Top
19
Friday, January 2018
About UsE-Paper

കര്‍ണാടകത്തിലും വര്‍ഗീയ കാര്‍ഡിറക്കി ബിജെപി

Monday Dec 25, 2017
വെബ് ഡെസ്‌ക്‌


അടുത്തവര്‍ഷം മേയില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ വികസനമുദ്രാവാക്യം ഉപേക്ഷിച്ച് ബിജെപി വന്‍തോതിലുള്ള വര്‍ഗീയധ്രുവീകരണത്തിന് ശ്രമങ്ങളാരംഭിച്ചിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസ് ഭരണം നിലവിലുള്ള നാല് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടകം. അവിടെ എങ്ങനെയും അധികാരം തിരിച്ചുപിടിക്കാനുള്ള അമിത് ഷാ തന്ത്രത്തിന്റെ ഭാഗമായാണ് തീരദേശ കര്‍ണാടകം വര്‍ഗീയസ്പര്‍ധയുടെയും വര്‍ഗീയ അക്രമങ്ങളുടെയും കേന്ദ്രഭൂമിയായി മാറുന്നത്.
ഉത്തര കന്നട ജില്ലയിലെ ഹൊന്നാവര്‍ നഗരത്തില്‍ പരേഷ് മേസ്ത എന്ന പതിനെട്ടുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ ഉത്തര കന്നട ജില്ലയിലും തീരദേശ കര്‍ണാടകത്തിലും വര്‍ഗീയവികാരം ആളിക്കത്തിക്കുന്നത്.  ഹൊന്നാവര്‍ തുറമുഖത്ത് അച്ഛനെ മത്സ്യവില്‍പ്പനയില്‍ സഹായിക്കുന്ന പരേഷ് മേസ്തയുടെ മൃതദേഹം ഡിസംബര്‍ എട്ടിനാണ് ഹൊന്നാവര്‍ തടാകത്തില്‍ കണ്ടെത്തിയത്. ഡിസംബര്‍ ആറിന് വീട്ടില്‍നിന്ന് പോയ ഇളയ മകന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് അച്ഛന്‍ കമാക്കര്‍ മേസ്ത പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് പരേഷ് മേസ്തയുടെ  മൃതദേഹം കണ്ടെത്തിയത്.

പരേഷ് മേസ്ത എങ്ങനെയാണ് മരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മുസ്ളിങ്ങളാണ് ഈ കൊലപാതകത്തിന് പിന്നിലെന്നു പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പരസ്യമായിത്തന്നെയും ബിജെപിയും സംഘപരിവാര്‍ അംഗങ്ങളും പ്രചാരണം ആരംഭിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിന് ഹൊന്നാവറില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ചന്ദാവറില്‍ ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് മുസ്ളിംയുവാക്കള്‍ പച്ചക്കൊടി നാട്ടിയിരുന്നു. ഇതില്‍ പ്രകോപിതരായ സംഘപരിവാര്‍ സംഘം അവിടെ കാവിക്കൊടി നാട്ടുകയും ഇത് ഇരുവിഭാഗങ്ങളുംതമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകുകയുംചെയ്തു.  ഡിസംബര്‍ ആറിന് ഹൊന്നാവറില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. അന്നേദിവസം നഗരത്തിലെ ശനീശ്വര ക്ഷേത്രത്തിലേക്കെന്നുപറഞ്ഞ് പോയ പരേഷ് മേസ്തയെ പിന്നീടാരും കണ്ടിട്ടില്ല. ഏതായാലും പരേഷ് മേസ്തയുടെ തിരോധാനവും മരണവും മേഖലയില്‍ രാഷ്ട്രീയസ്വാധീനം നേടാനുള്ള ആയുധമായി ബിജെപിയും സംഘപരിവാറും ഉപയോഗിച്ചു.  ഹിന്ദുമതവിശ്വാസിയാണെങ്കിലും ബിജെപിയുമായോ സംഘപരിവാറുമായോ മകന് ഒരു ബന്ധവുമില്ലെന്ന് കമാക്കര്‍ മേസ്ത ആവര്‍ത്തിക്കുമ്പോഴും പരേഷിനെ തങ്ങളുടെ സജീവപ്രവര്‍ത്തകനായാണ് ബിജെപിയും മറ്റും ചിത്രീകരിക്കുന്നത്. മാത്രമല്ല, ഉത്തര കന്നട ജില്ലയിലെങ്ങും 'ഹിന്ദു പുലി'യായും 'ഹിന്ദു രക്തസാക്ഷി'യായും പരേഷ് മേസ്തയെ ചിത്രീകരിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നു.  മുസ്ളിംവീടുകള്‍ക്കുനേരെ വ്യാപക ആക്രമണങ്ങളുണ്ടായി. 

