21 April Saturday

സംഘപരിവാറിന്റെ ആക്രോശങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2017


ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട ആര്‍എസ്എസ് രണ്ടു പതിറ്റാണ്ട് മൌനത്തിലായിരുന്നു. അങ്ങനെയൊരു സംഘടനയുണ്ടെന്ന് പുറത്താരും അറിഞ്ഞുപോലുമില്ല. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്സെ കുറ്റകൃത്യം നടത്തുന്ന ഘട്ടത്തില്‍ ആര്‍എസ്എസ് അംഗമായിരുന്നില്ല എന്നുമാത്രമേ സംഘപരിവാര്‍ പറയുന്നുള്ളൂ. ആ സാങ്കേതികത്വത്തിന്റെ പേരിലാണ് ഗാന്ധിവധത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്ന് ആര്‍എസ്എസ് പറയുന്നത്. എന്നാല്‍, രാഷ്ട്രപിതാവിന്റെ അരുംകൊലയിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിച്ചത് ആര്‍എസ്എസിന്റെ വിദ്വേഷ പ്രചാരമായിരുന്നു എന്നതില്‍ രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രികൂടിയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന് സംശയമില്ലായിരുന്നു. 1925ല്‍ ജന്മംകൊണ്ടതുമുതല്‍ വിദ്വേഷ പ്രചാരണമാണ് ആര്‍എസ്എസിന്റെ ആയുധങ്ങളില്‍ ഒന്ന്. മുസ്ളിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെ വിദ്വേഷ പ്രഭാഷണം നടത്തിയും കായിക ആക്രമണങ്ങള്‍ സംഘടിപ്പിച്ചുമാണ് ആര്‍എസ്എസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം നേടാന്‍ അന്നും ഇന്നും ശ്രമിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയാനും രാഷ്ട്രീയമായി ശത്രുപക്ഷത്തു നില്‍ക്കുന്ന ആരോടും പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആജ്ഞാപിക്കാനും തയ്യാറാകുന്ന സംസ്കാരശൂന്യതയുടെ മുഖമാണ് സംഘപരിവാറിന്റേത്. അതില്‍നിന്ന് തെല്ലുപോലും അവര്‍ക്ക് വ്യതിചലിക്കാന്‍ കഴിയില്ലെന്നാണ് സമീപനാളുകളില്‍ കേരളത്തിലെ ചില സംഘപരിവാര്‍ നേതാക്കളില്‍നിന്ന് ഉയരുന്ന ആക്രോശങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നത്.

ചലച്ചിത്ര സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പരസ്യമായി ആവശ്യപ്പെട്ടത്. കമലിനെ ഇസ്ളാമിക തീവ്രവാദബന്ധമുള്ള ആളായി ചിത്രീകരിക്കാനും അതിന് വഴിതെളിക്കാന്‍ അദ്ദേഹത്തെ കമാലുദ്ദീന്‍ എന്ന് സംബോധന ചെയ്യാനും ബിജെപിയിലെ ഒരു നേതാവുമാത്രമല്ല, ആ പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കള്‍മുതല്‍ സാധാരണ പ്രവര്‍ത്തകര്‍വരെ തയ്യാറായി. കമല്‍ചെയ്ത കുറ്റം നരേന്ദ്ര മോഡിയെ വിമര്‍ശിച്ചു എന്നതാണ്. നരേന്ദ്ര മോഡി വിമര്‍ശത്തിന് അതീതനായ അമാനുഷികനാണെന്ന് ധരിക്കാന്‍ ആര്‍എസ്എസിന് അവകാശമുണ്ട്. ആ അവകാശം വിനിയോഗിക്കേണ്ടത് ആര്‍എസ്എസ് സംഘശാഖകളിലും കാര്യാലയങ്ങളിലും സംഘപരിവാറുകാരുടെ സ്വകാര്യ ഇടങ്ങളിലുമാണ്. ഇന്ത്യ ജാതിമതഭേദമെന്യ എല്ലാ പൌരന്മാര്‍ക്കും സ്വാതന്ത്യ്രം നല്‍കുന്ന രാജ്യമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ജനാധിപത്യപരമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഭരണാധികാരികളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യ്രവും അവകാശവും ഇന്ത്യന്‍ജനതയ്ക്കുണ്ട്. ആ അവകാശം പ്രയോഗിക്കുമ്പോള്‍ പാകിസ്ഥാനെ ചൂണ്ടിക്കാട്ടി വിരട്ടാനും അക്രമഭീഷണി മുഴക്കാനും സംഘപരിവാറിനെ ആരും ചുമലപ്പെടുത്തിയിട്ടില്ല. അതിന് അവര്‍ക്ക് അര്‍ഹതയുമില്ല.

