ad
Deshabhimani

ഭീഷണി അവഗണിച്ച് തെലങ്കാനയും നാഗ്‌പുരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 21, 2017, 03:41 PM | 0 min read


ഫാസിസ്റ്റ് സ്വരത്തിലുള്ള ഭീഷണികള്‍ ജനങ്ങള്‍ കൂട്ടത്തോടെ ചെറുക്കുമെന്ന സന്ദേശമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആര്‍എസ്എസിന്റെ ആസ്ഥാന നഗരമായ നാഗ്പുരിലും ലഭിച്ച സ്വീകരണം. സംഘപരിവാര്‍ ഉയര്‍ത്തിയ  വാളുകള്‍ക്ക് നടുവിലൂടെത്തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ നടന്നിട്ടുള്ളത്. നാഗ്പുരില്‍ സെമിനാര്‍ നടത്താന്‍  അനുവദിക്കില്ലെന്ന ഭീഷണി അത്തരമൊരു ആയുധ പ്രയോഗമായിരുന്നു. ആ ഭീഷണിയില്‍ ഭയന്ന്  യൂണിവേഴ്സിറ്റി അധികൃതര്‍ സെമിനാര്‍ മാറ്റിവച്ചു. എന്നാല്‍, പരിപാടി ഉപേക്ഷിക്കാന്‍  സംഘാടകരോ കൊല്ലപ്പെടുമെന്ന തോന്നലില്‍ പിന്മാറാന്‍  യെച്ചൂരിയോ തയ്യാറായില്ല. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗപുരിലെ ദീക്ഷാഭൂമിക്ക് സമീപമുള്ള അംബേദ്കര്‍ കോളേജില്‍ ‘'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശോഷണം: വെല്ലുവിളികളും പരിഹാരവും'’ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടക്കുകയും സീതാറാം യെച്ചൂരി അതില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. യെച്ചൂരിയെ ശ്രവിക്കാനെത്തിയ  ജനങ്ങള്‍ ഉയര്‍ത്തിയ കരഘോഷം സംഘപരിവാറിന്റെ ഭീഷണിക്കു മുന്നില്‍ തലകുനിച്ച് വഴങ്ങി ജീവിക്കാന്‍ മനസ്സില്ലാത്ത ഇന്ത്യന്‍ ജനസാമാന്യത്തിന്റെ വികാരം തന്നെയാണ്. അത് നാഗ്പുരില്‍ തന്നെയാണ് ഉയര്‍ന്നതെന്നത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. സിപിഐ എം  മാത്രമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ നൃശംസതയെ നട്ടെല്ലു നിവര്‍ത്തി ചെറുക്കുന്നത് എന്ന വസ്തുതയുടെ വിളംബരം കൂടിയാണിത്.

പരിപാടി അലങ്കോലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തൃണവല്‍ഗണിച്ചാണ് മംഗലൂരുവിലും ഹൈദരാബാദിലും ജനങ്ങള്‍ കൂട്ടത്തോടെ അണിനിരന്ന് പിണറായി വിജയനെ സ്വീകരിച്ചത്. വര്‍ഗീയഭീഷണികള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കും കരുത്തന്‍ താക്കീതായിരുന്നു ഇരുറാലികളും.  കേരളത്തെയും ഇവിടത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിനെ നയിക്കുന്ന സിപിഐ എമ്മിനെയും രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഭീകര മുദ്രകുത്തി തെറ്റായി അവതരിപ്പിക്കുന്ന സംഘപരിവാറിന്റെ നീക്കങ്ങള്‍ കണ്ണടച്ച് അനുവദിച്ചു കൊടുക്കില്ല എന്നാണ് ആ ജനാവലിയും വികാരവായ്പും തെളിയിച്ചത്.  തെലങ്കാനയുടെ  മണ്ണില്‍  ആര്‍എസ്എസിന്റെ വിലക്കും ഭീഷണിയും തെല്ലും വകവയ്ക്കുന്നില്ലെന്ന ആവേശകരമായ മുദ്രാവാക്യവുമായി പിണറായി വിജയനെ  സ്വീകരിച്ച ജനങ്ങള്‍ നല്‍കിയത് സംഘപരിവാറിന്റേത് അജയ്യ വിജയങ്ങളാണെന്ന പുകഴ്ത്തലുകാര്‍ക്കുള്ള മറുപടി കൂടിയാണ്. പിണറായി വിജയന്‍ മഹാറാലിയില്‍ പങ്കെടുക്കരുതെന്ന ബിജെപി എംഎല്‍എ രാജാ സിങ്ങിന്റെ തിട്ടൂരത്തെ വര്‍ഗീയവിരുദ്ധ മുദ്രാവാക്യങ്ങളുമായി കൂട്ടത്തോടെ റാലിയില്‍ അണിചേര്‍ന്നാണ് ജനങ്ങള്‍ തള്ളിക്കളഞ്ഞത്. ഹൈദരാബാദിലെ മലയാളി സമൂഹം കക്ഷി പരിഗണനകള്‍ മാറ്റിവച്ചാണ് മുഖ്യമന്ത്രിക്ക് പ്രത്യേക സ്വീകരണം ഒരുക്കിയത്. ഓസ്മാനിയ സര്‍വകലാശാലയിലെ എട്ടോളം എബിവിപി പ്രവര്‍ത്തകര്‍  സ്വീകരണ പരിപാടി നടന്ന ഹാളിന്റെ ഗേറ്റിനു മുന്നില്‍  നടത്തിയ നാടകമൊഴിച്ചാല്‍ പിണറായിക്ക് വിലക്കു പ്രഖ്യാപിച്ച ഒരു ബിജെപിക്കാരനെയും ആ പരിസരത്തൊന്നും കാണാനുണ്ടായിരുന്നില്ല.