സ്ഥലം എംപിയും കേന്ദ്ര സ്കില്‍ ഡെവലപ്മെന്റ് മന്ത്രിയുമായ അനന്തകുമാര്‍ ഹെഡ്ഡെയും  ബിജെപി നേതാവും എംപിയുമായ ശോഭ കരന്ദ്ലാജെയും മറ്റും വിദ്വേഷ പ്രസ്താവനകളുമായി രംഗത്തെത്തി. പരേഷ് മേസ്തയുടെ കൊലപാതകത്തിനുപിന്നില്‍ ജിഹാദിസ്റ്റ് സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ശോഭ പ്രസ്താവിച്ചു. വര്‍ഗീയസംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 160 പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ വിട്ടയക്കാനായി ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് കേന്ദ്ര മന്ത്രി ഹെഗ്ഡെ പ്രസ്താവിച്ചു. പരേഷ് മേസ്തയെ ഭീകരമായി മര്‍ദിച്ചാണ് കൊന്നതെന്നും സംഘപരിവാര്‍ പ്രചരിപ്പിച്ചു.  എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഈ ആരോപണം തള്ളി. എന്നിട്ടും പ്രചാരണം തുടര്‍ന്നപ്പോള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ മണിപ്പാലിലെ കസ്തൂര്‍ബ ഗാന്ധി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുടെ പ്രസ്താവനയുമായി രംഗത്തെത്തി.

അതായത് പരേഷ് മേസ്തയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തെ വര്‍ഗീയസ്പര്‍ധ വളര്‍ത്താനുള്ള ശക്തമായ ഉപകരണമാക്കുകയായിരുന്നു ബിപിെയും സംഘപരിവാറും. എന്നാല്‍, മരണത്തിലെ ദുരൂഹത ഇല്ലാതാക്കി വര്‍ഗീയമായി മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെ തടയേണ്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനുള്ള ആര്‍ജവം കാട്ടിയതുമില്ല. പരേഷ് മേസ്തയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് വിട്ടതോടെ എല്ലാം കഴിഞ്ഞെന്ന മട്ടിലാണ് സിദ്ധരാമയ്യ സര്‍ക്കാരലിന്റെ പെരുമാറ്റം. ഈ നിഷ്ക്രിയത്വം സംഘപരിവാറിന് കരുത്ത് നല്‍കി.

ഗൌരി ലങ്കേഷിന്റെയും കലബുര്‍ഗിയുടെയും വധത്തിന് ഉത്തരവാദികളായവരെയും പിടികൂടാന്‍ കര്‍ണാടക പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. സംഘപരിവാറിന്റെ ഹീനശ്രമങ്ങളെ ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാട്ടി അവരുടെ സ്വാധീനത്തില്‍ വിള്ളല്‍വരുത്താനുള്ള അനുകൂലമായ സാഹചര്യമുണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം. മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രസിന്റെ ഈ ദൌര്‍ബല്യമാണ് സംഘപരിവാറിനും ബിജെപിക്കും കരുത്തുപകരുന്നത്.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചത് ഉത്തര-ദക്ഷിണ കന്നട ജില്ലകളിലായിരുന്നു. രണ്ട് ജില്ലകളിലുമായുള്ള 14 സീറ്റില്‍ രണ്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇക്കുറി ഈ പരാജയം ആവര്‍ത്തിക്കാതിരിക്കാനാണ് ശക്തമായ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത്്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലുംമറ്റും പരീക്ഷിച്ച് വിജയിച്ച അതേ കാര്‍ഡ് തന്നെയാണ് ബിജെപി ഇപ്പോള്‍ കര്‍ണാടകത്തിലും ഇറക്കുന്നത്

Related News

കൂടുതൽ വാർത്തകൾ »