പൂങ്കുന്നത്ത് ഇപ്പോഴുമുണ്ട് ആ വീട്

Saturday Feb 17, 2018
സി എ പ്രേമചന്ദ്രന്‍
പ്രേംജിയും ആര്യയും

തൃശൂര്‍ > പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുസമീപമാണ് ആ പഴയ ഇരുനിലവീട്. സാമൂഹ്യപരിഷ്കരണ പോരാളികളായ പ്രേംജിയും ആര്യയും പതിറ്റാണ്ടുകള്‍ കഴിഞ്ഞത് ഈ വീട്ടില്‍. മാറ്റത്തിന്റെ കാഹളം മുഴക്കിയ ഒരുപാട് കലാസൃഷ്ടികള്‍ ഈ വീട്ടില്‍ പിറന്നു. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത്് ഇവിടം നേതാക്കള്‍ക്ക് സുരക്ഷിത താവളമായി. പക്ഷേ, ആരും ഒന്നും അറിഞ്ഞില്ല. പതിറ്റാണ്ടുകളോളം പാര്‍ടി രഹസ്യംപോലെ ഇത്  സൂക്ഷിച്ചു.

ഒരിക്കല്‍ സംശയംതോന്നി പൊലീസ് വീട്ടിലെത്തി. ആര്യ പുറത്തെത്തി സധൈര്യം ചോദ്യങ്ങള്‍ക്കുത്തരം നല്‍കി. ഇതു കേട്ട് പൊലീസ് പിന്‍വാങ്ങി.  സി അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍  വീട്ടിലെ വൈക്കോല്‍ കൂനയ്ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു അപ്പോള്‍.

1946ലാണ് ആര്യയുമായുള്ള പ്രേംജിയുടെ വിവാഹം. വിധവയായ ആര്യാദേവിയെ എം പി ഭട്ടതിരിപ്പാടെന്ന പ്രേംജി വിവാഹം കഴിച്ചത് സമുദായത്തെ ഞെട്ടിച്ചു. ആഘോഷങ്ങളില്ലാതെ വി ടിയുടെയും ഇ എം എസിന്റെയും സാന്നിധ്യത്തിലായിരുന്നു ആ വിവാഹം. ഇതോടെ സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. ബന്ധുക്കള്‍പോലും തൊടാന്‍ മടിച്ച ജീവിതസാഹചര്യത്തെ കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തനത്തിലൂടെ ഇരുവരും മറികടന്നു.

പ്രേംജിയുടെ വീട്

പ്രേംജിയുടെ വീട്


പതിനഞ്ചാം വയസ്സിലാണ് ആര്യ വിധവയായത്. ഇവരുടെ ജേഷ്ടത്തി താത്രി മരിച്ചപ്പോള്‍ അനാഥയായ കുട്ടിയെ നോക്കാനെന്ന പേരില്‍ ചേച്ചിയുടെ ഭര്‍ത്താവ് ചാലക്കുടി കുറിയേടം മനയില്‍ ത്രിവിക്രമന്‍ നമ്പൂതിരി 14 കാരിയായ ആര്യയെ വേളി കഴിച്ചു. അദ്ദേഹം മരിച്ചതോടെ 15-ാം വയസ്സില്‍ ആര്യ വിധവയായി. പിന്നീട് സ്വന്തം വീടായ അന്തിക്കാട് കരുവാട്ട് മനയില്‍ അച്ഛന്‍ നീലകണ്ഠന്‍നമ്പൂതിരിക്കും അമ്മ ഉമാദേവിക്കുമൊപ്പം താമസം. വീട്ടില്‍ കടുത്ത ദാരിദ്യ്രമായിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ അനുജന്‍ നീലകണ്ഠന്‍ ആര്യയെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുവിളിച്ചു. അവിടെ 12 വര്‍ഷം വിധവാജീവിതം.

