വിഭാഗീയതയ്ക്ക് അന്ത്യം കുറിച്ചു; സിപിഐ എമ്മിന് ഒരു ശബ്ദമേയുള്ളൂ: കോടിയേരി

Sunday Feb 25, 2018
പ്രത്യേക ലേഖകന്‍

 തൃശൂര്‍> സിപിഐ എമ്മില്‍ വിഭാഗീയതയ്ക്ക് പൂര്‍ണമായും അന്ത്യംകുറിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരള പാര്‍ട്ടിയില്‍ 1991ന് ശേഷം നിലനിന്നിരുന്ന പ്രത്യേക സാഹചര്യമായിരുന്നു വിഭാഗീയ പ്രശ്നം. പോളിറ്റ് ബ്യൂറോ സഹായത്തോടെ ഓരോ ഘട്ടത്തിലും ഇതില്‍ മാറ്റം വരുത്താന്‍ ശ്രമം നടന്നു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം വിഭാഗീതയ്ക്ക് അന്ത്യം കുറിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം യാഥാര്‍ഥ്യമായി. 14 ജില്ലാ സമ്മേളനങ്ങളിലും അത് പ്രകടമായി.

അതിന്റെ ഉയര്‍ന്ന രൂപമായി കൂട്ടായ നേതൃത്വം യാഥാര്‍ഥ്യമായിരിക്കുകയാണ്. സിപിഐ എമ്മിന് ഒരു ശബ്ദമേയുള്ളൂ, വ്യത്യസ്ത ശബ്ദമില്ല എന്നത് പ്രധാന നേട്ടമാണ്. നേതാവിന്റെയോ നേതാക്കളുടെയോ പിന്നിലല്ല, പാര്‍ട്ടിക്ക് പിന്നിലാണ് ജനങ്ങള്‍ അണിനിരക്കുന്നത്. ഈ സംഘടനാ ശക്തി ഉപയോഗിച്ച് കൂടുതല്‍ ജനപിന്തുണയോടെ മുന്നോട്ടുപോകും. വിഭാഗീയത ഇല്ലാതായതോടെ ശത്രുവര്‍ഗത്തിനെതിരായ പോരാട്ടം കേന്ദ്രീകരിക്കാന്‍ കഴിയുമെന്നത് പ്രധാന നേട്ടമാണ്. 

ആസന്നമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2004ലേതിന് സമാനമായ വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ബഹുജനാടിത്തറ വിപുലമാക്കി കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. തുടര്‍ഭരണം സാധ്യമാണെന്നതിന്റെ തെളിവാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അന്ന് രണ്ട് സീറ്റിനാണ് തുടര്‍ഭരണം നഷ്ടപ്പെട്ടതെന്നും കോടിയേരി ആവര്‍ത്തിച്ചു.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും 2004ല്‍ മുന്നോട്ട് വെച്ച കാഴ്ചപ്പാടാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. അന്ന് അധികാരത്തിലുണ്ടായിരുന്ന ബിജെപിയെ താഴെയിറക്കിയത് എങ്ങിനെയെന്ന് ചരിത്രം രേഖപ്പെടുത്തിയതാണെന്ന് കോടിയേരി സൂചിപ്പിച്ചു.
 

ചരിത്രം
ഒരുക്കം‍‌