19 June Tuesday

മാജിമാരുടെ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2016

ഭാര്യയുടെ മരിച്ചുമരവിച്ച ശരീരവും പേറി അറുപതു കിലോമീറ്റര്‍ നടന്ന് വീട്ടിലെത്താന്‍ തീരുമാനിച്ച ദാന മാജിയുടെ ദൈന്യതയില്‍ ഇന്ത്യയുടെ ഏഴുപതിറ്റാണ്ടിന്റെ 'വളര്‍ച്ച'യുടെ ചിത്രമുണ്ട്. മാജിയോടൊപ്പം കണ്ണീരൊഴുക്കിനടന്ന മകളുടെ നിസ്സഹായതയില്‍ ഭാവി ഇന്ത്യയുടെ 'തിളക്ക'വുമുണ്ട്. ഒഡിഷയിലെ കലഹന്ദിയിലാണ്, സര്‍ക്കാരാശുപത്രിയില്‍ ക്ഷയരോഗത്താല്‍ മരണമടഞ്ഞ ഭാര്യയുടെ ജഡം ആംബുലന്‍സില്‍ വീട്ടിലെത്തിക്കാന്‍ പണവും സഹായവുമില്ലാതെ  മകളെയുംകൂട്ടി മാജിക്ക് നടക്കേണ്ടിവന്നത്.  കീറത്തുണിയില്‍ പൊതിഞ്ഞ മൃതദേഹവുമായി പത്തു കിലോമീറ്റര്‍ കാല്‍നട പിന്നിട്ടപ്പോഴാണ്, ആ ദയനീയദൃശ്യം മാധ്യമശ്രദ്ധയില്‍ വന്നത്. അങ്ങനെ പ്രചരിച്ച വാര്‍ത്ത കണ്ടവരാണ്, ആ ആദിവാസി യുവാവിന് സഹായം നല്‍കിയത്.   സമാനമായ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നതും ഒഡിഷയില്‍നിന്നുതന്നെയാണ്. തീവണ്ടി ഇടിച്ച് മരിച്ച വൃദ്ധയുടെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനായി എല്ലുകള്‍ ഒടിച്ച് മടക്കി തുണിയില്‍ കെട്ടി ചുമന്നുകൊണ്ടുപോകുന്നതിന്റെ ദൃശ്യമടക്കമാണ് ആ വാര്‍ത്ത. ഒഡിഷയിലെ  പിന്നോക്കഗ്രാമമായ ബലാസോറില്‍ സാലാമണി ബെഹെര എന്ന എഴുപത്തിരണ്ടു കാരിയുടെ മൃതദേഹം അടിച്ചൊടിച്ച് മടക്കേണ്ടിവന്നത്,  ആംബുലന്‍സ് ഇല്ലാത്തതിനാല്‍  മുളയില്‍ കെട്ടി  ചുമന്ന് കൊണ്ടുവരാനാണ്.  

ഭരണാധികാരികള്‍  തിളക്കത്തെയും വളര്‍ച്ചയെയും രാജ്യാന്തരപ്രശസ്തിയെയും കുറിച്ച് സംസാരിക്കുന്നു. ഊറ്റം കൊള്ളുന്നു. താഴെത്തട്ടിലുള്ള ജനങ്ങള്‍  ദുരിതം ഭക്ഷിച്ച് ജീവിക്കുന്നു. മാജി ഒറ്റപ്പെട്ട വ്യക്തിയല്ല. അവഗണനയുടെയും അരക്ഷിതാവസ്ഥയുടെയും നടുവില്‍ ജീവിക്കുന്ന ആദിവാസി–ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയാണ്. ഒഡിഷയില്‍ മാത്രമല്ല ഇത്തരം അനുഭവങ്ങളുണ്ടാകുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ഉനയില്‍ ജ്വലിച്ചുയര്‍ന്നത് ഈ ദുരിതജീവിതത്തില്‍നിന്ന് കുതറിമാറാനുള്ള ദളിത് ജനതയുടെ ആവേശത്തിന്റെ അഗ്നിയാണ്.

ചത്ത മൃഗങ്ങളുടെ തൊലയുരിഞ്ഞും തോട്ടിപ്പണി ചെയ്തും  പട്ടിണി മാറ്റേണ്ടിവരുന്ന ജനലക്ഷങ്ങളുടെ നാടുകൂടിയാണ് ആധുനിക ഇന്ത്യ എന്നത് കേരളത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ മാത്രം  ജീവിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള വസ്തുതയാണ്. പരസ്യമായി  മലവിസര്‍ജനമില്ലാത്ത  സംസ്ഥാനമായി കേരളത്തെ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കുകയാണ്. പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഗണ്യമായ സാമൂഹികപുരോഗതി ആര്‍ജിച്ച കേരളത്തിന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളുടെയും ചിത്രം.  കേരളത്തില്‍ തോട്ടിപ്പണി തൊഴിലാക്കിയവര്‍ ഇല്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്നുപറഞ്ഞ്, റീസര്‍വേ നടത്താന്‍ തിരിച്ചയക്കുന്ന മാനസികാവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍. കേരളം നേടിയ സാമൂഹ്യപുരോഗതി അവിശ്വസനീയമാണെന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് തോന്നുന്നത്, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ അവസ്ഥ അത്രമാത്രം ദയനീയമായതുകൊണ്ടാണ്.  ഭൂപരിഷ്കരണം നടക്കാത്ത, അധ്വാനിക്കുന്നവന് മണ്ണിന്റെ ഉടമസ്ഥതയെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാത്ത സംസ്ഥാനങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ  പ്രതീകാത്മകചിത്രമാണ് മാജിയിലൂടെ ലോകം കണ്ടത്.

