Top
16
Saturday, December 2017
About UsE-Paper

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) ഫെബ്രു.12ന്;അപേക്ഷ 24 വരെ

Sunday Dec 4, 2016
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2017 ഫെബ്രുവരി 12ന് നടത്തും. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പരീക്ഷ നടത്തുക. സെറ്റ് ഫെബ്രുവരി 2017ന്റെ പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

ബിരുദാനന്തരബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യഗ്രേഡും ബിഎഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍ടിടിസി, ഡിഎച്ച്ടി തുടങ്ങിയ ട്രെയ്നിങ് കോഴ്സുകള്‍ ബിഎഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്സി/എസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തരബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഈ പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സൈറ്റ് അക്സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റാഫീസുകളില്‍നിന്ന് 5 മുതല്‍ 24 വരെ ലഭിക്കും. ഇതിനുവേണ്ടി ജനറല്‍/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയും എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയും നല്‍കേണ്ടതാണ്. കേരളത്തിന് പുറത്തുള്ളവര്‍ ഇത് ലഭിക്കാന്‍ ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍നിന്ന് എല്‍ബിഎസ് സെന്റര്‍ ഡയറക്ടറുടെപേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപയുടെ ഡിഡിയും എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 425 രൂപയുടെ ഡിഡിയും സ്വന്തം മേല്‍വിലാസം എഴുതിയ (31രാത25രാ) കവര്‍ സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ 14നകം തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ ലഭിക്കത്തക്കവിധം അപേക്ഷിക്കേണ്ടതാണ്. എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി/വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്(പകര്‍പ്പ്) അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പ്രോസ്പെക്ട്സ് ലഭിക്കുന്നതല്ല.

അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള നിര്‍ദേശം പ്രോസ്പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ളിക്കേഷന്റെ പ്രിന്റൌട്ട് തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ തപാലില്‍ അയക്കേണ്ടതാണ്/നേരിട്ട് നല്‍കേണ്ടതാണ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് (2015 ഡിസംബര്‍ 25 മുതല്‍ 2016 ഡിസംബര്‍ 24 വരെ പ്രാബല്യമുള്ളത്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകിട്ട് അഞ്ചിനുമുമ്പായി എല്‍ബിഎസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനുമുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ www.lbskerala.com, www.lbscentre.orgഎന്നീ വെബ്സൈറ്റുകളില്‍നിന്ന് ലഭിക്കുന്നതാണ്.

സെറ്റ് പരീക്ഷ  അപേക്ഷാഫോറം ലഭിക്കുന്ന ഹെഡ്പോസ്റ്റ് ഓഫീസുകള്‍:
തിരുവനന്തപുരം ജിപിഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോട്, കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി.