23 September Sunday

നിയന്ത്രണം വിട്ട ബൈക്ക് വാഹനങ്ങളില്‍ ഇടിച്ചുമറിഞ്ഞ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Saturday Nov 11, 2017

തിരുവനന്തപുരം > കമലേശ്വരത്ത് വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടിയൂര്‍ക്കാവ് കരിമണ്‍കുളംറോഡ് സിന്ദൂരം വീട്ടില്‍ എ പി ആദിത്യന്‍ (19), മണ്ണാമൂല വിവേകാനന്ദ റോഡ് അരുവിയില്‍ എസ് അരവിന്ദ് (19) എന്നിവരാണ് മരിച്ചത്. മണക്കാട് നാഷണല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികളാണ് ഇരുവരും.

വെള്ളിയാഴ്ച പകല്‍ 12.50നാണ് അപകടം. ഇരുവരും ഭക്ഷണം കഴിക്കാന്‍ മണക്കാട് ഭാഗത്തേക്ക് ബൈക്കില്‍ പോകവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരെവന്ന ബൈക്കിലും ഓട്ടോയിലും ഇടിച്ചശേഷം മറുവശത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് അമിത വേഗത്തിലായിരുന്നതായി ട്രാഫിക് പൊലീസ് പറഞ്ഞു. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവര്‍ക്കും ഗുരുതര പരിക്കുണ്ട്.

അനില്‍കുമാറിന്റെയും പ്രീതയുടെയും മകനാണ് മരിച്ച ആദിത്യന്‍. സഹോദരന്‍: എ പി അഭിനവ് (കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ പത്താംക്ളാസ് വിദ്യാര്‍ഥി). പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജീവനക്കാരന്‍ ശിവപ്രസാദിന്റെയും ബീനയുടെയും മകനാണ് എസ് അരവിന്ദ്. സഹോദരന്‍: എസ് അശ്വിന്‍ (പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയം ആറാം ക്ളാസ് വിദ്യാര്‍ഥി).

 

Top