ആദ്യ പ്രസംഗം നിയമസഭയില്‍

Monday Mar 28, 2016

തൃശൂര്‍ > ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പുയോഗം ബഹിഷ്‌കരിച്ചതും ആദ്യ നിയസമസഭാ പ്രസംഗവുമാണ് തെരഞ്ഞെടുപ്പ് ഓര്‍മ ചികയുമ്പോള്‍ പഴയ ജനതാപാര്‍ടി നേതാവ് കെ ജെ ജോര്‍ജിന്റെ മനസ്സിലെത്തുന്നത്. നാല്നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചതും മൂന്നുതവണ വിജയിച്ചതും പറയുമ്പോള്‍  എണ്‍പത്തിരണ്ടിന്റെ അവശതയിലും ആവേശം.
'പലര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. ദീര്‍ഘകാലം രാഷ്ട്രീയത്തിലുണ്ടായിട്ടും എനിക്ക് പ്രസംഗിക്കാന്‍ കഴിയില്ലായിരുന്നു.

1950കളില്‍ ആദ്യമായി പൊതുരംഗത്തുവന്ന ഞാന്‍ 1977ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ മൈക്കിന് മുന്നില്‍നിന്ന് പ്രസംഗിച്ചിട്ടില്ല. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ എന്റെ പേരു വിളിച്ചു. ഞാന്‍ വിറച്ചു. എന്നാല്‍, ബൂത്ത് യോഗത്തില്‍പ്പോലും പ്രസംഗിക്കാത്ത എന്റെ ആദ്യപ്രസംഗം എന്നെത്തന്നെ അത്ഭുതപ്പെടുത്തി. പന്ത്രണ്ടു വര്‍ഷത്തോളം  എംഎല്‍എ ആയിരിക്കെ പല പ്രസംഗങ്ങളും നിയമസഭയില്‍ നടത്തി. എന്നാല്‍, നാട്ടുകാര്‍ കാര്യമായി എന്റെ പ്രസംഗം ഇതുവരെ കേട്ടിട്ടില്ലെന്നതാണ് രസകരം''– ജോര്‍ജ് പറഞ്ഞു.

ജനതാപാര്‍ടി സ്ഥാനാര്‍ഥിയായി വിജയിച്ചതെല്ലാം സിപിഐ എം പിന്തുണയോടെയാണ്. മുന്നണിയില്‍ ഇല്ലാതിരുന്നതിനാല്‍ ഒരിക്കല്‍മാത്രം ഇടതുപക്ഷത്തിനെതിരെ മത്സരിച്ചു. അന്ന് തോറ്റു. 1980ല്‍ ആണത്. കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥിയായി തൃശൂര്‍ മണ്ഡലത്തിലായിരുന്നു ഇടതുപക്ഷത്തിനെതിരായ മത്സരം. അന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസിനുവേണ്ടി കേരളത്തില്‍ പ്രചാരണത്തിനെത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇന്ദിര ഗാന്ധി പ്രസംഗിച്ചത് പുലര്‍ച്ചെയാണ്. എന്നാല്‍, ഇന്ദിരവിരോധം മൂലം സ്ഥാനാര്‍ഥിയായ ഞാന്‍ പൊതുയോഗത്തില്‍ പങ്കെടുത്തില്ല. അതിന്റെ വിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ എനിക്ക് വോട്ട് ചെയ്തില്ല. ഞാന്‍ എട്ടുനിലയില്‍ പൊട്ടി'– ജോര്‍ജില്‍ സ്മരണകള്‍ ഉണര്‍ന്നു.

1962 മുതല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തൃശൂര്‍ നഗരസഭാകൌണ്‍സിലറായ കെ ജെ ജോര്‍ജ് 1969 മുതല്‍ 1976 വരെ സംഘടന കോണ്‍ഗ്രസിലായിരുന്നു. ജനതാപാര്‍ടി രൂപീകരിച്ചപ്പോള്‍ 1977ല്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായി.

കെ ജെ ജോര്‍ജ് 1977ല്‍ ജനതാപാര്‍ടി സ്ഥാനാര്‍ഥിയായി തൃശൂരില്‍നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 80ല്‍ തോറ്റു. 82ല്‍ സിപിഐ എം പിന്തുണയോടെ ചാലക്കുടിയില്‍ മത്സരിച്ചുജയിച്ചു. 1987ല്‍  ചാലക്കുടിയില്‍ വിജയിച്ചു.