എ കെ ജിക്കൊപ്പം ജയില്‍വാസം; വിപ്ളവഓര്‍മകളില്‍ ദേവകി നമ്പീശന്‍

Thursday Feb 15, 2018
എ എസ് ജിബിന

തൃശൂര്‍ > പാവങ്ങളുടെ പടത്തലവന്‍ എ കെ ജിക്കൊപ്പം ഒരു മാസം ജയില്‍വാസം. ജീവിതത്തിലെ ആ പ്രധാനവഴിത്തിരിവ് ദേവകി നമ്പീശന്‍ അതേ ആവേശത്തോടെ ഓര്‍ക്കുന്നു. വിപ്ളവോര്‍ജം പകരുന്ന എ കെ ജിക്കൊപ്പമുള്ള നാളുകളാണ് ദേവകി നമ്പീശന് അടിപതറാത്ത സമരവീര്യം പകര്‍ന്നത്. വാര്‍ധക്യത്തിന്റെ ചുളിവുകള്‍ ഈ 85 വയസ്സുകാരിയുടെ വിപ്ളവഓര്‍മകളെ കീഴ്പ്പെടുത്തിയിട്ടില്ല.

1961... കൊട്ടിയൂര്‍ ദേവസ്വം സ്ഥലങ്ങള്‍ എന്‍എസ്എസ് 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തു. ഇതിനെതിരെ എ കെ ജിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍നിന്ന് സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ ജാഥ പുറപ്പെട്ടു. ജാഥാംഗങ്ങളില്‍ നാലുപേര്‍ സ്ത്രീകളായിരുന്നു. തൃശൂരിലെത്തിയതോടെ ഇതിലൊരാള്‍ക്ക് കടുത്ത രക്തസ്രാവം തുടങ്ങി. അതോടെ മറ്റൊരു വനിതാ അംഗത്തിനൊപ്പം അവരെ ആശുപത്രിയിലേക്കയച്ചു. ഈ രണ്ടുപേരുടെ ഒഴിവിലേക്ക് സ്ത്രീകളെ സംഘടിപ്പിക്കേണ്ട ചുമതല കമ്യൂണിസ്റ്റ് നേതാവ് എ എസ് എന്‍ നമ്പീശനായിരുന്നു.

രാത്രി പത്തരയോടടുത്ത് അദ്ദേഹം വീട്ടിലേക്കെത്തി. ഭാര്യ ദേവകിയോട് കാര്യങ്ങളവതരിപ്പിച്ചു. സ്വന്തം വീട്ടില്‍ സ്ത്രീകളുള്ളപ്പോള്‍ എന്തിന് മറ്റു സ്ത്രീകളോട് സമരത്തിന് വരാന്‍ ആവശ്യപ്പെടണമെന്ന അദ്ദേഹത്തിന്റെ നിലപാട് ദേവകിയും ശരിവച്ചു. നാലുമക്കളും ഉറങ്ങിയിരുന്നു. അച്ഛനെ മാത്രം വിവരമറിയിച്ച് എ എസ് എന്‍ നമ്പീശന്‍ ദേവകിയുമായി എ കെ ജിക്കരികിലേക്ക് പോയി. കൊട്ടിയൂരില്‍നിന്നു വന്ന സാവിത്രിക്കും രാധമ്മയ്ക്കുമൊപ്പം തൃശൂരില്‍നിന്ന് ദേവകി നമ്പീശനും അമ്മുവും ഇടംപിടിച്ചു. ആ സമയം ജാഥാംഗങ്ങളോട് എ കെ ജി പറഞ്ഞു- ചിലപ്പോള്‍ പൊലീസും ലാത്തിച്ചാര്‍ജുമൊക്കെയുണ്ടാകും പതറരുത്.

പ്രാദേശികസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അന്ന് ആദ്യമായാണ് ദേവകി നമ്പീശന്‍ പ്രധാന ജാഥകളുടെ ഭാഗമാകുന്നത്. പുലര്‍ച്ചെ തൃശൂരില്‍നിന്ന് പുറപ്പെട്ട ജാഥ തൃപ്പൂണിത്തുറയെത്തിയതോടെ പൊലീസ് തടഞ്ഞു. ജാഥാംഗങ്ങളെ അറസ്റ്റ്ചെയ്ത് ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. സ്ത്രീകളെല്ലാവരും ഒരു മുറിയില്‍. അതിന് എതിര്‍വശത്തെ മുറിയില്‍ എ കെ ജിയുള്‍പ്പടെയുള്ളവര്‍. അവിടെയും എ കെ ജി തന്റെ പോരാട്ടവീര്യം പ്രകടമാക്കി. നല്ല ഭക്ഷണത്തിനായി സമരം ചെയ്തു. കോടതിയിലേക്ക് കൊണ്ടുപോകുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഏവരെയും സമരോത്സുകരാക്കാനും വിപ്ളവമുദ്രവാക്യങ്ങളുയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കൊട്ടിയൂര്‍ സമര വാര്‍ത്തയുമായി 1961 ഡിസംബറിലെ ദേശാഭിമാനി

കൊട്ടിയൂര്‍ സമര വാര്‍ത്തയുമായി 1961 ഡിസംബറിലെ ദേശാഭിമാനിദേവകിയുടെ ഇളയമകള്‍ ഗീത അന്ന് കൈക്കുഞ്ഞാണ്. മൂത്തമകള്‍ ആര്യദേവിക്ക് സ്കൂളില്‍ പോവണം. രണ്ടാമത്തെയാള്‍ സതിയെയും മൂന്നാമന്‍ സോമനെയും നോക്കണം. ചിന്തകള്‍ വട്ടമിട്ടപ്പോള്‍ മാതൃഹൃദയം തേങ്ങി.  എങ്കിലും ഉള്ളിലെ സമരവീര്യത്തിന്റെ കരുത്തില്‍ ദേവകി ആ ചിന്തകളെ അതിജീവിച്ചു. കുഞ്ഞിന് പാല്‍ കൊടുക്കാതെ വന്നപ്പോള്‍  അമ്മയ്ക്ക് വേദന തുടങ്ങി. പാല്‍കിട്ടാതെ കുഞ്ഞും നിര്‍ത്താതെ കരഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എ എസ് എന്‍ നമ്പീശന്‍ കുഞ്ഞിനെ ജയിലില്‍ കൊണ്ടുവന്നു.

മാപ്പെഴുതിക്കൊടുത്താല്‍ ജയില്‍മോചിതയാവാമെന്ന് പലരും  ദേവകിയെ ഉപദേശിച്ചു. മാപ്പെഴുതാന്‍ തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല. പിന്നെയെന്തിന് മാപ്പ് പറയണമെന്ന ചിന്തയില്‍ ദേവകി ഉറച്ചുനിന്നു. ഒരുമാസത്തെ ജയില്‍വാസത്തിനുശേഷം കോടതി ശിക്ഷിക്കാതെ വെറുതെ വിട്ടു.

ചരിത്രം
ഒരുക്കം‍‌