ad
Deshabhimani

ആര്‍എസ്എസ് കൊലവിളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2017, 03:50 PM | 0 min read


സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യണമെന്ന് ആര്‍എസ്എസ് പ്രമുഖിന്റെ കൊലവിളി. മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള ഒരു പൊതുചടങ്ങില്‍വച്ചാണ് ആര്‍എസ്എസ് നേതാവായ ഡോ. കുന്ദന്‍ ചന്ദ്രാവത്ത് പിണറായി വിജയന്റെ തലകൊയ്ത് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഈ ക്രൂരകൃത്യം ചെയ്യുന്നവര്‍ക്ക് തന്റെ സ്വത്ത് വിറ്റായാലും ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്നും ചന്ദ്രാവത്ത് പ്രഖ്യാപിച്ചു.  ഇവിടംകൊണ്ടും അവസാനിക്കുന്നില്ല ഇയാളുടെ കൊലവിളി. കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകരെയും മുഖ്യമന്ത്രിയെയും ഗോധ്ര സംഭവവും ഓര്‍മിപ്പിച്ച ചന്ദ്രാവത്ത് കേരളത്തില്‍നിന്നുള്ള സിപിഐ എം പ്രവര്‍ത്തകരുടെ തലയോട്ടികൊണ്ട് ഭാരതാംബയ്ക്ക് ഹാരം അണിയിക്കുമെന്നും ആക്രോശിച്ചു. സ്ഥലം എംപി, എംഎല്‍എ തുടങ്ങിയവര്‍കൂടി പങ്കെടുത്ത ചടങ്ങില്‍വച്ചാണ് ആര്‍എസ്എസ് പ്രമുഖിന്റെ പരസ്യമായ കൊലവിളി ഉയര്‍ന്നത്. തെരഞ്ഞെടുക്കപ്പെട്ട ഈ ജനപ്രതിനിധികളാരും ഈ പരാമര്‍ശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല അതിന് കൈയടിക്കാന്‍ തയ്യാറാവുകയും ചെയ്തു. 

പിണറായി വിജയന്‍ എന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗത്തിനെതിരെ ഇതാദ്യമായല്ല സംഘപരിവാറിന്റെ കൊലക്കത്തി ഉയരുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എം നേതാവായി പിണറായി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയ കാലംമുതല്‍ ഈ ഇരുട്ടിന്റെ ശക്തികള്‍ അദ്ദേഹത്തിനെതിരെ കൊലവിളി ഉയര്‍ത്തിയിരുന്നു. ഏറ്റവും അവസാനമായി മംഗളൂരുവില്‍ മതസൌഹാര്‍ദറാലിയില്‍ പങ്കെടുക്കുന്നത് തടയുമെന്ന് ഇതേ ശക്തികള്‍ ആക്രോശിച്ചു. മതസൌഹാര്‍ദറാലിക്ക് തൊട്ട് തലേദിവസം കേരളത്തില്‍നിന്നുള്ള ഒരു ബിജെപി നേതാവ് കൊലവിളി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, അതിനെ കൂസാതെ പിണറായി വിജയന്‍ ആ ചടങ്ങ് മുന്‍ നിശ്ചയിച്ചതുപോലെ ഉദ്ഘാടനം ചെയ്യുകയും ആര്‍എസ്എസിന്റെ തനിനിറം എന്താണെന്ന് തന്റെ പ്രസംഗത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍വരെ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ജാള്യം മറച്ചുവയ്ക്കാനായിരിക്കാം ആര്‍എസ്എസ് പ്രമുഖിന്റെ പരസ്യമായ കൊലവിളി ഉയര്‍ന്നത്.  നേരത്തെ മധ്യപ്രദേശില്‍ത്തന്നെ പിണറായി പങ്കെടുക്കുന്ന ഒരു പൊതുചടങ്ങ് സംഘപരിവാര്‍ ഭീഷണിമൂലം റദ്ദാക്കേണ്ടി വന്നിരുന്നു. ഭരണഘടനാ മര്യാദപ്രകാരം സ്ഥലത്തെ സര്‍ക്കാര്‍ നടത്തിയ അഭ്യര്‍ഥന മാനിച്ചാണ് ഭോപാല്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്ന്  മുഖ്യമന്ത്രി പിന്നീട് വിശദീകരണം നല്‍കുകയുമുണ്ടായി. അന്ന് മുഖ്യമന്ത്രി കാട്ടിയ ഫെഡറല്‍മാന്യതയാണ് ഇന്ന് സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തിന്റെ തല കൊയ്യാന്‍ ആഹ്വാനംചെയ്തുകൊണ്ട് പിച്ചിച്ചീന്തിയത്.  രാഷ്ട്രപിതാവിനെതിരെ വെടിയുണ്ട ഉതിര്‍ത്ത ശക്തികള്‍ക്ക് ഇതൊന്നും പുത്തിരിയായിരിക്കല്ല. പക്ഷേ, മൂന്നരക്കോടിയോളം വരുന്ന ജനങ്ങളുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിനെതിരെ ഉയരുന്ന കൊലവിളി കേരളത്തിലെ ഓരോ പൌരനുമെതിരെയാണെന്നു സാരം.