ആര്‍എസ്എസ് രാജ്യത്ത് നടപ്പാക്കുന്ന വര്‍ഗീയ അജന്‍ഡയ്ക്കും മോഡി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കുമെതിരെയാണ് മംഗലൂരുവിലും ഹൈദരാബാദിലും പിണറായി ശക്തമായി പ്രതികരിച്ചത്്. സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ അജന്‍ഡയാണ് സീതാറാം യെച്ചൂരി നാഗ്പുരില്‍ തുറന്നുകാട്ടിയത്. യുപിയില്‍ വര്‍ഗീയ വിഷത്തിന്റെ മൊത്തവ്യാപാരം ഏറ്റെടുത്ത, വിദ്വേഷപ്രചാരണത്തില്‍ റെക്കോഡ് സൃഷ്ടിച്ച യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ആര്‍എസ്എസ് രാജ്യത്തിന് നല്‍കുന്നത് അരക്ഷിതത്വത്തിന്റെ കലാപകലുഷമായ നാളുകളാണ്. ഈ പതനത്തെ ചങ്കൂറ്റത്തോടെ തുറന്ന് എതിര്‍ക്കാന്‍  സിപിഐ എം എന്ന പ്രസ്ഥാനം മാത്രമേയുള്ളൂ- സംഘപരിവാറിനെ ചെറുക്കാനുള്ള ഉശിരും സന്നദ്ധതയുമുള്ള ആ പ്രസ്ഥാനത്തിനോടൊപ്പം നില്‍ക്കാന്‍ മറ്റെല്ലാം മാറ്റിവച്ച് ജനങ്ങള്‍ തയ്യാറാകും- അതാണ് മംഗലൂരും നാഗ്പുരും ഹൈദരാബാദും തെളിയിച്ചത്.

കേരളത്തെക്കുറിച്ച് കല്ലുവച്ച നുണകളാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. ഈ സംസ്ഥാനത്ത് സംഘപരിവാറിന് പ്രവര്‍ത്തന സ്വാതന്ത്യ്രമില്ലെന്നും സിപിഐ എമ്മിന്റെ അക്രമരാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നും ലജ്ജാശൂന്യമായി പ്രചരിപ്പിക്കുന്നതിന്റെ ഫലമായാണ് ഹിസ്റ്റീരിയ ബാധിതരായി കുന്ദന്‍ ചന്ദ്രാവത്തുമാരും രാജാ സിങ്ങുമാരും അലറാനും അലമുറയിടാനും തയ്യാറാകുന്നത്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് തകര്‍ത്തുകളയാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഈ നാടകങ്ങള്‍. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം, മതനിരപേക്ഷതയുടെയും വര്‍ഗീയ വിരോധത്തിന്റെയും മനുഷ്യനന്മയുടെയും പ്രതിരൂപമായ ചെങ്കൊടി- അതുകണ്ടാണ് ആര്‍എസ്എസിന് കലിയിളകുന്നത്. ആര്‍എസ്എസിന്റെ കിരാതവൃത്തികള്‍ക്കു മുന്നില്‍ കണ്ണടച്ചും കുടില ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിച്ചും കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ ശക്തികള്‍ പ്രോത്സാഹനം നല്‍കുകയാണ്. കേരള ജനത അത് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് എല്‍ഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഗംഭീര വിജയം. തെലങ്കാനയിലെയും കര്‍ണാടകത്തിലെയും നാഗ്പുരിലെയും ഉല്‍പ്പതിഷ്ണുക്കള്‍ അത് തിരിച്ചറിയുന്നു എന്നതിന്റെ വിളംബരമാണ് സീതാറാം യെച്ചൂരിയെയും പിണറായി വിജയനെയും സ്വീകരിക്കാനും കേള്‍ക്കാനും ഒരു വിലക്കും വകവയ്ക്കാതെ ഒഴുകിയെത്തിയ ജനക്കൂട്ടം. ആ ജനവികാരമാകും ഫാസിസ്റ്റ് കുതന്ത്രങ്ങള്‍ക്കും മനുഷ്യത്വരഹിതമായ രാഷ്ട്രീയത്തിനുമുള്ള തടസ്സം എന്ന് മസ്സിലാക്കുന്നതുകൊണ്ടാണ് സിപിഐ എമ്മിനെ തകര്‍ക്കാന്‍ സംഘപരിവാര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്. തീര്‍ച്ചയായും അത് സിപിഐ എമ്മിനുള്ള അംഗീകാരമാണ്. സ്വജീവന്‍ ത്യജിച്ചും മതസൌഹാര്‍ദം കാത്തുസൂക്ഷിക്കും എന്ന് പ്രതിജ്ഞയെടുക്കുകയും അത് പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണ് വര്‍ഗീയശക്തികളെ ആശങ്കയോടെ കാണുന്ന ജനങ്ങള്‍ക്കുള്ള വിശ്വാസം; പ്രതീക്ഷയും
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home