17 July Tuesday

എന്‍ഡോസള്‍ഫാന്‍ കമ്പനികളും കേന്ദ്രവും ഇനി കാഴ്ചക്കാരല്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017


കാല്‍നൂറ്റാണ്ടോളം വിഷപ്രയോഗത്തിനിരയായ കാസര്‍കോടന്‍  ഗ്രാമങ്ങളില്‍ നീതിയുടെ തിരിവെട്ടം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധി ആയിരങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. തലമുറകളിലേക്ക് പടരുന്ന ദുരന്തത്തിന്റെ വ്യാപ്തി ഓര്‍ത്താല്‍ ഈ പരിഹാരം നാമമാത്രമാണ്. എന്നാല്‍, അതുപോലും നല്‍കാതിരിക്കാനും വര്‍ഷങ്ങളോളം വൈകിപ്പിക്കാനും ശ്രമിച്ച ശക്തികളെ മുട്ടുകുത്തിച്ചിരിക്കുന്നു. ഈ ചരിത്രദൌത്യം ഏറ്റെടുത്ത് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഡിവൈഎഫ്ഐയെ എത്ര പ്രശംസിച്ചാലും അധികമാകില്ല.

  ജീവിതംതന്നെ ദുരന്തമായി മാറിയവര്‍ക്ക് ആശ്വാസം പകരാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇനി ഒഴിഞ്ഞുമാറാനാകില്ലെന്നതാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിയുടെ പ്രാധാന്യം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം കമ്പനികള്‍ നല്‍കണമെന്ന ഡിവൈഎഫ്ഐയുടെ ആവശ്യത്തിന് സുപ്രീംകോടതി അടിവരയിട്ടിരിക്കുന്നു. ഒപ്പം ആശ്വാസ പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഉത്തരവാദിത്തവും എടുത്തുപറഞ്ഞു.

മൂന്നുമാസത്തികം ഓരോ ഇരയ്ക്കും അഞ്ചുലക്ഷം വീതം  നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കണം. ഇത് എന്‍ഡോസള്‍ഫാന്‍ കമ്പനികളില്‍നിന്ന് സര്‍ക്കാരിന് ഈടാക്കാവുന്നതാണ്. അയ്യായിരത്തിലധികം വരുന്ന ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുപ്രകാരമുള്ള നഷ്ടപരിഹാരവും സൌജന്യ ചികില്‍സയും നല്‍കിവരികയാണ്. എന്നാല്‍, 2016 ഏപ്രിലില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച 483 കോടിയുടെ പാക്കേജ് സംബന്ധിച്ച് മോഡിസര്‍ക്കാരില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് സുവ്യക്തമാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന്റേതുമാത്രമല്ലെന്ന വിധി നഷ്ടപരിഹാര പാക്കേജിന് സഹായം നല്‍കാനും കമ്പനികളില്‍നിന്ന് തുക ഈടാക്കാനും കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കും. 2011ല്‍ ഡിവൈഎഫ്ഐയുടെ ഹര്‍ജിയെതുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനവും ഉപയോഗവും രാജ്യവ്യാപകമായി സുപ്രീംകോടതി വിലക്കിയത്. തീരാത്ത വേദനകള്‍ പേറുന്ന ഇരകളുടെ സംരക്ഷണവും പുനരധിവാസവും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നിയമയുദ്ധം തുടര്‍ന്നു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കുവേണ്ടി വാദിക്കാനെത്തിയത് യാദൃച്ഛികമല്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുഭാവവും വമ്പന്‍ കമ്പനികളുടെ സമ്പത്തും സ്വാധീനശക്തിയും മറികടന്നാണ് ഡിവൈഎഫ്ഐ പരമോന്നത കോടതിയില്‍നിന്ന് വിധി സമ്പാദിച്ചത്.

