ബിജെപിയെ അധികാരത്തിൽ നിന്ന്‌ താഴെയിറക്കാൻ സംസ്ഥാന സമ്മേളനം കരുത്തുപകരും: കോടിയേരി

Sunday Feb 25, 2018

സ. മാമക്കുട്ടി നഗര്‍ (തൃശൂര്‍) > ബിജെപിയെ അധികാരത്തിൽ നിന്നും  താഴെയിറക്കാൻ സംസ്ഥാന സമ്മേളനം കരുത്താകുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്ഥാന സമ്മേളനത്തിന്റെ  സമാപന പൊതുയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

മൂന്നുവർഷം മുൻപ്‌ സിപിഐ എം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുമ്പോൾ സംസ്ഥാനം ഭരിച്ചിരുന്നത്‌ യുഡിഎഫ്‌ സർക്കാരാണ്‌. രാജ്യത്ത്‌ ബിജെപി അധികാരത്തിൽ എത്തിയിരുന്നു. ആലപ്പുഴ സമ്മേളനത്തിൽ നിന്നുമാർജിച്ച കരുത്താണ്‌ യുഡിഎഫിനെ അധികാരത്തിൽ നിന്നു തുരത്താൻ സഹായകമായത്‌. തൃശൂരിൽ ഇന്ന്‌ സമാപിച്ച സംസ്ഥാന സമ്മേളനം ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള കരുത്ത്‌ സംഘടനക്ക്‌ നൽകുമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ ഇടതുപക്ഷത്തിനു പരമാവധി സീറ്റുകൾ ജയിക്കാൻ കഴിയണം. 2004ൽ ബിജെപി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നടന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്ക്‌ 18 സീറ്റ്‌ ലഭിച്ചു. ലോക്‌സഭയിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിച്ചതിന്റെ ഭാഗമായി ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനായി.

ബിജെപിക്കെതിരെ ശരിയായ ബദലിന്‌ രൂപം നൽകാൻ കഴിയുന്നത്‌ ഇടതുപക്ഷത്തിനാണ്‌. നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസും തമ്മിൽ കാര്യമായ വ്യത്യാസമില്ല. ഇരുപാർടികളും നവ ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നു. ബിജെപി തീവ്രഹിന്ദുത്വ നയങ്ങൾക്ക്‌ ബദലായി കോൺഗ്രസ്‌ മൃദുഹിന്ദുത്വ നയമാണ്‌ പരീക്ഷിക്കുന്നത്‌. ഇതിനു രണ്ടിനും ശരിയായ ബദൽ മുന്നോട്ടു വയ്‌ക്കുന്നത്‌ ഇടതുപക്ഷമാണ്‌.

എൽഡിഎഫ്‌ സർക്കാരിന്റെ വികസന പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പാർടി ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു. ഭവനരഹിതർക്കായി  സിപിഐ എം സംസ്ഥാനമൊട്ടാകെ 2000 വീടുകൾ നിർമിച്ചു നൽകും. ഒരു ലോക്കലിൽ കുറഞ്ഞത്‌ ഒരു വീടെങ്കിലും നിർമിക്കാനാണ്‌ തീരുമാനം. ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച്‌ 2000 കേന്ദ്രങ്ങളിൽ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ പാർടി ഏറ്റെടുക്കും. ഒരു ജില്ലയിൽ ഒരു പുഴ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പാർടി ജില്ലാ കമ്മിറ്റികൾ ഏറ്റെടുക്കും. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പാർടി ഏറ്റെടുക്കും.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ‐എയിഡഡ്‌ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സർക്കാർ നടപടികളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളും പാർടി ഏറ്റെടുക്കും.  ഒരു ഏരിയയിൽ ഒരു സർക്കാർ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളിലും പാർടി സഹകരിക്കും. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 209 ആശുപത്രികളുടെ നവീകരണം പാർടി ഏറ്റെടുക്കും.

കേരളമൊട്ടാകെ 2000 സാന്ത്വന പരിചരണ കേന്ദ്രങ്ങൾ പാർടി മുൻകൈയെടുത്ത്‌ സ്ഥാപിക്കും. അത്യാസന്ന നിലയിലുള്ള രോഗികൾക്ക്‌ വീടുകളിൽ ചെന്ന്‌ പരിചരണം നൽകാനായി ഒരു ലോക്കലിൽ പത്ത്‌ വളണ്ടിയർമാർക്ക്‌ പരിശീലനം നൽകും. സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ പാർടി തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ചരിത്രം
ഒരുക്കം‍‌