ാമേംമൃറ

സര്‍ഗാത്മകനായ ഏക പത്രാധിപര്‍: യു കെ കുമാരന്‍

Friday Feb 24, 2017
ംലയറലസെ
'നീലപ്പെന്‍സില്‍' സെമിനാറില്‍ യു കെ കുമാരന്‍ സംസാരിക്കുന്നു. ശത്രുഘ്നന്‍, സി പി അബൂബക്കര്‍, പി കെ പാറക്കടവ്, ഡോ. പി സുരേഷ് എന്നിവര്‍ സമീപം


കോഴിക്കോട് > കേരളം കണ്ട  സര്‍ഗാത്മകനായ ഏക പത്രാധിപരാണ് എം ടി വാസുദേവന്‍ നായരെന്ന് എഴുത്തുകാരനും  പത്രാധിപരുമായ യു കെ കുമാരന്‍ പറഞ്ഞു. ദേശാഭിമാനി-എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ടാഗോര്‍ ഹാളില്‍ 'എം ടിയുടെ നീലപ്പെന്‍സില്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുതിയ എഴുത്തുകാരോട് ഉദാര സമീപനം പുലര്‍ത്തിയ പത്രാധിപരാണ് എം ടി. പുതിയ എഴുത്തുകാരെ അദ്ദേഹം ചങ്കൂറ്റത്തോടെ അവതരിപ്പിച്ചു. സ്വന്തം അഭിരുചിക്കുമപ്പുറം വായനക്കാരുടെ താല്‍പ്പര്യമായിരുന്നു അദ്ദേഹം പരിഗണിച്ചതെന്ന് കുമാരന്‍ പറഞ്ഞു.


  പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരുടെ പേര്കൊടുക്കുന്നത് നിര്‍ത്താന്‍ ധൈര്യം കാണിച്ച പത്രാധിപരാണ് എം ടിയെന്ന് കഥാകൃത്ത് ശത്രുഘ്നന്‍ പറഞ്ഞു. പത്രാധിപരുടെ പേര് വരുന്നതില്‍ വായനക്കാര്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് അത് കൊടുക്കുന്നത് ഒഴിവാക്കിയത്. വായനക്കാരോടുള്ള ഉത്തരവാദിത്തമാണ് അദ്ദേഹം പ്രധാനമായി കണ്ടിരുന്നതെന്ന് ശത്രുഘ്നന്‍ ഓര്‍മിച്ചു.
വലുപ്പച്ചെറുപ്പമില്ലാതെ എഴുത്തുകാരെ കൃത്യമായി തിരിച്ചറിഞ്ഞ പത്രാധിപരാണ് എം ടിയെന്ന് കഥാകൃത്ത് പി കെ പാറക്കടവ് പറഞ്ഞു. സുക്ഷ്മതലത്തില്‍ ഓരോ എഴുത്തുകാരനെയും നിരീക്ഷിക്കാന്‍ എം ടിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. പ്രസിദ്ധീകരണത്തിന് വരുന്ന സൃഷ്ടികള്‍ തിരിച്ചയക്കുമ്പോള്‍ നിരസിക്കാനുള്ള കൃത്യമായ കാരണങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. പുതിയ എഴുത്തുകാര്‍ക്ക് വിശാലമായ വാതായനങ്ങള്‍ തുറന്നിടാനും എം ടി എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും പാറക്കടവ് പറഞ്ഞു.


പത്രാധിപരാണ് ശരിയായ നിരൂപകനെന്ന് തിരിച്ചറിഞ്ഞയാളാണ് എം ടിയെന്ന് മോഡറേറ്ററായി സംസാരിച്ച ദേശാഭിമാനി വാരിക പത്രാധിപര്‍ സി പി അബൂബക്കര്‍ പറഞ്ഞു. ഔചിത്യമില്ലാത്ത പ്രൂഫ് റീഡര്‍മാര്‍ ഇന്ന് പത്രാധിപര്‍ നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.


പുതിയ എഴുത്തിനെയും പുതിയ എഴുത്തുരീതികളെയും നിശ്ശബ്ദമായി പ്രോത്സാഹിപ്പിച്ചയാളാണ് എം ടിയെന്ന് ചര്‍ച്ച ക്രോഡീകരണവും ആമുഖഭാഷണവും നടത്തിയ ഡോ. പി സുരേഷ് അഭിപ്രായപ്പെട്ടു.