21 May Monday

ഗവര്‍ണര്‍ക്കെതിരായ നീക്കം ഗൂഢോദ്ദേശ്യത്തോടെ

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2017


കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ജനാധിപത്യത്തോടും ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന ബന്ധത്തോടും തരിമ്പും കൂറില്ലെന്നതിന്റെ മറയില്ലാത്ത പ്രകടനമാണ് ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍. കണ്ണൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ ചുവടുപിടിച്ച് കേന്ദ്രഭരണമെന്ന ഉരുക്കുമുഷ്ടി പിണറായി സര്‍ക്കാരിനുനേരെ പ്രയോഗിച്ചുകളയാമെന്ന വ്യാമോഹമാണ് ബിജെപി നേതാക്കളെ നയിക്കുന്നത്. ഭരണഘടനയുടെ 356-ാംവകുപ്പ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള കേന്ദ്രത്തിന്റെ അധികാരത്തെക്കുറിച്ച് അയവിറക്കുകയാണ് അവര്‍. അനിയന്ത്രിതമായ ക്രമസമാധാനത്തകര്‍ച്ചയോ അപരിഹാര്യമായ രാഷ്ട്രീയ- ഭരണ പ്രതിസന്ധിയോ വന്നുചേരുമ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അപകടപ്പെടാതിരിക്കാന്‍ ഭരണഘടനാശില്‍പ്പികള്‍ വിഭാവനം ചെയ്ത ഈ സുരക്ഷാകവചം പലവട്ടം ഭരണാധികാരികള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭയെത്തന്നെ പുറത്താക്കിയത് ഇത്തരം രാഷ്ട്രീയ ഉപജാപത്തിലൂടെയാണ്. ഭൂപരിഷ്കരണ, വിഭ്യാഭ്യാസ, ഭരണ രംഗങ്ങളില്‍ കേരളത്തെ പുതുക്കിപ്പണിത ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കണ്ണിലെ കരടായത് സ്വാഭാവികം. ഇ എം എസ് മന്ത്രിസഭ അട്ടിമറിക്കപ്പെട്ടതിന് ദേശീയവും അന്തര്‍ദേശീയവുമായ മാനങ്ങളുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് വെളിവായി.

ജാതിയും മതവും പറഞ്ഞും നുണകള്‍ നൂറ്റൊന്ന് ആവര്‍ത്തിച്ചും പള്ളിയെയും പള്ളിക്കൂടത്തെയും തെരുവിലിറക്കിയുമാണ് വിമോചനസമരമെന്ന ചരിത്രാഭാസം അന്ന് അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ സങ്കുചിതരാഷ്ട്രീയവും കമ്യൂണിസ്റ്റ് പുതുനാമ്പിനെ നശിപ്പിക്കാനുള്ള  സാമ്രാജ്യത്വ ജാഗ്രതയും ഒത്തുചേര്‍ന്നപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ഉന്നത ജനാധിപത്യബോധംപോലും അടിയറപറയുകയായിരുന്നു. എന്നാലിന്ന് കാലവും കഥയും മാറിയിരിക്കുന്നു. കോണ്‍ഗ്രസിനുപകരം കറകളഞ്ഞ ഫാസിസ്റ്റ് കക്ഷിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. മുസ്ളിങ്ങളും ക്രിസ്ത്യാനികളും പിന്നെ കമ്യൂണിസ്റ്റുകാരുമാണ് അവരുടെ പ്രഖ്യാപിതശത്രുക്കള്‍. ശത്രുക്കളെ ആക്രമിച്ചും കൊന്നും ഭയപ്പെടുത്തിയും വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി നടത്തുന്നത്. ഇതിനെതിരെ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ടിയും അവരുടെ  നേതൃത്വത്തിലുള്ള ഭരണവും സംഘപരിവാറിനെ അസ്വസ്ഥമാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയ ദിവസംതന്നെ സംഘപരിവാറിന്റെ അസഹിഷ്ണുത അക്രമത്തിലേക്ക് തിരിഞ്ഞതാണ്. വിജയാഹ്ളാദപ്രകടനത്തിനുനേരെ ബോംബെറിഞ്ഞാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. തുടര്‍ന്നങ്ങോട്ടും അവര്‍ കൊലക്കത്തി മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കടന്നുചെന്ന് നാടിന്റെ പ്രിയങ്കരരായ തൊഴിലാളി പ്രവര്‍ത്തകരെ ആര്‍എസ്എസ് അരിഞ്ഞുവീഴ്ത്തി. പ്രകോപനം ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തനശൈലിയാണ് സംഘപരിവാര്‍ സ്വീകരിച്ചത്. ആക്രമണവും പ്രത്യാക്രമണവും സൃഷ്ടിച്ച് സമാധാനം തകര്‍ക്കുക. ദേശീയതലത്തില്‍ വ്യാജപ്രചാരണങ്ങള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് കേന്ദ്ര ഇടപെടലിന് അരങ്ങൊരുക്കുക. ഇതാണ് ബിജെപിയുടെ പദ്ധതി. 

