പദ്ധതിച്ചെലവ് പകുതിയിലും താഴെ

Monday Mar 28, 2016
ജി രാജേഷ് കുമാര്‍

സംസ്ഥാനചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പദ്ധതിനിര്‍വഹണമാണ് പോയ വര്‍ഷത്തേത് ; 47 ശതമാനം

തിരുവനന്തപുരം > സംസ്ഥാനചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പദ്ധതിനിര്‍വഹണമാണ് ഈ സാമ്പത്തികവര്‍ഷം ഉണ്ടായതെന്ന് ട്രഷറിവകുപ്പിന്റെ കണക്കുകള്‍. 41.16 ശതമാനം മാത്രമാണ് പദ്ധതിച്ചെലവെന്നാണ് ട്രഷറിവകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി 26 വരെ വാര്‍ഷികപദ്ധതിയുടെ 64.31 ശതമാനം തുക ചെലവിട്ടെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അവകാശം പൂര്‍ണമായും തള്ളിക്കളയുന്നതാണ് ട്രഷറിവകുപ്പിന്റെ ഈ കണക്ക്. ധനവകുപ്പിന്റെ കണക്കും ട്രഷറിവകുപ്പിന്റെ കണക്കും തമ്മിലുള്ള അന്തരം 23.14 ശതമാനമാണ്. ഇത് തികഞ്ഞ സാമ്പത്തിക അരാജകത്വത്തിന്റെ സൂചനകൂടിയാണ്.

പതിനയ്യായിരത്തിഇരുനൂറു കോടി രൂപയുടെ സംസ്ഥാന പദ്ധതിയില്‍ ചെലവ് 6259.05 കോടി രൂപമാത്രം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ധന കമീഷന്‍ ഈ സാമ്പത്തികവര്‍ഷം അനുവദിച്ച പദ്ധതിവിഹിതം 4800 കോടി രൂപ. ചെലവ് 2787.92 കോടി രൂപ മാത്രമാണെന്ന് ധനവകുപ്പും ട്രഷറി വകുപ്പും സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ആസൂത്രണ ബോര്‍ഡിനും എതിരഭിപ്രായമില്ല. 20,000 കോടി രൂപയുടെ വാര്‍ഷികപദ്ധതി പ്രഖ്യാപിച്ച് വലിയ കൈയടിയാണ് ധനമന്ത്രിയും സര്‍ക്കാരും നേടിയത്. പ്രഖ്യാപനവും യാഥാര്‍ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നത് സര്‍ക്കാരിന്റെ ട്രഷറിവകുപ്പും.

കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 7720.32 കോടി രൂപയുടെ സഹായം അനുവദിച്ചു. ട്രഷറി കണക്കനുസരിച്ച് ചെലവഴിച്ചത് 3906.14 കോടി രൂപ. ആസൂത്രണ ബോര്‍ഡിന്റെ കണക്കില്‍, വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ടപ്പോള്‍ ചെലവ് 3288.14 കോടിമാത്രം. 618 കോടി രൂപയുടെ കുറവ്. സര്‍ക്കാരിന്റെയും ആസൂത്രണ ബോര്‍ഡിന്റെയും കണക്കുകളെല്ലാം തെറ്റാണെന്നാണ് ട്രഷറിവകുപ്പ് വ്യക്തമാക്കുന്നത്. ട്രഷറിയില്‍നിന്നുള്ള എല്ലാ ചെലവുകളും അവസാനിപ്പിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും പണം ലഭിക്കണമെങ്കില്‍ പുതിയ സാമ്പത്തികവര്‍ഷം തുടങ്ങണം.