അന്തസ്സായ രാഷ്ട്രീയപെരുമാറ്റം ആരും ആര്‍എസ്എസില്‍നിന്ന് പ്രതീക്ഷിക്കരുതെന്ന് ഈ സംഭവം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.  ഇന്ത്യന്‍ ഭരണഘടനയെയും സംവിധാനങ്ങളെയും ഒരിക്കലും അംഗീകരിക്കാത്തവരാണ് സംഘപരിവാര്‍. അതുകൊണ്ടുതന്നെ ഫെഡറല്‍സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ കൊലവിളിയില്‍ ഒരു തെറ്റും അവര്‍ക്ക് കാണാനാകില്ല. ഭരണഘടനയനുസരിച്ച് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നതാണ് ഇന്ത്യന്‍ ഭരണസംവിധാനം. അതില്‍ പ്രധാനമന്ത്രിക്കുള്ള അതേ പ്രാധാന്യം മുഖ്യമന്ത്രിക്കുമുണ്ട്. പ്രധാനമന്ത്രിയുടെ സംരക്ഷണംപോലെതന്നെ പ്രധാനമാണ് മുഖ്യമന്ത്രിയുടേതും.  അത് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമുണ്ട്. അതുകൊണ്ട് കൊലവിളി നടത്തുന്ന ശക്തികളെ നിലയ്ക്കുനിര്‍ത്തേണ്ട ബാധ്യത ആദ്യത്തെ 'സംഘപ്രചാരകായ' പ്രധാനമന്ത്രിക്ക് ഉണ്ടെന്നര്‍ഥം. പല പ്രധാന വിഷയങ്ങളിലും മനംതുറക്കാത്ത പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ പ്രതികരിക്കുമെന്ന് കരുതാനുമാകില്ല.

എന്തുകൊണ്ടാണ് പിണറായിക്കെതിരെ, സിപിഐ എമ്മിനെതിരെ സംഘപരിവാര്‍ കൊലവിളി ഉയര്‍ത്തുന്നത്? ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ അജന്‍ഡയെയും വര്‍ഗീയതയെയും ഇന്നും ശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനം സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും ആണെന്നതാണ് ഇതിനു കാരണം. രണ്ടാമത്തെ സര്‍സംഘ്ചാലകായ എം എസ് ഗോള്‍വാള്‍ക്കര്‍ തന്റെ 'വിചാരധാര' എന്ന പുസ്തകത്തില്‍ പറയുന്നത് മുസ്ളിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് പ്രധാന ശത്രുക്കള്‍ എന്നാണ്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കാത്ത, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി ജയിലില്‍നിന്ന് വിടുതല്‍ തേടിയ, രാഷ്ട്രപിതാവിനെ വധിച്ച ആര്‍എസ്എസിന്റെ യഥാര്‍ഥ മുഖം ഇന്ത്യന്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുന്ന പ്രസ്ഥാനം സിപിഐ എമ്മാണ്. അയോധ്യയിലും ഗോധ്രയിലും മീറത്തിലും മുസഫര്‍നഗറിലും   മറ്റും വര്‍ഗീയലഹളകള്‍ നടന്നപ്പോള്‍ അതില്‍ ആര്‍എസ്എസിനുള്ള പങ്ക് നിര്‍ഭയം വിളിച്ച് പറഞ്ഞതും സിപിഐ എമ്മാണ്. അതുകൊണ്ടുതന്നെ സിപിഐ എമ്മിനെ നിശ്ശബ്ദമാക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. ആശയപരമായി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ചെറുത്തുതോല്‍പ്പിക്കാനാകില്ലെന്ന് ഡല്‍ഹി സര്‍വകലാശാലയിലടക്കം ഉയരുന്ന വന്‍ വിദ്യാര്‍ഥി പ്രതിഷേധം തെളിയിക്കുന്നു. ഈ ഘട്ടത്തിലാണ് സിപിഐ എം നേതാക്കളെ വധിച്ച് കാര്യം നേടാനുള്ള ശ്രമം. എന്നാല്‍, അവരുടെ മോഹം വിജയിക്കാന്‍ പോകുന്നില്ല. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ സമൂഹം ഈ കൂളസംഘത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയും



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home