2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതോടെയാണ് ഭരണകൂടത്തിന്റെ പിന്തുണയും സൌകര്യവും പ്രയോജനപ്പെടുത്തി സംഘപരിവാര്‍ അതിന്റെ രൌദ്രരാഷ്ടീയവും ഭീഷണിയും അധികാരത്തിന്റെ ഹുങ്കും മറയില്ലാതെ പ്രയോഗിച്ചു തുടങ്ങിയത്. സര്‍ക്കാരിന്റെ ദൈനംദിന ഭരണനിര്‍വഹണംപോലും ആര്‍എസ്എസ് കേന്ദ്രത്തിന്റെ ആജ്ഞയ്ക്കനുസരിച്ചാണ് രൂപപ്പെടുത്തുന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും ദേശീയ ചിഹ്നങ്ങളെയും നിയമത്തെയും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെത്തന്നെയും പരസ്യമായി വെല്ലുവിളിക്കാന്‍ ആര്‍എസ്എസ് തയ്യാറാകും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംഘരാഷ്ട്രീയം നടപ്പാക്കാനുള്ള ചട്ടുകങ്ങളാക്കി മാറ്റി. നിയമം കൈയിലെടുത്ത് രാജ്യത്താകെ ആര്‍എസ്എസ് അഴിഞ്ഞാടുന്നു. ജനങ്ങള്‍ എന്ത് ഭക്ഷിക്കണം, എന്ത് പറയണം, ഏത് വസ്ത്രം ധരിക്കണം, എന്ത് എഴുതണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപിക്കുന്നത്. അവര്‍ക്ക് ഹിതകരമല്ലാത്തത് എഴുതുന്നവരെയും പറയുന്നവരെയും ഭക്ഷിക്കുന്നവരെയും കൊന്നൊടുക്കാന്‍ മടിക്കുന്നില്ല. ഗോവിന്ദ പന്‍സാരെയും ധാബോല്‍ക്കറും കലബുര്‍ഗിയും മുഹമ്മദ് അഖ്ലാക്കുമെല്ലാം അതിന്റെ ഇരകളാണ്.

സംഘപരിവാറിന്റെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ വിചാരങ്ങളെയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ- വംശീയ അടയാളങ്ങളെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന ഹുങ്കാണ് സമകാലീന ചരിത്രത്തില്‍ ഇന്ത്യയില്‍ കലാപങ്ങളും അസ്വാസ്ഥ്യങ്ങളും സൃഷ്ടിച്ചത്. ചോദ്യംചെയ്യുന്നവരെ കൊലപ്പെടുത്താന്‍ മടിയില്ലെന്ന് അനേകം ക്രൂരമായ കൊലപാതകങ്ങളിലൂടെതന്നെയാണ് അവര്‍ വ്യക്തമാക്കിയത്. ഗോമാംസം ഉപയോഗിക്കുന്നവരെ വധിക്കണമെന്ന് ആര്‍എസ്എസ് മുഖപത്രം ആഹ്വാനംചെയ്തത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഈ മനോഭാവംതന്നെയാണ് കേരളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍നായരെപ്പോലും ഹീനമായി ആക്രമിക്കുന്നതിന്റെയും ഹേതു. ലോക യുവത്വത്തിന്റെ സമരപ്രതീകമായ ഏണസ്റ്റോ ചെ ഗുവേരയുടെ ചിത്രത്തോടുപോലും അസഹിഷ്ണുത കാണിക്കുകയാണ് ബിജെപി. കേന്ദ്രഭരണം തങ്ങള്‍ക്ക് എന്തുംചെയ്യാനുള്ള ലൈസന്‍സാണെന്ന് അവര്‍ കരുതുന്നു. മോഡിയെ വിമര്‍ശിച്ചവര്‍ രാജ്യം വിടണമെന്നു പറഞ്ഞ സംഘപരിവാര്‍ നേതാക്കള്‍ ജീവിക്കുന്നത് സ്വപ്നലോകത്താണ്. വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ ത്രാണിയില്ലാത്തതുകൊണ്ട് നരേന്ദ്ര മോഡി പാര്‍ലമെന്റില്‍നിന്ന് വിട്ടുനില്‍ക്കുന്നതുപോലെയുള്ള ഒളിച്ചോട്ടം എല്ലാ സന്ദര്‍ഭങ്ങളിലും സാധ്യമാകും എന്നതും അവരുടെ മിഥ്യാധാരണയാണ്. ഇന്ന് കമലിനെ കമാലുദ്ദീന്‍ എന്ന് വിളിച്ച് പാകിസ്ഥാനിലേക്ക് പോകാന്‍ ഒരു ബിജെപി നേതാവ് ആഹ്വാനംചെയ്യുമ്പോള്‍ നാളെ കൂടുതല്‍ ഹീനമായ മാര്‍ഗങ്ങളിലൂടെ അവര്‍ സഞ്ചരിക്കുമെന്നാണ് കരുതേണ്ടത്. അതാണ് തിരിച്ചറിയ്യപ്പെടേണ്ടതും. കേവലം വിവേകശൂന്യതയോ വിവരക്കേടോ ആയി തള്ളിക്കളയേണ്ടതല്ല എ എന്‍ രാധാകൃഷ്ണന്റെ ജല്‍പ്പനങ്ങള്‍. അത് ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണ്. മതനിരപേക്ഷകേരളം ഒറ്റക്കെട്ടായി ചവിട്ടിയകറ്റേണ്ട പ്രവണതയാണ്. യഥാര്‍ഥ പ്രതികള്‍ വിടുവായന്മാരായ നേതാക്കളല്ല; സംഘപരിവാറിന്റെ ആശയസംഹിതതന്നെയാണ്. അതിനെ തുറന്നുകാട്ടാനുള്ള കൂട്ടായ മുന്നേറ്റമാണ് ഉണ്ടാകേണ്ടത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top