Top
20
Monday, November 2017
About UsE-Paper

അത് ആരുടെ ബ്ളാക്ക്മെയിലിങ്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാര്‍ അധികാരമേല്‍ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം അനുച്ഛേദം അഞ്ചാംവാക്യപ്രകാരമുള്ള സത്യപ്രതിജ്ഞയില്‍ "സംസ്ഥാനത്തെ മന്ത്രിയെന്ന നിലയില്‍ എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസ്സാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുശാസിക്കുംവിധം, ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങള്‍ക്കും നീതി നടപ്പാക്കും'' എന്നുമുണ്ട്. ഒരു മന്ത്രിയുടെ പ്രവൃത്തിയില്‍ പ്രീതിയോ ഭീതിയോ പാടില്ലെന്നര്‍ഥം. അവിടെയാണ്, "സോളാര്‍ കേസിന്റെ പേരില്‍ ഒപ്പംനിന്ന പലരും തന്നെ ബ്ളാക്ക്മെയില്‍ ചെയ്തു'' എന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ഗൌരവമാകുന്നത്. ഒരുതരത്തിലുള്ള ബ്ളാക്ക്മെയിലിങ്ങിനും വഴങ്ങിയില്ല എന്നു പറഞ്ഞതിനൊപ്പം, ഒരാള്‍ക്ക് വഴങ്ങിയെന്നും അതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ക്കുകയാണ്.

മുഖ്യമന്ത്രിയായിരിക്കെയാണ് ഉമ്മന്‍ചാണ്ടി ബ്ളാക്ക്മെയില്‍ ചെയ്യപ്പെട്ടത്. ഒരാളുടെ ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തിയിരിക്കുന്നു. മൂന്ന് വിഷയങ്ങളാണ് ഇവിടെ ഉയരുന്നത്. ഒന്നാമത്തേത്, ആര്‍ക്കൊക്കെയോ ബ്ളാക്ക്മെയില്‍ ചെയ്യാന്‍തക്ക വിധമുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളിയോ പുറത്തുവന്നാല്‍ ഹാനികരമാകുന്ന രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനോ ആണ് ഉമ്മന്‍ചാണ്ടി എന്നത്. രണ്ടാമത്തേത്, മുഖ്യമന്ത്രിയായിരിക്കുന്ന ഘട്ടത്തില്‍ ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങി എന്നത്. ഇന്ന് പരസ്യമായി ഖേദിക്കാന്‍മാത്രം ഗൌരവമുള്ളതാണ് ആ ബ്ളാക്ക്മെയിലിങ്. മൂന്നാമത്തേത്, സോളാര്‍ തട്ടിപ്പില്‍ ഇതുവരെ പുറത്തുവരാത്ത പലതും ഉമ്മന്‍ചാണ്ടിക്ക് പറയാനുണ്ട് എന്നത്.

പ്രകടമായിത്തന്നെ സത്യപ്രതിജ്ഞാലംഘനം സംഭവിച്ചിരിക്കുന്നു. ബ്ളാക്ക്മെയിലര്‍ സൃഷ്ടിച്ച 'ഭീതി'യില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കേണ്ടിവരുന്നത് നിസ്സാരവിഷയമല്ല. അതുകൊണ്ടുതന്നെ, സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി സൂചിപ്പിച്ച ബ്ളാക്ക്മെയിലിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വരുംനാളുകളിലെ അന്വേഷണത്തിലും നിയമ നടപടികളിലും പ്രധാന വിഷയമായി ഈ ബ്ളാക്ക്മെയിലിങ് പരിശോധിക്കപ്പെടണം.

"ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചവരെല്ലാം കൂടെനിന്നവരാണ്. താന്‍ വഴങ്ങിയത് ആര്‍ക്കെന്ന് പിന്നീട് വെളിപ്പെടുത്തു''മെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം പാര്‍ടിയിലോ മുന്നണിയിലോ ഓഫീസിലോ ഉള്ള ആര്‍ക്കെല്ലാമോ ഭീഷണിപ്പെടുത്താവുന്ന തരത്തില്‍ ദുര്‍ബലമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കാലം എന്നാണ്. കെഎസ്യുവില്‍നിന്ന് കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വത്തിലേക്കും മുഖ്യമന്ത്രിപദത്തിലേക്കും എത്തിയ ഉമ്മന്‍ചാണ്ടി സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കോണ്‍ഗ്രസ് നേതാവാണ്. ആ നേതാവിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒപ്പമുള്ളവര്‍ക്കുതന്നെ കഴിയുന്ന എന്തെല്ലാം അരുതായ്മകളാണ് യുഡിഎഫ് ഭരണത്തില്‍ സംഭവിച്ചിട്ടുള്ളത്? അതറിയാന്‍ ഇന്നാട്ടിലെ ഓരോ പൌരനും അവകാശമുണ്ട്. അത് തെളിച്ചുപറയാന്‍ യുഡിഎഫിലെ എല്ലാവര്‍ക്കും ബാധ്യതയുമുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് തലയ്ക്കുമുകളില്‍ വന്ന് വീണപ്പോഴും ഉമ്മന്‍ചാണ്ടി പറഞ്ഞത്. ടീം സോളാര്‍ കമ്പനിക്ക്, ഉപയോക്താക്കളെ വഞ്ചിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സഹായം ചെയ്തതായി തെളിവുകള്‍ സഹിതമാണ് ജുഡീഷ്യല്‍ കമീഷന്‍ രേഖപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടി, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ് എന്നിവരെ കൂടാതെ ഡല്‍ഹിയിലെ സഹായിയടക്കം ഇതില്‍ പങ്കാളികളാണെന്ന് കമീഷന്‍ തെളിവും മൊഴികളും നിരത്തിയാണ് വ്യക്തമാക്കുന്നത്. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുഖേന മുഖ്യമന്ത്രിയെ ക്രിമിനല്‍ബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ പരിശ്രമിച്ചതും  ഇതിനായി പ്രത്യേക അന്വേഷണസംഘം സംശയാസ്പദമായ രീതിയില്‍ ഇടപെട്ടതും കമീഷന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. സരിത എസ് നായരുടെ കത്തും അതിലെ ലൈംഗിക ആരോപണങ്ങളും കൂറ്റന്‍ അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും ഒരു ഭാഗംമാത്രമാണ്. ഇനിയെന്ത് തെളിവാണ്; എത്ര ശതമാനം തെളിവാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടത്? ഏത് തെളിവ് വന്നാലാണ് അങ്ങേയ്ക്ക് 'പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന' ഉഗ്രപ്രഖ്യാപനം പ്രാവര്‍ത്തികമാക്കാനുള്ള സാഹചര്യമൊരുങ്ങുക? കുറ്റവാളികള്‍ ഒരിക്കലും തെറ്റ് സമ്മതിക്കാറില്ല. ആ കുറ്റത്തെയും കുറ്റവാളികളെയുംപേറി നടക്കുന്ന കോണ്‍ഗ്രസ് എന്ന പാര്‍ടിക്കും ആ പാര്‍ടി ഉള്‍ക്കൊള്ളുന്ന മുന്നണിക്കും എന്തുകൊണ്ട് ഇതിലൊന്നും പ്രതികരിക്കാനാകുന്നില്ല എന്നതാണ് ചിന്തിക്കേണ്ടത്. മൂല്യശോഷണം, രാഷ്ട്രീയപാപ്പരത്തം എന്നുള്ള വിശേഷണങ്ങളൊന്നും ഈ അവസ്ഥയെ വിവരിക്കാന്‍ പര്യാപ്തമല്ല. ഉമ്മന്‍ചാണ്ടിയും സംഘവും നടത്തിയ നെറികേടുകള്‍ക്കാകെ ഉത്തരവാദിത്തം തങ്ങള്‍ക്കുമുണ്ട് എന്നാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെയും യുഡിഎഫ് കക്ഷികളുടെയും  മൌനം നല്‍കുന്ന സൂചന. അവരിലാരാണ് ഉമ്മന്‍ചാണ്ടിയെ ബ്ളാക്ക്മെയില്‍ ചെയ്തവര്‍? സോളാര്‍ കമീഷന്‍ കണ്ടെത്തിയതിനുപുറമെ എന്തൊക്കെ കൂട്ടുകച്ചവടമാണ് ഇവര്‍ നടത്തിയത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അവരെ പിടിച്ചുവച്ച് പറയിക്കാനുള്ളതാകണം തുടര്‍ന്നുള്ള അന്വേഷണങ്ങളും ജനകീയപ്രതികരണവും

Related News

കൂടുതൽ വാർത്തകൾ »