20 October Saturday

പുതുവത്സരാഘോഷം: യുവാവ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു

Tuesday Jan 2, 2018

ബാലരാമപുരം > പുതുവത്സരം ആഘോഷിക്കാനെത്തിയ യുവാവ് സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടു. ബാലരാമപുരം റസല്‍ പുരം കളത്തുവിള കെ എസ് നിവാസില്‍ പിങ്കു എന്ന് വിളിക്കുന്ന അരുണ്‍ ജിത്ത് (31) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെ ബാലരാമപുരം പാറക്കുഴി ഹരിജന്‍ കോളനിയിലാണ് സംഭവം. പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കോളനിയിലെത്തിയ അരുണ്‍ ജിത്തും പ്രദേശവാസികളായ ചിലരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തലയ്ക്കടിയേറ്റ് ഇയാള്‍ അബോധാവസ്ഥയിലായി. വിവരമറിഞ്ഞെത്തിയ ബാലരാമപുരം പൊലീസ് അരുണ്‍ ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. നെയ്യാറ്റിന്‍കര സിഐ എസ് എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. നിരവധി കേസുകളില്‍ പ്രതിയാണ് അരുണ്‍ ജിത്ത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ആര്യ. മകള്‍: അഭി (രണ്ട് വയസ്സ്).
 

Top