ഫിക്സഡ് ഡിപ്പോസിറ്റുണ്ടായാലും പച്ച പിടിക്കുന്നില്ല

Thursday May 12, 2016
ആര്‍ സാംബന്‍

മലപ്പുറം > യുഡിഎഫിന് 'ഫിക്സഡ് ഡിപ്പോസിറ്റു'പോലെയാണ് മലപ്പുറത്തെ മണ്ഡലങ്ങള്‍. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥകളിലും ഭരണം ഉറപ്പിക്കാന്‍ ലീഗിന്റെ  കോട്ടകള്‍ അവരെ സഹായിച്ചു. ജില്ലയില്‍നിന്ന് നേടിയ 14 സീറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജനവിധി യുഡിഎഫിന് അനുകൂലമാക്കിയത്.

ഇക്കുറി ചരിത്രം വഴിമാറുന്നതിന്റെ ആരവമുയരുന്നു. 16 മണ്ഡലങ്ങളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ പന്ത്രണ്ടിലും ലീഗ് മത്സരിക്കുന്നു. ഇതില്‍ മിക്കതും ഒരിക്കലും കൈവിടാത്ത കോട്ടകള്‍. എന്നാല്‍, അപ്രതീക്ഷിതമായ ഇടത് മുന്നേറ്റങ്ങളില്‍ കോട്ടകളില്‍ ഒന്നൊന്നായി വിള്ളല്‍വീണ് തുടങ്ങി. കഴിഞ്ഞ തവണ യുഡിഎഫിനെ കൈവിട്ടത് പൊന്നാനിയും തവനൂരും മാത്രമായിരുന്നെങ്കില്‍ ഇക്കുറി അതിലും വലിയ കോട്ടകളും നിലംപൊത്തുമെന്ന പ്രതീതി പരക്കുന്നു.

താനൂരിലായിരുന്നു തുടക്കം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെ നടുക്കിയശേഷം കീഴടങ്ങിയ വി അബ്ദുറഹിമാന്‍ അവിടെ സ്ഥാനാര്‍ഥിയായതോടെ കാറ്റ് മാറിവീശാന്‍ തുടങ്ങി. പിന്നാലെ, ലീഗ് നേതൃത്വത്തെ വിറളിപിടിപ്പിച്ച് ഇടതുകാറ്റ് മറ്റ്  മണ്ഡലങ്ങളിലേക്കും പടര്‍ന്നു. മങ്കട, പെരിന്തല്‍മണ്ണ, തിരൂര്‍, കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിങ്ങനെ  ലീഗ് കോട്ടകള്‍  ഒന്നൊന്നായി വിറച്ചുതുടങ്ങി. മകന് സീറ്റുറപ്പിച്ച് ആര്യാടന്‍ മുഹമ്മദ് പിന്മാറിയ നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് അനുകൂലമാണ് സ്ഥിതി. ഒരോദിവസം പിന്നിടുമ്പോഴും ലീഗിനെ ഞെട്ടിച്ച് കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടുന്നു. വേങ്ങര മണ്ഡലം വിട്ട്  പ്രചാരണത്തിനുപോകാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിയാത്ത അവസ്ഥ. കഴിഞ്ഞതവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ലീഗിന് നേടിക്കൊടുത്ത മലപ്പുറം മണ്ഡലത്തില്‍പ്പോലും മത്സരം പൊടിപാറുന്നു. 

പ്രതികൂല രാഷ്ട്രീയകാലാവസ്ഥയ്ക്ക് പുറമെ അടിയൊഴുക്കുകളും ലീഗിനെ വേട്ടയാടുന്നു. എക്കാലവും പച്ചക്കൊടിക്കുകീഴെ അണിനിരന്നിരുന്ന ആയിരക്കണക്കിന് കുടുംബം ലീഗ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫിനൊപ്പം പരസ്യമായി എത്തി. പൊതു സമ്മതരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ എല്‍ഡിഎഫ്  തന്ത്രവും നിര്‍ണായകമായി. ലീഗ്– കോണ്‍ഗ്രസ് ബന്ധത്തിലെ വിള്ളല്‍ താഴെത്തട്ടില്‍ തുടരുന്നു.  താനൂരില്‍ കച്ചിത്തുരുമ്പായി ബിജെപി സഹായം ലീഗ് തേടുന്ന വാര്‍ത്തയും പുറത്തുവന്നു. പൊന്നാനിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ആര്‍എസ്എസ് വോട്ട് ഉറപ്പാക്കാന്‍ നീക്കം തകൃതി.