അക്രമങ്ങള്‍ ആരുടെ പക്ഷത്തുനിന്നായാലും അംഗീകരിക്കില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാരും ഇടതുജനാധിപത്യ പാര്‍ടികളും സ്വീകരിച്ച ശക്തമായ നടപടികള്‍ കണ്ണൂരിനെ സമാധാനത്തിലേക്ക് നയിച്ചു. എന്നാല്‍, ആര്‍എസ്എസാകട്ടെ ജില്ലയിലെമ്പാടും നിരന്തര അക്രമവും പ്രകോപനവും തുടര്‍ന്നു. ഇതിനിടെയാണ് അപലപനീയമായ സംഭവം പയ്യന്നൂരിലുണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിച്ച മുഖ്യമന്ത്രി, കുറ്റവാളികളെ എത്രയുംവേഗം കണ്ടെത്താനുള്ള കര്‍ശന നിര്‍ദേശമാണ് പൊലീസിന് നല്‍കിയത്്. പൊലീസ് നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് അത്യന്തം ജനാധിപത്യവിരുദ്ധവും ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്നതുമായ പ്രതികരണങ്ങള്‍ ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
വിശ്രുത നിയമജ്ഞനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാണ് കേരള ഗവര്‍ണറായ പി സദാശിവം. പയ്യന്നൂര്‍സംഭവത്തെക്കുറിച്ച് ബിജെപി നല്‍കിയ നിവേദനം നടപടികള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നതാണ് ഇവരുടെ കണ്ണില്‍ ഗവര്‍ണര്‍ ചെയ്ത കുറ്റം. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായി നിയമിക്കുന്ന ഗവര്‍ണര്‍ക്ക് ദൈനംദിനഭരണത്തിലോ ക്രമസമാധാനപാലനത്തിലോ നേരിട്ട് ഇടപെടാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. ഗുരുതരമായ ഭരണ, നിയമ പ്രതിസന്ധികളോ ക്രമസമാധാനത്തകര്‍ച്ചയോ രൂപപ്പെടുന്ന ഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇത്തരത്തില്‍ ഒരു സ്ഥിതിവിശേഷവും സംസ്ഥാനത്ത് ഇല്ല. ഒരു പ്രാദേശികസംഭവം എന്നതിനപ്പുറം ഒരു പ്രാധാന്യവും പയ്യന്നൂര്‍സംഭവത്തിനില്ലെന്ന ഗവര്‍ണറുടെ ശരിയായ വിലയിരുത്തല്‍ ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നു.

ബിജെപി സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ ഗവര്‍ണര്‍ തങ്ങള്‍ ആഗ്രഹിക്കുംവിധം പ്രവര്‍ത്തിച്ചുകൊള്ളണമെന്ന് ആവശ്യപ്പെടുകയാണ് ചില ബിജെപി നേതാക്കള്‍. പോസ്റ്റുമാനെന്ന് ആക്ഷേപിക്കുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മറ്റു ചിലരാകട്ടെ കേരളത്തില്‍ പ്രത്യേക സൈനികാധികാരനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

ഒരുവശത്ത്, ഏകാധിപത്യ അമിതാധികാരവാഴ്ച അടിച്ചേല്‍പ്പിക്കാനുള്ള നീക്കം നടത്തുമ്പോള്‍, മറുവശത്ത് ഉന്നത ബിജെപി നേതാക്കളടക്കം നുണകള്‍ നിര്‍ലജ്ജം പ്രചരിപ്പിക്കുന്നു. പയ്യന്നൂരിലെ കൊലപാതകത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനം എന്ന പേരില്‍ പഴയൊരു വീഡിയോ ബിജെപി സംസ്ഥാന അധ്യക്ഷന്‍തന്നെ പുറത്തിറക്കി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ബിജെപിക്കാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. ഇത് സിപിഐ എം അക്രമമെന്ന് പ്രചരിപ്പിക്കാനും ബിജെപിക്ക് മടിയുണ്ടായില്ല. നീതിയും നിയമവുമല്ല, നുണയും വിദ്വേഷവുമാണ് കേന്ദ്ര ഭരണകക്ഷിക്ക് പഥ്യം. ഇതിനുപിന്നിലെ ഗൂഢോദ്ദേശ്യം വ്യക്തവുമാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top