ാമേംമൃറ

ഓര്‍മകള്‍ നിളപോലൊഴുകി പിറന്നു, രമണീയമായൊരു കാലം

Friday Feb 24, 2017
ംലയറലസെ


കോഴിക്കോട് > ഓര്‍മയുടെ കിളിവാതിലിലൂടെ നോക്കുമ്പോള്‍ ചിലര്‍ക്ക് എം ടി നിളപോലെ ആര്‍ദ്രമായൊരോര്‍മയാണ്. പെരുന്തച്ചന്‍ പകര്‍ന്നുതന്ന അക്ഷരത്തിന്റെ കൈപിടിച്ച് എഴുത്തിന്റെ ലോകത്തേക്ക് കടന്നതിന്റെ നന്ദിയായി ചിലര്‍ എം ടിക്കു മുന്നില്‍ തലകുമ്പിട്ടു. വേറെയും ചിലരുണ്ടായിരുന്നു, എംടിയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തില്‍ അവര്‍ തലയുയര്‍ത്തിനിന്നു.  പലരും ഓര്‍മകള്‍ക്ക് വാക്കിന്റെ ചിറകുനല്‍കിയപ്പോള്‍ എംടിയുടെ മനസ്സും ആ ഓര്‍മച്ചിറകില്‍ ഭൂതകാലങ്ങളിലേക്ക് പറന്നിട്ടുണ്ടാകണം.
 കഥാകാരന്റെ  സ്നേഹ സൌഹൃദത്തിന്റെ സ്മരണകള്‍ പങ്കിട്ട് എഴുത്തുകാരും ആസ്വാദകരും ഒത്തുചേര്‍ന്നപ്പോള്‍ കഥാകാരന് ആദരവായി. 'ദേശാഭിമാനി' സംഘടിപ്പിച്ച 'എംടിക്ക് സ്നേഹാദരങ്ങളോടെ' കൂട്ടായ്മയില്‍ തെളിഞ്ഞത് അക്ഷരങ്ങളില്‍ മാത്രം ആവിഷ്കരിക്കാനാവാത്ത വികാരമായിരുന്നു.  പ്രഥമ ദേശാഭിമാനി സാഹിത്യപുരസ്കാര സമര്‍പ്പണത്തിന് മുന്നോടിയായിരുന്നു  ഓര്‍മപ്പുസ്തകത്തില്‍ സുഗന്ധഭരിതമായ അധ്യായമെഴുതിച്ചേര്‍ത്ത ധന്യമുഹൂര്‍ത്തം- ആ ഓര്‍മകള്‍ക്ക് ഈണമെന്നോണം ഷഹബാസ് അമന്‍ പാടുകയും ചെയ്തതോടെ രമണീയമായൊരു കാലം മുന്നില്‍ വിടര്‍ന്നു.
എംടിയുടെ ഭാവപ്രപഞ്ചത്തിന്റെ രംഗാവിഷ്കാരം 'മഹാസാഗരം'കൂടി അരങ്ങിലെത്തിയ സായാഹ്നം ജീവിച്ചിരിക്കുന്ന ഒരെഴുത്തുകാരന് ഭാഷയും ദേശവും സമര്‍പ്പിക്കുന്ന പൂര്‍വമാതൃകകളില്ലാത്ത കലാഭിവാദനമായി. 
യു എ ഖാദര്‍, മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍, ഡോ. എം എം ബഷീര്‍, സി വി ബാലകൃഷ്ണന്‍, ആത്മമിത്രം എന്‍ പി മുഹമ്മദിന്റെ മകന്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, കെ പി രാമനുണ്ണി, എ പ്രദീപ്കുമാര്‍ എംഎല്‍എ, വിത്സണ്‍ സാമുവല്‍, പോള്‍ കല്ലാനോട്, കവി പി ടി നരേന്ദ്രമേനോന്‍, ഫ്രന്‍ഡ്ലൈന്‍ ഡെപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍   എം ടിയെ   വാക്കുകളില്‍ വരച്ചിട്ടു. കഥാകൃത്ത് വി ആര്‍ സുധീഷ് മോഡറേറ്ററായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതവും ഡോ. വി സുകുമാരന്‍ നന്ദിയും പറഞ്ഞു.
  എംടിയുടെ തട്ടകമായ കൂടല്ലൂരിന്റെ ആശീര്‍വാദവുമായി എഴുത്തുകാരനും ബന്ധുവുമായ എം ടി രവീന്ദ്രന്‍, കുഞ്ഞാവ, മുഹമ്മദ്കുട്ടി എന്ന കുഞ്ഞാപ്പാജി, റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുസംഘവുമുണ്ടായിരുന്നു. ഡിപിഐയും കഥാകൃത്തുമായ കെ വി മോഹന്‍കുമാര്‍, നടന്‍ മേഘനാഥന്‍, തുഞ്ചന്‍ സ്മാരക ട്രസറ്റ്  സെക്രട്ടറി പി നന്ദകുമാര്‍, കുട്ട്യേടത്തി വിലാസിനി, കെ ഇ എന്‍ കുഞ്ഞഹമ്മദ്, ബി എം സുഹ്റ, പി പി ശ്രീധരനുണ്ണി, വിജയലക്ഷ്മി ബാലന്‍, സാവിത്രി ശ്രീധരന്‍, പി കെ ഗോപി, കെ ടി സി അബ്ദുള്ള, ഡോ. ഹുസൈന്‍ മടവൂര്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്,  വാരികാ പത്രാധിപര്‍ പ്രൊഫ. സി പി അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 ഈ നഗരത്തോട് കടപ്പെട്ടിരിക്കുന്നതായി ഓര്‍മകള്‍ പങ്കിട്ട് എം ടി പറഞ്ഞു. ഇത്തരമൊരു അവസരമൊരുക്കിയ ദേശാഭിമാനിയോടും നന്ദി പ്രകടിപ്പിച്ചു.