ബിജെപിയില്‍ അടി ;യുഡിഎഫില്‍ കൂട്ടക്കുഴപ്പം

Monday Mar 21, 2016
വേണു കെ ആലത്തൂര്‍

പാലക്കാട് > പാലക്കാട് ജില്ലയില്‍ യുഡിഎഫില്‍ കൂട്ടക്കുഴപ്പമാണ്. നിലവില്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന ആലത്തൂര്‍, തരൂര്‍, നെന്മാറ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, ഇത് അനുവദിക്കില്ലെന്ന് മാണികോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജേക്കബ്  വിഭാഗവും പറയുന്നു. തരൂരിന് പകരം മധ്യകേരളത്തില്‍ സീറ്റ് വേണമെന്നതാണ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം. ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിലും തര്‍ക്കം രൂക്ഷമാണ്. പല പഴയമുഖങ്ങളും മാറണമെന്ന ആവശ്യവും ചിറ്റൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയം സങ്കീര്‍ണമാക്കുന്നു.

ബിജെപി നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന പാലക്കാട് നഗരസഭ ഉള്‍ക്കൊള്ളുന്ന പാലക്കാട് മണ്ഡലത്തില്‍ ബിജെപി മൂന്നാംസ്ഥാനത്തുതന്നെയാണ്്. അവര്‍ പ്രധാന മണ്ഡലമായി കാണുന്ന പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ബിജെപിയില്‍ കലഹവും തുടങ്ങി. ശോഭ സുരേന്ദ്രനെയാണ് ഇവിടെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടെ അവരുടെ ഗ്രൂപ്പിസം മറനീക്കി. ഇതേ തുടര്‍ന്നുണ്ടായ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല.

അതേസമയം, എല്‍ഡിഎഫ് ആത്മവിശ്വാസത്തോടെയാണ് പ്രചാരണത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അഞ്ചുസീറ്റ് നേടിയ പാലക്കാട് ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലമൊഴികെ 11ലും എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. ബിജെപിക്ക് നേരിയ ഭൂരിപക്ഷമുള്ള പാലക്കാട് നഗരസഭ ഉള്‍ക്കൊള്ളുന്ന പാലക്കാട് നിയമസമഭാ മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് ലീഡ് നേടിയത്. തൃത്താല, പട്ടാമ്പി, മണ്ണാര്‍ക്കാട്, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളിലാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയത്. മറ്റ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിനേക്കാള്‍  69,397 വോട്ട് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികം നേടി. 7,00,281 വോട്ട് എല്‍ഡിഎഫ് നേടിയപ്പോള്‍ 6,30,884 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫ് ഭൂരിപക്ഷം ഇരട്ടിയിലധികമാക്കി. 1,13,204 വോട്ടാണ് എല്‍ഡിഎഫ് അധികം നേടിയത്. 7,27,005 വോട്ട് എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ 6,13,801 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. ബിജെപിക്ക് 2,55,298 വോട്ടാണ് ജില്ലിയിലാകെ നേടാനായത്. പാലക്കാട് മണ്ഡലത്തില്‍ അവര്‍ മൂന്നാംസ്ഥാനത്തുതന്നെ. 

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആറിടത്ത് എല്‍ഡിഎഫ് പതിനായിരത്തിലേറെ വോട്ടിന് മുന്നിലെത്തി. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച മണ്ണാര്‍ക്കാട്, പട്ടാമ്പി, ചിറ്റൂര്‍, തൃത്താല  മണ്ഡലങ്ങളിലും എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈനേടിയെന്നത് എല്‍ഡിഎഫിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 3157 വോട്ടിന് യുഡിഎഫ് ജയിച്ച തൃത്താല മണ്ഡലത്തില്‍ ഇത്തവണ 6622 വോട്ട് എല്‍ഡിഎഫ് ലീഡ് നേടി. 12,330 വോട്ടിന് വിജയിച്ച ചിറ്റൂരില്‍ 7867 വോട്ടിന് ഇത്തവണ യുഡിഎഫ് പിന്നിലായി. 8270 വോട്ടിന് യുഡിഎഫ് ജയിച്ച മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ 6916 വോട്ടിന് എല്‍ഡിഎഫ് മുന്നിലാണ്. കോങ്ങാട് മണ്ഡലത്തില്‍ നിയമസഭയില്‍ 3565 വോട്ടിനാണ് എല്‍ഡിഎഫ് വിജയിച്ചതെങ്കില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍  അത് 10,628 വോട്ടായി ഭൂരിപക്ഷം വര്‍ധിച്ചു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, നെന്മാറ മണ്ഡലങ്ങളിലും കഴിഞ്ഞതവണത്തെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫിനായി.