Top
21
Wednesday, February 2018
About UsE-Paper

മതനിരപേക്ഷ രാഷ്ട്രീയം മലപ്പുറത്ത് കരുത്തുകാട്ടി

Tuesday Apr 18, 2017
വെബ് ഡെസ്‌ക്‌

മുസ്ളിംലീഗിന് നിര്‍ണായകസ്വാധീനമുള്ള മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിന് സാധാരണയില്‍ കവിഞ്ഞ പ്രാധാന്യം കൈവന്നിരിക്കുന്നു. ഭൂരിപക്ഷ മതവര്‍ഗീയത ഫണംവിരിച്ചുനില്‍ക്കുന്ന സമകാല ഇന്ത്യന്‍ സാഹചര്യത്തില്‍,ന്യൂനപക്ഷ വര്‍ഗീയധ്രുവീകരണത്തിന്റെ അപകടകരമായ പ്രയോഗംവഴിയാണ് മലപ്പുറം ദേശീയശ്രദ്ധതന്നെ നേടുന്നത്. ബിജെപിയുടെ പതനമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു സവിശേഷത. ഒരുലക്ഷത്തില്‍പരം വോട്ട്വര്‍ധിപ്പിച്ചുകൊണ്ട് ഇടതുജനാധിപത്യമുന്നണി നടത്തിയ അഭിമാനാര്‍ഹമായ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്. മുസ്ളിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2014ല്‍  1.94ലക്ഷമായിരുന്നു ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം. അന്നത്തെക്കാളും ഒരുലക്ഷത്തോളംപേര്‍ കൂടുതല്‍ വോട്ടുചെയ്ത ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ 23701 കുറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന  രണ്ട് തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം മെച്ചപ്പെടുത്തിയ യുഡിഎഫിന് ഇക്കുറി മലപ്പുറത്തുണ്ടായ പിന്നോട്ടടിയുടെ യഥാര്‍ഥചിത്രം വ്യക്തമാകാന്‍ മറ്റ് ചില കണക്കുകള്‍കൂടി പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടുനേടിയാണ് ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ് റെക്കോഡിട്ടത്. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ സൈനബയ്ക്ക് ലഭിച്ചത് 28.5 ശതമാനം വോട്ട്. എസ്ഡിപിഐക്ക് 5.6ഉം വെല്‍ഫെയര്‍ പാര്‍ടിക്ക് 3.4ഉം ശതമാനം വോട്ട് ലഭിച്ചു. ഈ രണ്ട് കക്ഷികളും ഇത്തവണ മത്സരരംഗത്തുനിന്ന് പിന്മാറി. എന്‍ഡിഎഫിന്റെ തുടര്‍ച്ചയായ എസ്ഡിപിഐയും ജമാ അത്ത് ഇസ്ളാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ടിയും മതവര്‍ഗീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളാണ്. ചില മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും മറ്റിടങ്ങളില്‍ യുഡിഎഫിനെ സഹായിക്കുകയുംചെയ്യുന്ന രീതിയാണ് പൊതുതെരഞ്ഞെടുപ്പില്‍ ഇവര്‍ സ്വീകരിക്കാറുള്ളത്. ആ രീതി മാറ്റി, ന്യൂനപക്ഷധ്രുവീകരണത്തിന് ചുക്കാന്‍പിടിക്കുകയും അതിന്റെ ആനുകൂല്യം യുഡിഎഫിന് ലഭിക്കാന്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുകയുമാണ് ഇരുകക്ഷികളും ചെയ്തത്.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഹിംസാത്മകമുഖം ഇന്ത്യയിലെമ്പാടും മറനീക്കിക്കൊണ്ടിരിക്കെയാണ് മലപ്പുറം തെരഞ്ഞെടുപ്പ് നടന്നത്. മോഡിഭരണത്തില്‍ ഗോരക്ഷകരാല്‍ ഏഴുപേര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ പെഹ്ലുഖാന്‍ എന്ന കന്നുകാലിവളര്‍ത്തുകാരന്‍ മുസ്ളിമിനെ സംഘപരിവാറുകാര്‍ തല്ലിക്കൊന്നത് അടുത്ത ദിവസങ്ങളിലാണ്. മുസ്ളിം ഭൂരിപക്ഷമുള്ള  മലപ്പുറത്ത് ഇത്തരം വിഷയങ്ങള്‍ സ്വാഭാവികമായും ചര്‍ച്ചയായി. ഹലാലായ ബീഫ് ഞങ്ങള്‍തന്നെ ലഭ്യമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥിക്ക് പറയേണ്ടിവന്ന സാഹചര്യമിതാണ്. മതനിരപേക്ഷരാഷ്ട്രീയം ശക്തിപ്പെടുത്തിമാത്രമേ ആക്രമണോത്സുക ഹിന്ദുത്വത്തെ പ്രതിരോധിക്കാനാകുകയുള്ളൂ എന്ന ശരിയായ നിലപാടാണ് എല്‍ഡിഎഫും സ്ഥാനാര്‍ഥി എം ബി ഫൈസലും ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍, ബിജെപി ഭരണത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന ആപല്‍ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തെ വോട്ടാക്കിമാറ്റുന്ന അപകടകരമായ കളിക്കാണ് യുഡിഎഫും മുസ്ളിംലീഗും തയ്യാറായത്.

