ാമേംമൃറ

സെമിനാറില്‍ 'മതാന്ധകാലത്തെ വെളിച്ചപ്പെടലുകള്‍'

Tuesday Feb 14, 2017

കോഴിക്കോട് > മതാന്ധത വര്‍ഗീയതയിലേക്ക് പടരുന്ന കാലത്തെ പൊള്ളുന്ന യാഥാര്‍ഥ്യം വിശകലനം ചെയ്യാന്‍ സെമിനാര്‍. കല്‍ബുര്‍ഗി മുതല്‍ എം ടി വാസുദേവന്‍ നായര്‍ വരെയുള്ള എഴുത്തുകാര്‍ നേരിട്ട ഫാസിസത്തിന്റെ ഭീഷണി തുറന്നുകാട്ടിയാകും 'മതാന്ധകാലത്തെ വെളിച്ചപ്പെടലുകള്‍' സെമിനാര്‍. ദേശാഭിമാനി-എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി 22ന് ടാഗോര്‍ഹാളിലെ ദേശീയ സെമിനാറിലാണ് അസഹിഷ്ണുതയുടെയും ആവിഷ്കാരത്തിന്റെയും വിചാരങ്ങള്‍ സംവാദത്തിന് വിധേയമാവുക. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുമായി സഹകരിച്ചാണ് വിപുലമായ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

മതമൌലികവാദവും മതതീവ്രവാദവും ഉയര്‍ത്തുന്ന ഭീഷണിയും പ്രശ്നങ്ങളും ചര്‍ച്ചയില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കിടും. മതാന്ധതയോട് കയര്‍ത്ത കല്‍ബുര്‍ഗി, ധാബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ എന്നിവരെപ്പോലുള്ള എഴുത്തുകാരെ വധിച്ച ഫാസിസത്തിന്റെ ഭീകരതകളും ചര്‍ച്ചയാകും. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള എഴുത്തുകാരന്റെ സ്വാതന്ത്യ്രത്തെ ഭീഷണിയുടെ സ്വരത്തില്‍ തടയിടാന്‍ ശ്രമിക്കുന്നതിന്റെ ഇരയായി എം ടി വാസുദേവന്‍ നായരും മാറിയ സമകാലീന സാഹചര്യത്തില്‍ വിഷയത്തിന് ഏറെ പ്രസക്തിയുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സഫ്ദര്‍ ഹാഷ്മിയുടെ കൊലപാതകവും  ഇന്ന് രാജ്യം നേരിടുന്ന നോട്ട്പ്രതിസന്ധിയുംപോലുള്ള പൊള്ളുന്ന പ്രശ്നങ്ങളില്‍ എം ടി തന്റെ നിലപാട് വ്യക്തമായി പറഞ്ഞിരുന്നു.

പകല്‍ രണ്ടിന് നടക്കുന്ന സെമിനാറില്‍  ഡോ. എം എന്‍ കാരശ്ശേരി, കെ പി രാമനുണ്ണി, വി സി ഹാരിസ് എന്നിവര്‍ പങ്കെടുക്കും.   സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിപുലമായ സെമിനാറാണ് അരങ്ങേറുക. എം ടിയുടെ സാഹിത്യ-ചലച്ചിത്ര ജീവിതത്തിന്റെ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് വിഷയങ്ങള്‍. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭര്‍ പങ്കെടുക്കും.

22ന് രാവിലെ 10ന്് ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് പ്രതിഭാ റായ്  ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം മുകുന്ദന്‍ മുഖ്യാതിഥിയാകും. സംവിധായകന്‍ ഹരിഹരന്‍,  മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ്ജേക്കബ്                                                                                                                       , ടി ഡി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. 3.30ന് 'കാഥികന്റെ പണിപ്പുര', വൈകിട്ട് 5.15ന് 'എം ടിയുടെ ചിത്രഭാഷ', 23ന് രാവിലെ 10ന് 'ഇരുട്ടിന്റെ ആത്മാവുകള്‍: പ്രാന്തവല്‍കൃത  ജീവിതങ്ങള്‍ എം ടി സാഹിത്യത്തില്‍' പകല്‍ 11.15ന് 'എം ടിയുടെ നീലപ്പെന്‍സില്‍', പകല്‍ രണ്ടിന് 'നാലുകെട്ടുകള്‍ തകരുമ്പോള്‍', 3.45ന് 'ഭാഷാന്തരങ്ങളിലെ എം ടി', വൈകിട്ട് 5.15ന് 'എംടിക്ക് സ്നേഹാദരങ്ങളോടെ' എന്നീ വിഷയങ്ങളും ചര്‍ച്ചയാകും. ആദ്യദിവസം വൈകിട്ട് മോഹിനിയാട്ടവും രണ്ടാം നാള്‍ നാടകവും അരങ്ങേറും.