ടായ്‌മ  ശേഖരിച്ച് വിതരണം നടത്തുക. സാധനവും കൊണ്ട് നിങ്ങള്‍ എങ്ങും പോകേണ്ട ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. സാധനം കൊടുക്കാന്‍ തയ്യാറാണെങ്കില്‍ ഡെലിവറി അടക്കുമുള്ള കാര്യങ്ങള്‍ കൂട്ടായ്മ ചെയ്യും. ഇതിനായി പ്രത്യേക വെബ്‌സൈറ്റ് വരെ തയ്യാറാക്കി കഴിഞ്ഞു.

കൂട്ടായ്‌മയുടെ  ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം;


'സാധനം കയ്യിലുണ്ടോ!?'

ഉണ്ടോ? വീട്ടിലുണ്ടോ? ഒരു തേപ്പുപെട്ടി? ഒരു ഫാന്‍? അല്ലെങ്കില്‍ കുറച്ച് പാത്രങ്ങള്‍? ചെറിയ സ്റ്റൂളോ, കസേരയോ? ഒരു അലമാരയോ മറ്റോ?

ഒന്ന് മനസ്സിരുത്തി എത്തി നോക്കിയാലറിയാം, എന്തൊക്കെ സാധനങ്ങളാണ് നമ്മുടെ വീട്ടില്‍ അത്യാവശ്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ നമ്മള്‍ വാങ്ങികൂട്ടിയത്. ചിലതൊക്കെ 'ഉപ്പെടുത്താല്‍ കപ്പ് ഫ്രീ' മട്ടില്‍ വന്നു കയറിയതും ആകാം.

ഇതൊക്കെ ഇങ്ങനെ പൊടി പിടിച്ച് കിടന്നാല്‍ മതിയോ? വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?

ഓ, കൊടുക്കണം എന്നൊക്കെ ഉണ്ടെടാ ഉവ്വേ;
1) പക്ഷേ, എവിടെ ആര്‍ക്ക് കൊടുക്കണം എന്നറിയില്ല.
2) പക്ഷേ, അത്രടം വരെ ഇതും താങ്ങി പോകണ്ടേ. വയ്യ.
3) പക്ഷേ, ഇതൊക്കെ കിട്ടേണ്ടവര്‍ക്ക് തന്നെ കിട്ടുമെന്ന് എന്താണുറപ്പ്?

അങ്ങനെ കുറെ 'പക്ഷേ'കള്‍. ഇനി ആ പക്ഷേകള്‍ ഒക്കെ മറന്നേക്കുക. പിള്ളേര്‍ പുതിയ വെബ്‌സൈറ്റും കൊണ്ട് വന്നിട്ടുണ്ട്. നിങ്ങള്‍ സാധനം തരാന്‍ റെഡിയാണെങ്കില്‍ koodorukkam.in/വരെ ഒന്നു പോയി അവിടെ ആ വിവരം ഒന്ന് ചേര്‍ക്കുക. വളന്റീര്‍മാര്‍ ആവശ്യക്കാരെ (അത്യാവശ്യക്കാരെ എന്ന് വായിക്കുക) കണ്ടു പിടിച്ച് എത്തിച്ചോളും. പിക്കപ്പ് ഫ്രീ, ഡെലിവറി ഫ്രീ. സാധനവും ഫ്രീയായിരിക്കണം കേട്ടോ! ഇപ്പൊ തല്‍ക്കാലം കേരളത്തില്‍ മാത്രമേ പിക്കപ്പ് സര്‍വീസ് ഉള്ളു.

ഇതില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ സാധനങ്ങളും എവിടെ എത്തി, ആര്‍ക്ക് കൊടുത്തു എന്ന് സുതാര്യമായി വെബ്‌സൈറ്റില്‍ തന്നെ ചേര്‍ക്കും (വ്യക്തിഗത സ്വകാര്യത സംരക്ഷിച്ചുകൊണ്ടു തന്നെ). ഇത് ഞങ്ങളുടെ വാക്ക്.

'ശോശാമ്മേ, ആ ചളുങ്ങിയ ഇഡ്ഡലിപ്പാത്രം ഇങ്ങെടുത്തേ, ദാ പിള്ളാര്‍ക്ക് കൊടുത്ത് ഒഴിവാക്കാം'ഉണ്ട! അതങ്ങ് കയ്യില്‍ വച്ചാ മതി മാത്തുക്കുട്ടിച്ചായാ. ആ വേല ഇങ്ങോട്ടെടുക്കണ്ട. ഒന്നില്ലേല്‍ പുതിയത്, അല്ലെങ്കില്‍ അധികം ഉപയോഗിക്കാത്ത, പുതിയത് പോലെ ഉള്ളത് മാത്രം! വാങ്ങുന്നവരും മനുഷ്യരാണ് ഹേ!

എന്ത്! ബാംഗ്ലൂരില്‍ നിന്നും, ചെന്നൈയില്‍ നിന്നും ഒക്കെ അയക്കാന്‍ റെഡി ആണെന്നോ? മുത്താണ് നിങ്ങള്‍. വെബ്‌സൈറ്റില്‍ എഴുതാമോ? നമ്മുടെ പിള്ളേര്‍ വിളിക്കും!

അപ്പൊ മറക്കണ്ട: https://koodorukkam.in/


പ്രധാന വാർത്തകൾ
Top