പോരാട്ടത്തിന്റെ കനല്‍വഴികള്‍ താണ്ടി കെ എസ്

Tuesday Feb 20, 2018
ഇ സി സുരേഷ്

ചാലക്കുടി > പോരാട്ടത്തിന്റെ കനല്‍വഴികള്‍ തൊണ്ണൂറ്റിമൂന്നാം വയസ്സിലും കെ എസ് ഓര്‍ത്തെടുക്കുന്നു. 1946ല്‍ 19-ാമത്തെ വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ടിയംഗമായ കെ എസ് എന്ന കെ എസ് ദാമോദരന്‍ പങ്കെടുത്ത പോരാട്ടങ്ങള്‍ നിരവധി. മേലൂര്‍ പഞ്ചായത്തിലെ കുന്നപ്പിള്ളിയില്‍ കോച്ചേരി ശങ്കരന്റെയും ലക്ഷ്മിയുടെയും മകനായ കെ എസ്, ശ്രീനാരായണഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി. 17-ാം വയസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം  കൊച്ചി രാജ്യത്തെ കുന്നപ്പിള്ളിയില്‍ എസ്എന്‍ഡിപിയുടെ 129-ാമത്തെ ശാഖ രൂപീകരിച്ചു.

പിന്നീടാണ് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് എത്തുന്നത്. 1944ല്‍ പരിയാരത്ത് നടന്ന അഖില കൊച്ചി കര്‍ഷക സമ്മേളനം കെ എസിന് ആവേശകരമായ അനുഭവമായി. എ കെ ജിയായിരുന്നു ഉദ്ഘാടകന്‍. പരിയാരം കുരിശങ്ങാടിയില്‍നിന്ന് 60 കാളവണ്ടികളുടെ അകമ്പടിയോടെയാണ് എ കെ ജിയെ സമ്മേളനനഗരിയിലേക്ക് ആനയിച്ചതെന്നും കെ എസ് തെളിമയോടെ ഓര്‍ക്കുന്നു.

1944ല്‍ കര്‍ഷകസംഘം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു അനുഭാവി ഗ്രൂപ്പ് രഹസ്യമായി രൂപീകരിച്ചു. 1946 ആയതോടെ പാര്‍ടിയുടെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനായി കെ എസ് മാറി. 1946ല്‍ വയലാര്‍ സമരത്തില്‍ പങ്കെടുത്ത നാലുപേരെ ഒളിവില്‍ താമസിപ്പിക്കേണ്ട ചുമതല കെ എസിനായിരുന്നു. കുന്നപ്പിള്ളിയിലും തൃപ്പാപ്പിള്ളിയിലും അവര്‍ക്ക് സുരക്ഷിതമായ ഒളിത്താവളമൊരുക്കി.

പാലിയം സത്യഗ്രഹമാണ് കെ എസ് പങ്കെടുത്ത ഉജ്വല സമരങ്ങളിലൊന്ന്. കൊല്ലവര്‍ഷം 1123 (1948) കുംഭം 28ന് പാലിയം സമരനേതാക്കളിലൊരാളായ ആര്‍ ജി വേലായുധന്‍ മര്‍ദനമേറ്റ് മരിച്ചു. ജാതിവ്യവസ്ഥക്കും ജന്മി നാടുവാഴിത്തത്തിന്റെ മര്‍ദക വാഴ്ചയ്്ക്കുമെതിരെ പൊരുതി മരിച്ച കെ ജി വേലായുധന്റെ വീരസ്മരണകള്‍ നാടകമാക്കി അവതരിപ്പിക്കാന്‍ കര്‍ഷകസംഘം തീരുമാനിച്ചു. സാധുനാരായണ പ്രസാദ് (മാത്തേലി നാരായണന്‍ മാസ്റ്റര്‍) നാടകം എഴുതി. ഇതില്‍ പെണ്‍വേഷം കെട്ടി അഭിനയിച്ചത് കെ എസ് ആയിരുന്നു. നാടകം പൊലീസ് നിരോധിച്ചു. നിരോധന ഉത്തരവ് ശങ്കുണ്ണി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് വീടുകളിലെത്തിച്ചത്.

1948ല്‍ സെറ്റില്‍മെന്റ് കോളനി എന്ന മാനേജ്മെന്റ് സ്ഥാപനം കോടശേരിയിലെ മേട്ടിപ്പാടം ഭാഗത്ത് (അന്നത് പരിയാരം പഞ്ചായത്തിന്റെ ഭാഗം) കൃഷിക്കാരുടെ ഭൂമി ഒഴിപ്പിച്ച് അവരുടെ ഭൂമിയോട് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം നടത്തി. ഭൂമി തിരിച്ചുപിടിക്കാന്‍ കര്‍ഷകസംഘം തീരുമാനിച്ചു. ഇടവം 28ന് പുലര്‍ച്ചെ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ കെ എസിന്റെ നേതൃത്വത്തില്‍ തര്‍ക്ക ഭൂമിയിലേക്ക് മാര്‍ച്ച് ചെയ്തു. വിവരമറിഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് രംഗത്തെത്തി. സംഘര്‍ഷത്തില്‍ ഇന്‍സ്പെക്ടര്‍ ശങ്കുണ്ണി മരിച്ചു. തുടര്‍ന്ന് എംഎസ്പിക്കാരുടെ നരനായാട്ടായിരുന്നു നാട്ടില്‍. മാസങ്ങളോളം ആനാട്ട് ചോല എന്ന മലയില്‍ ഒളിവില്‍ക്കഴിഞ്ഞ കെ എസ് ഒടുവില്‍ അറസ്റ്റിലായി. വിചാരണത്തടവുകാരനായി. പിന്നെ ജയില്‍വാസം. കേസില്‍ ശിക്ഷിക്കപ്പെട്ടില്ല.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ താലൂക്ക് കമ്മിറ്റിയംഗമായും കര്‍ഷകസംഘത്തിന്റെ താലൂക്ക് പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചുനിന്നു. ചാലക്കുടിയില്‍ സിപിഐ എം രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത മൂന്നുപേരില്‍ ഒരാളായി. വര്‍ഗീസ് കുമരിക്കല്‍, വി വി ദാമോദരന്‍ എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍. 1979ല്‍ ചേലൂര്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അനുഭവങ്ങളുടെ നീണ്ട സമ്പത്തുമായി ഈ പ്രായത്തിലും ഇദ്ദേഹം പാര്‍ടി അംഗമായി തുടരുന്നു; പുതുതലമുറയെ ആവേശം കൊള്ളിച്ച്.

ചരിത്രം
ഒരുക്കം‍‌