ഗുജറാത്തിലെ ഉനയില്‍   തോട്ടിപ്പണിക്കും  ചത്തമൃഗങ്ങളുടെ തൊലിയുരിയലിനും ഇനി ഞങ്ങളില്ല എന്ന പ്രഖ്യാപനമാണ് മുഴങ്ങിക്കേട്ടത്. എല്ലാ  ദളിത് കുടുംബങ്ങള്‍ക്കും  ‘ഭൂമി നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കും   എന്ന മുന്നറിയിപ്പാണുയര്‍ന്നത്. രാജ്യത്ത് തോട്ടിപ്പണി നിര്‍മാര്‍ജനംചെയ്യുമെന്ന് സ്വാതന്ത്യ്രദിനത്തില്‍ ശപഥംചെയ്യുമോ എന്ന് മഗ്സാസെ അവാര്‍ഡ്  ജേതാവ്  ബസ്വാഡ വില്‍സണ്‍ പ്രധാനമന്ത്രിയോടാരാഞ്ഞിരുന്നു. മനുഷ്യവിസര്‍ജ്യം വൃത്തിയാക്കേണ്ടത് ദളിതന്റെ പണിയാണെന്ന ചിന്ത മാറ്റണമെന്ന  ആ ആവശ്യത്തിന് മറുപടിയുണ്ടായില്ല. 'മന്‍കി ബാതി'ല്‍ മധുരം പുരട്ടി എത്തുന്നതല്ല യാഥാര്‍ഥ്യങ്ങള്‍. ദളിത്–ആദിവാസി ജനവിഭാഗങ്ങളുടേതുമാത്രമല്ല, രാജ്യത്തെ സാധാരണ ജനങ്ങളുടെയാകെ ജീവിതം ദുരിതത്തിലേക്ക് കുപ്പുകുത്തുകയാണ്. തൊഴിലവസരവളര്‍ച്ച പൂജ്യത്തിനും താഴേയ്ക്ക് പോയിരിക്കുന്നു. കാര്‍ഷികക്കുഴപ്പം മൂര്‍ച്ഛിക്കുന്നു. ഭക്ഷ്യധാന്യ ഉല്‍പ്പാദനം അഞ്ചുശതമാനം കുറഞ്ഞു. കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ മറച്ചുവച്ചിട്ടും 2015ല്‍ മാത്രം മൂവായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തെവന്ന് ഔദ്യോഗികമായി സമ്മതിക്കേണ്ടിവന്നിരിക്കുന്നു. 13 സംസ്ഥാനങ്ങളിലായി 54 കോടി ജനങ്ങള്‍ വരള്‍ച്ചയുടെ കെടുതി അനുഭവിക്കുമ്പോള്‍, സുപ്രീംകോടതി ഇടപെട്ടിട്ടുപോലും ആശ്വാസപദ്ധതികള്‍ നടപ്പാക്കിയില്ല. രാജ്യത്തെ 25 ശതമാനം ഗ്രാമീണര്‍ക്കും ശുദ്ധജല ലഭ്യതയില്ല. കൊടിയ ദാരിദ്യ്രത്തില്‍നിന്ന് ഗ്രാമീണജനതയ്ക്ക് ആശ്വാസം നല്‍കുന്ന എന്‍ആര്‍ഇജി പദ്ധതിയെ മോഡി സര്‍ക്കാര്‍ അവഗണിച്ചു. അതിന് നീക്കിവയ്ക്കേണ്ട തുകയില്‍ ഭീമമായ കുറവുവരുത്തി. ഇതിനെല്ലാം പുറമെയാണ് വിലക്കയറ്റത്തിന്റെ രൂക്ഷത. ഒരുതരത്തിലും നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ ഉഴലുന്ന ശരാശരി ഇന്ത്യന്‍ ഗ്രാമീണന്, പ്രിയപ്പെട്ടവരുടെ മൃതദേഹത്തോടുപോലും നീതികാണിക്കാന്‍ കഴിയില്ല. ആ ദുരവസ്ഥയെ മുറിച്ചുകടക്കാനാണ് മാജി ഭാര്യയുടെ മൃതദേഹവുമെടുത്ത് നടന്നത്. മനുഷ്യജീവിതത്തിന്റെ ഈ മുഖം ചര്‍ച്ചചെയ്യപ്പെടാതിരിക്കാനും തിരിച്ചറിയപ്പെടാതിരിക്കാനും പ്രതികരണങ്ങളുണ്ടാകാതിരിക്കാനുമുള്ള ആയുധമാണ് വര്‍ഗീയധ്രുവീകരണം. യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയവികാരം ആളിക്കത്തിക്കുന്നതിനുള്ള വന്‍ സന്നാഹമാണ് സംഘപരിവാര്‍ ഒരുക്കുന്നത്. ബജ്രംഗ്ദള്‍ വ്യാപകമായി ആയുധപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതും സംഘനേതാക്കള്‍ തുടര്‍ച്ചയായി പ്രകോപനപ്രസ്താവനകള്‍ നടതിയതും ഗോവധത്തിന്റെപേരില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കിയതും അതിന്റെ ഭാഗമായാണ്.  ജനങ്ങളെ മതത്തിന്റെപേരില്‍ ഭിന്നിപ്പിച്ച്, വികാരവിക്ഷോഭത്തിന്റെയും പകയുടെയും കലാപത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ആഹ്വാനംകൂടിയാണ് മാജിയുടെ അനുഭവം.

പ്രധാന വാർത്തകൾ
Top