20 November Tuesday

ഐഐഎം പ്രവേശനപരീക്ഷയ്ക്ക് ബുധനാഴ്ചമുതല്‍ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Aug 4, 2014

ഐഐഎം പ്രവേശനത്തിനു വേണ്ടി യുള്ള പൊതു പ്രവേശന പരീക്ഷ (സിഎടി 2014) യ്ക്ക് ആഗസ്ത് ആറുമുതല്‍ www.iimcat.ac.in  വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. 2014 നവംബര്‍ 16നും 22നും ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്തും. ഓണ്‍ലൈന്‍ ടെസ്റ്റിങ് വിന്‍ഡോയില്‍ ഒരുതവണ മാത്രമാണ് ഒരു വിദ്യാര്‍ഥിക്ക് ഹാജരാകാന്‍ അര്‍ഹത. രാജ്യത്തെ 13 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലും തെരഞ്ഞെടുത്ത സര്‍വകലാശാലകളിലും മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളില്‍ പ്രവേശനമാനദണ്ഡമായി കണക്കാക്കുന്ന പ്രവേശനപരീക്ഷയാണിത്.

കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കാശിപുര്‍, ലഖ്നൗ, റായ്പുര്‍, റാഞ്ചി, റോത്തക്, ഷില്ലോങ്, തിരുച്ചിറപ്പിള്ളി, ഉദയ്പുര്‍ ഐഐഎമ്മുകളില്‍ മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളാണുള്ളത്. അഹമ്മദാബാദ്, ബംഗളൂരു, ഇന്‍ഡോര്‍, കോഴിക്കോട്, ലഖ്നൗ, റയ്പുര്‍, റാഞ്ചി, ഷില്ലോങ്, തിരുച്ചിറപ്പിള്ളി, കാശിപുര്‍ എന്നീ ഐഐഎമ്മുകളില്‍ പിഎച്ച്ഡിക്കു തുല്യമായ ഫെലോ പ്രോഗ്രാമുകളുമുണ്ട്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 45 ശതമാനം മാര്‍ക്ക് മതി.

അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്സി 15 ശതമാനം, എസ്ടി 7.5 ശതമാനം, 27 ശതമാനം നോണ്‍-ക്രീമിലെയര്‍ ഒബിസി എന്നിങ്ങനെയാണ് സംവരണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ വിന്‍ഡോ സെപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കും. വെബ്സൈറ്റ്www.iimcat.ac.inആഗസ്ത് ആറുമുതല്‍ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷാഫീസ് 1600 രൂപ.

എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 800 രൂപ. ഫീസടയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ടാകും. ഈ പ്രവേശനപരീക്ഷ മാനദണ്ഡമായി കണക്കാക്കുന്ന, ഐഐഎമ്മുകളല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റും വെബ്സൈറ്റിലുണ്ട്. കോഴിക്കോട് ഐഐഎം വെബ്സൈറ്റ് www.iimk.ac.in കോഴിക്കോട് ഐഐഎമ്മിന്റെ വിലാസം:Admission Office, Indian Institute of Management, Kozhikode, IIM Kozhikode Campus P.O, Kozhikode - 673570. Email: admission@iimk.ac.in

പ്രധാന വാർത്തകൾ
Top