നികുതിപിരിവ് സംവിധാനത്തില്‍ തകര്‍ച്ചയുടെ സൂചനകളാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ
റിപ്പോര്‍ട്ടുകളില്‍ നിരത്തുന്നത്. കൃത്യമായ റിട്ടേണ്‍ സമര്‍പ്പിക്കുന്ന കച്ചവടക്കാരുടെ എണ്ണം കുറയുന്നു.
നല്‍കിയ റിട്ടേണുകളില്‍ ബഹുഭൂരിപക്ഷത്തിലും പരിശോധനയില്ല. പരിശോധനയിലൂടെയുള്ള
അധികവരുമാനവും നാമമാത്രം. നികുതി അടയ്ക്കാത്തവര്‍ക്കെതിരായ റവന്യൂ റിക്കവറിയില്ല. സര്‍ക്കാര്‍ സ്റ്റേയും കോടതിക്കേസുകളും അപ്പീല്‍ താമസവുമെല്ലാം റവന്യൂ റിക്കവറിക്ക് തടസ്സമാകുന്നു. സിഎജിയുടെ
കണക്കുപ്രകാരം 20,000 കോടി രൂപയുടെ നികുതി ചോര്‍ച്ചയുണ്ട്. സംശയത്തിന്റെ ആനുകൂല്യമുള്ളവരെ
മാറ്റിനിര്‍ത്തിയാല്‍ത്തന്നെ 12,000 രൂപയുടെ നികുതി പിരിച്ചെടുക്കേണ്ടതുണ്ട്.  ഇതിന് സര്‍ക്കാര്‍ തയ്യാറായില്ല.

കേന്ദ്രാവിഷ്കൃത പദ്ധതി ഉള്‍പ്പെടെ 27720.32
കോടി രൂപയുടെ വാര്‍ഷികപദ്ധതിക്കാണ്
മന്ത്രിസഭ അംഗീകാരം നല്‍കിയത്. 15851.55 കോടി
ചെലവഴിച്ചുവെന്നാണ് വകുപ്പുകളുടെ കണക്ക്. 57.18
ശതമാനം. ട്രഷറികളില്‍നിന്നുള്ള കണക്ക് അനുസരിച്ച്
ചെലവ് 12951.11 കോടി രൂപമാത്രം. 46.72 ശതമാനം.
ധനവകുപ്പിന്റെയും ട്രഷറിവകുപ്പിന്റെയും കണക്കില്‍
10.46 ശതമാനത്തിന്റെ അന്തരമുണ്ട്


# അഞ്ചുവകുപ്പുകളില്‍ 50 ശതമാനത്തില്‍ താഴെയാണ് ചെലവെന്ന് ധനവകുപ്പുതന്നെ സമ്മതിക്കുന്നു.
വികസന വായ്ത്താരി മുഴക്കുന്ന മുഖ്യമന്ത്രിയുടെയും ആസൂത്രണ, ഗ്രാമവികസന മന്ത്രിയുടെയും വകുപ്പുകളാണ് പദ്ധതിപ്പണം ചെലവഴിക്കുന്നതില്‍ ഏറ്റവും
പിന്നില്‍. മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ക്ക് അനുവദിച്ച 152.81 കോടിയില്‍ ചെലവിട്ടത് 76.29 കോടി. 49 ശമാനം. ആസൂത്രണ, ഗ്രാമവികസന മന്ത്രി കെ സി ജോസഫിന്റെ വകുപ്പുകള്‍ക്ക് അനുവദിച്ചത് 2084.95 കോടി രൂപ. ചെലവ് 283.61 കോടിയും. 13.6 ശതമാനം.


കഴിഞ്ഞവര്‍ഷം ലാപ്സാക്കിയത് പതിനായിരം കോടി രൂപ.  നടപ്പുവര്‍ഷത്തില്‍ പാഴാക്കാന്‍പോകുന്നത് പതിനേഴായിരം കോടി രൂപ.
രണ്ടുവര്‍ഷംകൊണ്ട് നടപ്പാകാതെ പോകുന്നത് 27,000 കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍.

* കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ടിന് 2000 കോടി രൂപ വകയിരുത്തിയതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനം. ഈ തുക മൂലധനമായി ഉപയോഗപ്പെടുത്തി 25,000 കോടി രൂപ ബോണ്ടിറക്കി സമാഹരിക്കുമെന്ന് പറഞ്ഞു. ഒരുപൈസ ഫണ്ടിലേക്ക് നല്‍കിയിട്ടില്ല. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുമില്ല. 1931 കോടിയുടെ അധികച്ചെലവ് പ്രഖ്യാപിച്ചിട്ട് ഒരിനത്തില്‍മാത്രം രണ്ടായിരം കോടി രൂപ നല്‍കുന്നത് എങ്ങനെയെന്ന് വ്യക്തവുമല്ല
* കൃഷിക്കായി വാരിക്കോരി നല്‍കിയ ഗീര്‍വാണങ്ങളൊന്നും നടന്നില്ല. റബര്‍ സംഭരണത്തിന് കഴിഞ്ഞ ബജറ്റില്‍ 300 കോടിയും പിന്നീട് 200 കോടിയും അനുവദിച്ചു. ചെലവാക്കിയത് 92 കോടി. നെല്ലുസംഭരണത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ പണം നല്‍കാന്‍ 300 കോടി വകയിരുത്തി. ആറുമാസം കഴിഞ്ഞാണ് കുറച്ചുപേര്‍ക്കെങ്കിലും
പണം കിട്ടിയത്
* കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പയ്ക്കായി 125 കോടി വകയിരുത്തി. പദ്ധതി ആരംഭിച്ചില്ല
* നീരയ്ക്ക് മൊത്തത്തില്‍ 30 കോടി പ്രഖ്യാപിച്ചു. പതിനാലില്‍ രണ്ടുകമ്പനികള്‍ക്കു മാത്രമാണ് ധനസഹായം കിട്ടിയത്
* കാര്‍ഷിക സംസ്കരണവ്യവസായങ്ങള്‍ക്കുള്ള സബ്സിഡിയായി 20 കോടി, സുഗന്ധവ്യഞ്ജന കൃഷിക്ക് 20 കോടി. ഇവയൊന്നും
യാഥാര്‍ഥ്യമായില്ല
* എല്ലാവര്‍ക്കും വീട് പദ്ധതി അപഹാസ്യമായി. ഐഎവൈ വഴി ഏതാണ്ട് 55,000 വീട് ഒരുവര്‍ഷം വാഗ്ദാനം ചെയ്തു. വീടൊന്നിന് അധികമായി പഞ്ചായത്തുകള്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നുപറഞ്ഞത് നടപ്പാക്കാന്‍ പറ്റാത്തതിനാല്‍ പദ്ധതി പൊളിഞ്ഞു. ഹൌസിങ് ഫണ്ടിന് 162 കോടിയും സംയോജിത ഭവനപദ്ധതിയില്‍ 180 കോടിയും പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും ഓരോ വീടുവീതം നല്‍കാന്‍ 110 കോടിയും ഗൃഹശ്രീ ഹൌസിങ് പദ്ധതിക്ക് 10 കോടിയും ആണ് വകയിരുത്തിയത്. ഇതിന് പണം കണ്ടെത്താന്‍ ലിറ്ററിന് ഒരുരൂപ പെട്രോളിന് സെസും ഏര്‍പ്പെടുത്തി. 482 കോടി പിരിഞ്ഞത് വക മാറ്റി. ഒരു സ്കീമും നടപ്പായില്ല
* കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ, കോംപ്രിഹെന്‍സീവ് മിഷന്‍ ഓണ്‍ എംപ്ളോയ്മെന്റ് ജനറേഷന്‍ 25 കോടി, സ്റ്റാര്‍ട്ട് അപ്പ് പെര്‍ഫോമന്‍സ് ലിങ്ക്ഡ് സപ്പോര്‍ട്ട് സ്കീം 22 കോടി, യുവാക്കളുടെ സ്വയംതൊഴില്‍സംരംഭങ്ങള്‍ക്ക് അമ്പതുകോടി രൂപ, എല്‍ഡര്‍ സിറ്റിസണ്‍സ് കെയര്‍ പ്രോഗ്രാമിന് 50 കോടി ഇങ്ങനെ നീളുന്നു പ്രഖ്യാപനപ്പട്ടിക
* സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിക്ക് 500 കോടി വകയിരുത്തി. ജനുവരി അവസാനമാണ്
ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശംപോലും
പുറത്തിറങ്ങിയത്

ധനസ്ഥിതി അട്ടിമറിച്ചു

സുസ്ഥിരവും വികസനോന്മുഖവുമായ ധനസ്ഥിതി അഞ്ചുവര്‍ഷത്തിനുള്ളില്‍ അട്ടിമറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് 1.86 ശതമാനമായിരുന്ന ശരാശരി റവന്യൂ കമ്മി. 2012–12/2014 കാലത്തില്‍ 2.59 ശതമാനമായി ഉയര്‍ന്നു. ധനകമ്മി 3.09 ശതമാനത്തില്‍നിന്ന് 3.95 ശതമാനമായി ഉയര്‍ന്നു.