ഈ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ടിയും കളിക്കളംവിട്ട് അണിയറയിലേക്ക് നീങ്ങിയത്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും മുസ്ളിംലീഗ,് ചില സന്ദര്‍ഭങ്ങളില്‍ മതസൌഹാര്‍ദത്തിനുവേണ്ടി നിലകൊണ്ട പാര്‍ടിയാണ്. എന്നാല്‍, പലഘട്ടങ്ങളിലും മതനിരപേക്ഷ രാഷ്ട്രീയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ലീഗ് തയ്യാറായിട്ടില്ല. ദേശീയരാഷ്ട്രീയത്തില്‍ ശക്തിപ്പെടുന്ന ഭൂരിപക്ഷ മതവര്‍ഗീയത ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷധ്രുവീകരണമുണ്ടാക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമത്തിന് മുസ്ളിലീഗും കോണ്‍ഗ്രസും നേതൃത്വംകൊടുക്കുന്ന കാഴ്ചയാണ് മലപ്പുറം തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. മത്സരരംഗത്തുനിന്ന് മാറിനിന്നെങ്കിലും താഴെതട്ടില്‍ ബിജെപിഭീതി പടര്‍ത്തുന്നതില്‍ ശ്രദ്ധചെലുത്തിയ എസ്ഡിപിയും വെല്‍ഫെയര്‍പാര്‍ടിയും കടുത്ത ന്യൂനപക്ഷധ്രുവീകരണത്തിനാണ് പരിശ്രമിച്ചത്. അത് കുറച്ചൊക്കെ ഫലംകാണുകയും ചെയ്തു. ഇത്തരം കൈവിട്ട കളികള്‍ക്ക് ശേഷവും മലപ്പുറംജനത എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന മതനിരപേക്ഷ രാഷ്ട്രീയത്തിന് പിന്നില്‍ വര്‍ധിച്ച തോതില്‍ അണിനിരന്നുവെന്നതിന്റെ തെളിവാണ് ഫൈസലിന് ലഭിച്ച 101303 വോട്ടിന്റെ വര്‍ധന. 2014ലെ അപേക്ഷിച്ച് എട്ട് ശതമാനത്തിലേറെ വോട്ട് എല്‍ഡിഎഫിന് വര്‍ധിച്ചു. പോള്‍ചെയ്ത വോട്ടിലെ വര്‍ധനയെക്കാളും ഇരുപതിനായിരത്തോളം വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍  ലഭിച്ചു. പുതുതായി വോട്ട്ലഭിച്ചവരിലേറെയും മുന്‍കാലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തവരില്‍ നല്ലൊരുപങ്കും എല്‍ഡിഎഫിന് വോട്ടുചെയ്തുവെന്നത് ആശാവഹമായ മാറ്റമാണ്. 2014ല്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടികള്‍ക്ക് ലഭിച്ച 9 ശതമാനം വോട്ടുകൂടി ചേര്‍ത്ത് 60 ശതമാനത്തിലെത്തേണ്ട സ്ഥാനത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ വോട്ടുകള്‍ ചോരുകയായിരുന്നു.

ന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തുമെന്നും കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുമെന്നുമുള്ള ബിജെപിയുടെ വീമ്പുപറച്ചിലിന് ഏറ്റ കനത്ത തിരിച്ചടിയാണ് മലപ്പുറംഫലം. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുവിഹിതം കുറഞ്ഞെന്നുമാത്രമല്ല, ഒരുലക്ഷത്തോളം പുതിയ വോട്ടര്‍മാരുണ്ടായിട്ടും കേവലം ആയിരത്തില്‍താഴെ മാത്രമാണ് വര്‍ധന. ഇത് ബിജെപിക്ക് കേരളത്തിലുള്ള ഭാവിയുടെ വ്യക്തമായ ദിശാസൂചികയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്ക് പറഞ്ഞുകൊണ്ടാണ് യുഡിഎഫ് യഥാര്‍ഥത്തിലുള്ള പിന്നോട്ടടിയുടെ ജാള്യം മാറ്റുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നേടിയ വോട്ട് നിലനിര്‍ത്താനായില്ലെന്നത് യാഥാര്‍ഥ്യം തന്നെ. എന്നാല്‍ മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വോട്ടു കൂടി. പെരിന്തല്‍മണ്ണയില്‍ യുഡിഎഫിനും വോട്ടുകുറഞ്ഞു.  ഇതൊക്കെയാണെങ്കിലും ഫലം സൂക്ഷ്മമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും എല്‍ഡിഎഫിന്റെ മതനിരപേക്ഷരാഷ്ട്രീയം ജനമനസ്സിലുണ്ടാക്കിയ മാറ്റം തെളിഞ്ഞുകാണാനാകും