ഈ വീട്ടില്‍ നീലകണ്ഠന്റെ സുഹൃത്തെന്നനിലയില്‍ 'കമ്യൂണിസ്റ്റ് സഞ്ചി'യും തൂക്കി പ്രേംജി പലപ്പോഴും എത്തുമായിരുന്നു. നീലകണ്ഠനാണ് പ്രേംജിയുമായുള്ള വിവാഹക്കാര്യം ആലോചിച്ചത്. വീടു ഭാഗംവച്ചപ്പോള്‍ ലഭിച്ച 5000 രൂപമാത്രമാണ് തനിക്കുള്ളതെന്നും ദുരിതം പേറേണ്ടിവരുമെന്നും പ്രേംജി ആര്യയോട് പറഞ്ഞു.  ഇതിനിടെ ആര്യയുടെ വീട്ടുകാരും വിവാഹത്തില്‍നിന്നൊഴിയാന്‍ സമ്മര്‍ദംചെലുത്തി. എന്നാല്‍, അന്തര്‍ജനങ്ങളുടെ വിമോചന പോരാട്ടമെന്ന നിലയില്‍ ആര്യ വിവാഹത്തിന് സമ്മതിച്ചു.

വിവാഹശേഷം കോഴിക്കോട്ട് വാടകവീട്ടിലേക്ക് ഇരുവരും താമസം മാറ്റി. പ്രേംജി കോഴിക്കോട് ദേശാഭിമാനിയിലും പിന്നീട്  തൃശൂര്‍ മംഗളോദയത്തിലും പ്രൂഫ് റീഡറായി ജോലി നോക്കി. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനംമൂലം മംഗളോദയത്തിലെ ജോലി നഷ്ടപ്പെട്ടു. ഇതിനിടെ അനുജന്റെ സഹായത്തോടെ പൂങ്കുന്നത്ത് വീടും സ്ഥലവും വാങ്ങി. 

ഈ വീട് എഴുത്തുകാരുടെ സംഗമവേദിയായിരുന്നു. മുണ്ടശ്ശേരി, ചെറുകാട്, വയലാര്‍ രാമവര്‍മ,  എസ് കെ പൊറ്റക്കാട്, കെ കെ രാജ തുടങ്ങി നിരവധിപേര്‍ ഒന്നിച്ചുകുടും. കൃതികള്‍ എഴുതും. തെക്കന്‍ കേരളത്തില്‍ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകം അവതരിപ്പിച്ചപ്പോള്‍ മധ്യകേരളത്തില്‍ ചെറുകാടിന്റെ 'നമ്മള്‍ ഒന്ന്' എഴുതി അവതരിപ്പിച്ചു. പി ജെ ആന്റണി, എം എസ് നമ്പൂതിരി, പരിയാനംപറ്റ, പൊന്‍കുന്നം ദാമോദരന്‍, എം എസ് ബാബുരാജ് തുടങ്ങിയവര്‍ക്കൊപ്പം പ്രേംജിയും അഭിനയിച്ചു. പ്രേംജി പിന്നീട് അറിയപ്പെടുന്ന സിനിമ നടനായി. 'പിറവി'യിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. 1964ല്‍ തൃശൂര്‍ നഗരസഭയിലേക്ക് മത്സരിച്ച് ആര്യ കൌണ്‍സിലറായിട്ടുണ്ട്.  1998ല്‍ പ്രേംജിയും 2016ല്‍ ആര്യ അന്തര്‍ജനവും അന്തരിച്ചു. അമ്മയെക്കുറിച്ച് മകന്‍ നീലന്‍ നിര്‍മിച്ച അമ്മയെന്ന ഡോക്യുമെന്ററിക്കും ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

പ്രേംജിയുടെ വീട് ഇപ്പോഴും പൂങ്കുന്നത്തുണ്ട്. ഈ പുരയിടത്തിലാണ് സിപിഐ എം ജൈവപച്ചക്കറി കൃഷിയിറക്കിയത്.

ചരിത്രം
ഒരുക്കം‍‌