* 2011–12ല്‍ ബജറ്റില്‍ 5534 കോടി രൂപ റവന്യൂ കമ്മിയായി കണക്കുകൂട്ടി. യാഥാര്‍ഥ്യം 8034 കോടിയും.
* 2012–13ല്‍ ബജറ്റില്‍ പറഞ്ഞ 3464 കോടി രൂപയുടെ കമ്മി 9351 കോടിയിലെത്തി. മൂന്നുമടങ്ങ് വര്‍ധന.
* 2013–14ല്‍ റവന്യൂ കമ്മി 1202 രൂപയായിരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞു. കമ്മി പത്തുമടങ്ങ് വര്‍ധിച്ച് 11,308 കോടിയിലെത്തി.
* 2014–15 ബജറ്റില്‍ കമ്മി 7132 കോടിയായി ഉയര്‍ത്തി. സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ കമ്മി സര്‍വകാല റെക്കോഡിലെത്തി. 12,916 കോടി രൂപ.
* യുഡിഎഫ് ഭരണത്തിന്റെ എല്ലാ വര്‍ഷവും റവന്യൂ കമ്മി നാലു ശതമാനത്തോളമായി. അനുവദനീയമായ ധനകമ്മി മൂന്നു ശതമാനമാണ്. എന്നാല്‍, എല്ലാവര്‍ഷവും ഇത് ശരാശരി നാലു ശതമാനമായിരുന്നു.

കേരള രൂപീകരണത്തിനുശേഷമുള്ള എല്ലാ നേട്ടങ്ങളെയും തകര്‍ക്കുന്ന സാമ്പത്തിക നയങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. വികസനവും കരുതലുമെന്ന പേരില്‍ ജനങ്ങളെയാകെ കബളിപ്പിച്ചു. ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം പതിറ്റാണ്ടുകള്‍ക്കു പിന്നിലോട്ട് നാടിനെ നയിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

കടം വാങ്ങി സ്വന്തം ചെലവ് നടത്തുകയെന്ന നയമാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 1956 മുതല്‍ 2011 വരെയുള്ള 65 വര്‍ഷം കേരളത്തിനുണ്ടായ പൊതുകടം കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഇരട്ടിയായി. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പൊതുകടം 78,673.24 കോടി രൂപ. ഇപ്പോഴത് 1,59,350 കോടിയായി. 80,677 കോടി രൂപയുടെ വര്‍ധന.
നാലുവര്‍ഷത്തില്‍ പ്രതിവര്‍ഷം 8412.48 കോടി രൂപയുടെ അധിക നികുതി അടിച്ചേല്‍പ്പിച്ചിട്ടാണ് ഈ സ്ഥിതി. അടുത്ത അഞ്ചുവര്‍ഷത്തില്‍ പലിശ ഉള്‍പ്പെടെ തിരിച്ചടയ്ക്കേണ്ടത് 57,000 കോടി രൂപയും.
നികുതി പിരിവിലെ കുറവും, നികുതി നടപടികള്‍ക്ക് നല്‍കിയ അനാവശ്യ സ്റ്റേകളും, ധൂര്‍ത്തുമാണ് സംസ്ഥാനത്തെ സാമ്പത്തിക കെണിയിലേക്ക് എത്തിച്ചത്. അഞ്ചുവര്‍ഷത്തില്‍ 1.91 ലക്ഷം കോടി രൂപയുടെ നികുതി സമാഹരണം ലക്ഷ്യമിട്ടു. പിരിച്ചത് 1.61 ലക്ഷം കോടിയും. അഴിമതിരഹിത വാളയാര്‍ തുടങ്ങിയ പദ്ധതികളെല്ലാം അട്ടിമറിച്ചു.
നികുതിവെട്ടിപ്പിന് എല്ലാ സഹായവുമൊരുക്കി. ഒന്നിലധികം വകുപ്പുകളുടെ ചുമതല ഒരേ ഉദ്യോഗസ്ഥന് നല്‍കിയതിലൂടെ ഭരണത്തിലെ കാര്യക്ഷമത ഇല്ലാതാക്കി. ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചു. എമര്‍ജിങ് കേരളയുടെ പേരില്‍ കോടികള്‍ പൊടിച്ചു.

