സര്‍ഗസ്മാരകമായി ശില്‍പ്പവും

കോഴിക്കോട് നഗരത്തില്‍ ഇനി ദേശാഭിമാനി-എം ടി കോര്‍ണര്‍

Sunday Feb 26, 2017
സ്വന്തം ലേഖിക
കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് ജങ്ഷനില്‍ ദേശാഭിമാനി-എം ടി കോര്‍ണറില്‍ എം ടി വാസുദേവന്‍നായര്‍ക്ക് ആദരമായി സ്ഥാപിച്ച ശില്‍പ്പം മന്ത്രി ടി പി രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്യുന്നു

കോഴിക്കോട് > പ്രഥമ ദേശാഭിമാനി പുരസ്കാരം നേടിയ എം ടി വാസുദേവന്‍നായര്‍ക്ക് ആദരമായി കോഴിക്കോട് നഗരത്തില്‍  'ദേശാഭിമാനി-എം ടി കോര്‍ണറും' ശില്‍പ്പവും. എം ടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി പ്രശസ്ത ശില്‍പ്പി സുരേന്ദ്രന്‍ കുക്കാനം നിര്‍മിച്ച ശില്‍പ്പം  കോഴിക്കോട് പബ്ളിക് ലൈബ്രറിക്ക് സമീപം വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് ജങ്ഷനില്‍ ദേശാഭിമാനി-എം ടി കോര്‍ണറിലാണ് സ്ഥാപിച്ചത്. എം ടിയുടെ സതീര്‍ഥ്യരായ എസ് കെ പൊറ്റെക്കാടിന്റെ പ്രതിമയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ നിറഞ്ഞുനില്‍ക്കുന്ന പാതയുടെയും സമീപത്തായാണ് മാനാഞ്ചിറയെ മുഖംനോക്കിയുള്ള ശില്‍പ്പം.
ഒരാഴ്ചയായി  ഉത്സവാഘോഷമായി അരങ്ങേറി,  കോഴിക്കോടിന്റെ ചരിത്രത്തില്‍ സ്ഥാനംപിടിച്ച ദേശാഭിമാനി -എം ടി  സാഹിത്യോത്സവത്തെ അടയാളപ്പെടുത്തുന്ന സര്‍ഗാത്മക സ്മാരകം കൂടിയാണ് ഈ ശില്‍പ്പം. ശില്‍പ്പം മന്ത്രി ടി പി രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.
  വിഖ്യാതമായ രണ്ടാമൂഴത്തിലെ രംഗമാണ് ശില്‍പ്പത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഭീമനും ദ്രോണാചാര്യരും ദ്രൌപദിയും ഹിഡുംബിയുമാണ് ശില്‍പ്പത്തിലുള്ളത്. എട്ടടി ഉയരവും ആറടി വീതിയുമുണ്ട്. മറൈന്‍ പ്ളൈവുഡില്‍ മരപ്പൊടികൊണ്ടാണ് ശില്‍പം തീര്‍ത്തത്. സിമന്റ് ബ്രിക്സിന് മണ്‍നിറം നല്‍കി എക്സ്റ്റീരിയര്‍ ഡിസൈനും ശില്‍പ്പത്തിന് ചുറ്റും നല്‍കിയിട്ടുണ്ട്.
  കരിവെള്ളൂര്‍ സമരചരിത്രം ഉള്‍പ്പെടെ നിരവധി ശില്‍പ്പങ്ങള്‍സുരേന്ദ്രന്‍ നിര്‍മിച്ചിട്ടുണ്ട്. കയ്യൂരിലെയും കരിവെള്ളൂരിലെയും മണ്ണും നെല്ലും ഉപയോഗിച്ച് സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലേക്ക്  ശില്‍പ്പം നിര്‍മിക്കാനൊരുങ്ങുകയാണ് . ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, യേശുദാസിന്റെ നൂറ് പാട്ടുകള്‍ക്ക് നൂറ് ശില്‍പ്പങ്ങള്‍ എന്നിവയൊക്കെ സുരേന്ദ്രന്റെ സൃഷ്ടികളാണ്. കോഴിക്കോട്ട് സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് പ്രചാരണാര്‍ഥവും ശില്‍പ്പം നിര്‍മിച്ചിരുന്നു.
  പബ്ളിക് ലൈബ്രറി പരിസരത്ത് നടന്ന ശില്‍പ്പം അനാച്ഛാദന ചടങ്ങില്‍ ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ സ്വാഗതം പറഞ്ഞു. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജര്‍ ഒ പി സുരേഷ്, സിപിഐ എം ദേശാഭിമാനി ലോക്കല്‍ സെക്രട്ടറി പി സുധാകരന്‍, പരസ്യവിഭാഗം മേധാവി  എം രാജേഷ്ബാബു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് കെ സജീഷ്, കെ ശശികുമാര്‍, പ്രമോദ് കോട്ടൂളി  തുടങ്ങിയവര്‍ പങ്കെടുത്തു.