22 May Tuesday

സ്കൂള്‍ സമയത്തെത്തിയ ടിപ്പര്‍ തടയുന്നതിനിടെ യുവാവ് ടയര്‍ കയറി മരിച്ചു

Thursday Jan 12, 2017

നെടുമങ്ങാട് > വേട്ടമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റില്‍ സ്കൂള്‍ സമയത്ത് മെറ്റല്‍ എടുക്കാന്‍ പോയ ടിപ്പര്‍ ലോറിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട്  യുവാവ് മരിച്ചു. ഇരിഞ്ചയം വേട്ടമ്പള്ളി പത്രംകോട് കൃഷ്ണനാശാരിയുടെയും  ഓമനയുടെയും മകന്‍  ഷിബു (42)വാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10ന് വേട്ടമ്പള്ളി ലക്ഷംവീടിന് സമീപത്താണ് സംഭവം നടന്നത്.


ബുധനാഴ്ച രാവിലെ ക്രഷറിലേക്കു വന്ന ലോറിയെ ഷിബു കൈകാണിച്ച് തടയാന്‍ ശ്രമിച്ചു. എന്നാല്‍, ടിപ്പര്‍ നിര്‍ത്താതെ മുന്നോട്ടു പോകുന്നതിനിടയില്‍ ഷിബു വാഹനത്തിനടിയില്‍പ്പെട്ടുപോകുകയായിരുന്നു. വീഴ്ചയില്‍ തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങിയായിരുന്നു മരിച്ചത്. സംഭവമറിഞ്ഞ് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി.  ഡ്രൈവര്‍ ചാങ്ങ സ്വദേശി അരുണ്‍ കുമാറിനെയും വാഹനത്തെയും സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. ഷിബു അവിവാഹിതനാണ്. തൊട്ടടുത്തായി രാമപുരം യുപി സ്കൂളും കെകെവി എല്‍പി സ്കൂളും പ്രവര്‍ത്തിക്കുന്നതിനാല്‍  ടിപ്പര്‍ലോറികള്‍  രാവിലെ 10നു മുമ്പും വൈകിട്ട് നാലിനുശേഷവും റോഡിലൂടെ സഞ്ചരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച ടിപ്പര്‍ തടയുന്നതിനിടെയാണ് ഷിബുവിന്റെ ദാരുണമരണം.


Top