അരാജകനയം

ധനദൃഢീകരണം വേണ്ടെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വത്തിലേക്കാണ് നയിച്ചത്. ആഴ്ചതോറും അല്ലാതെയും ചേരുന്ന മന്ത്രിസഭായോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ചുള്ള ചെലവുകളാണ് സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിച്ചത്.

* അനാവശ്യ ചെലവ് ചുരുക്കാന്‍  സര്‍ക്കാര്‍
തയ്യാറായില്ല.
* റവന്യൂ ചെലവ് വര്‍ധിച്ചു.
* ജനക്ഷേമ ചെലവുകളില്‍ മരവിപ്പായി.
* ക്ഷേമ പെന്‍ഷനുകള്‍ വീണ്ടും കുടിശ്ശികയാക്കി.
* പൊതുവിതരണം സ്തംഭിച്ചു.
* മത്സ്യത്തൊഴിലാളി കടാശ്വാസം വേണ്ടെന്നുവച്ചു.
* കാര്‍ഷിക സംഭരണ പരിപാടികള്‍ അട്ടത്തായി.
* വര്‍ധിക്കുന്ന ചെലവിന് അനുസരിച്ച് വരുമാനം വര്‍ധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
* 2013–14ല്‍ 38,771 രൂപ വരുമാനം ലക്ഷ്യമിട്ടു. പിരിച്ചത് 31,995 കോടി. 18 ശതമാനം കുറവ്.
* 2014–15ല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി. 46,557 കോടി ലക്ഷ്യമിട്ടിടത്ത് പിരിവ് 34,226 കോടി രൂപയും. 27 ശതമാനം കുറവ്.
* എല്‍ഡിഎഫ് ഭരണകാലത്ത് നികുതി വരുമാനവര്‍ധന 18 ശതമാനംവരെ ഉയര്‍ന്നു. ഇപ്പോള്‍ 7.9 ശതമാനംവരെയാണ് നികുതി വളര്‍ച്ചനിരക്ക്.
* കേന്ദ്രസഹായം 12 ശതമാനം വളര്‍ച്ചയില്‍നിന്ന് 20 ശതമാനംവരെയെത്തിയെങ്കിലും സാമ്പത്തികപ്രതിസന്ധി അതീവഗുരുതരമായി.
* യുഡിഎഫ് സര്‍ക്കാര്‍ വാറ്റ് നികുതി നിരക്കുകള്‍ ശരാശരി 20 ശതമാനം വര്‍ധിപ്പിച്ചു.
* എല്ലാ ബജറ്റിലും മദ്യത്തിന്റെ നികുതി കൂട്ടി. തുണിക്കും നികുതി ഏര്‍പ്പെടുത്തി. എന്നിട്ടും നികുതിപിരിവ് മന്ദഗതിയിലായി.
* കെടുകാര്യസ്ഥതയും അഴിമതിയുംമൂലമുള്ള നികുതിചോര്‍ച്ചയുണ്ടായി
* നികുതിഭരണത്തിന്റെ സര്‍വതലത്തിലും മന്ത്രി ഓഫീസ് മുതല്‍ വിവിധ തട്ടുകളിലെ നേതാക്കള്‍ ഇടപെട്ടു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ നിഷ്ക്രിയരായി. അല്ലാതുള്ളവര്‍ കൈയിട്ടുവാരാനുള്ള അവസരം ഉപയോഗിച്ചു.
* നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കുവേണ്ടി സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതിലൂടെ രജിസ്ട്രേഷന്‍ വരുമാനം കുറഞ്ഞു.