  കാസര്‍കോട്ടെ കശുമാവുതോട്ടങ്ങളില്‍ തേയിലക്കൊതുകുകളെ നശിപ്പിക്കാന്‍ ഹെലികോപ്റ്ററില്‍നിന്ന് തളിച്ചുകൊണ്ടിരുന്ന എന്‍ഡോസള്‍ഫാന്‍  കീടനാശിനി ദീര്‍ഘകാലമായി വിശാലമായ ഭൂപ്രദേശത്തെ മണ്ണും ജലവും വായുവും ഉള്‍പ്പെടെ സര്‍വവും വിഷമയമാക്കുകയായിരുന്നു. ഈ പ്രദേശങ്ങളില്‍ അസാധാരണമാംവിധം രോഗങ്ങളും വൈകല്യങ്ങളോടുകൂടിയ ജനനവും വര്‍ധിച്ചുവന്നു. വിവിധതരം അംഗവൈകല്യങ്ങള്‍, ക്യാന്‍സര്‍, ബുദ്ധിമാന്ദ്യം, ജനിതക വൈകല്യം, ത്വക്രോഗങ്ങള്‍, വന്ധ്യത, മറ്റ് അസുഖങ്ങള്‍ എന്നിവയെല്ലാം ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ഈ ദുരന്തങ്ങള്‍ക്ക് ഒരു പൊതുകാരണം ഉണ്ടാകുമെന്ന സംശയം തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍തന്നെ ബലപ്പെട്ടിരുന്നു. ആകാശ മരുന്നുതളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും ആരംഭിച്ചു. എന്നാല്‍, ഗൌരവപൂര്‍വമായ പഠനങ്ങളിലൂടെ എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരന്റെ പങ്ക് തെളിയിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ എന്‍ഡോസള്‍ഫാന്റെ ഉപയോഗം കാസര്‍കോട്ടെ തോട്ടങ്ങളില്‍ അവസാനിപ്പിച്ചു. മരുന്നുതളി നിര്‍ത്തിച്ചെങ്കിലും പോയകാലത്തെ വിഷപ്രയോഗം കരാളരൂപം പൂണ്ട് കൂടുതല്‍പേരെ രോഗികളാക്കി. ചെറുതും വലുതുമായ വൈകല്യങ്ങളുമായി ഒട്ടേറെ കുട്ടികള്‍ പിറന്നു. ആത്മഹത്യകള്‍ ഉള്‍പ്പെടെ നാലായിരത്തോളം മരണങ്ങള്‍.  ഇനിയും ഇതെത്രകാലം എന്ന ചോദ്യത്തിനുമുന്നില്‍ അമ്പരപ്പോടെ നില്‍ക്കുകയാണ് ഒരു ജനത.

കാസര്‍കോട് ജില്ലയിലെ കിഴക്കുഭാഗത്തേ 11 പഞ്ചായത്തുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖല. 2006ലെ വി എസ് സര്‍ക്കാരാണ് ദുരിതബാധിതര്‍ക്കുള്ള ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. അയ്യായിരത്തിലധികംപേരുടെ പട്ടിക തയ്യാറാക്കി സഹായധനവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിച്ചു. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ പട്ടികയില്‍ വരുത്തിയ മാറ്റംമറിച്ചിലുകളും സഹായവിതരണത്തിലെ മെല്ലേപ്പോക്കും വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തി. അര്‍ഹരായവര്‍ക്കെല്ലാം സഹായം അനുവദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പുരോഗമനപ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും കൈകോര്‍ത്ത് നീങ്ങി. നിയമ പോരാട്ടത്തിനൊപ്പം ധനസമാഹരണം നടത്തിയും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയും ഡിവൈഎഫ്ഐ ഇരകള്‍ക്ക് ആശ്വാസമെത്തിച്ചു. മെഡിക്കല്‍ ക്യാമ്പുകളും സാന്ത്വനപരിചരണങ്ങളുമൊക്കെയായി ജനകീയ ഐക്യത്തിന്റെ പുതിയ മുഖം കാസര്‍കോട്ട് ദൃശ്യമായി.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നവകേരള മാര്‍ച്ചിന് തുടക്കംകുറിക്കുന്നതിന് തൊട്ടുതലേദിവസം പിണറായി വിജയന്‍ ദുരിതബാധിത മേഖലകളില്‍ നടത്തിയ ഒരു പകല്‍നീണ്ട സന്ദര്‍ശനം വഴിത്തിരിവായിരുന്നു. ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആദ്യബജറ്റില്‍ പത്തുകോടി രൂപ വകയിരുത്തിക്കൊണ്ട് പിണറായി മന്ത്രിസഭ ഇരകളോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചു. യുഡിഎഫ് കാലത്ത് പട്ടികയില്‍ വരുത്തിയ വിവേചനപരമായ മാറ്റങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായിത്തന്നെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് സുപ്രധാനമായ വിധി സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്. കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ബാധ്യത ഉറപ്പാക്കിയതോടെ ഇരകള്‍ക്ക് അര്‍ഹമായ നീതിയെന്ന പ്രതീക്ഷ യാഥാര്‍ഥ്യമാവുകയാണ്

പ്രധാന വാർത്തകൾ
Top