25 June Monday

കേരളത്തിന് ഒളിമ്പിക് മെഡല്‍ തേടി തോമസ് മാഷിന്റെ സ്പോര്‍ട്സ് അക്കാദമി

Thursday Dec 8, 2016
എ എൻ രവീന്ദ്രദാസ്

സ്കൂള്‍കുട്ടികളുടെ ഒളിമ്പിക്സ് എന്നു വിശേഷിപ്പിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയെ ഇന്നത്തെ ആവേശത്തിലേക്കും പോരാട്ടത്തിലേക്കും വളര്‍ത്തുന്നതിലും അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെ രാജ്യത്തിന്റെ അഭിമാന പതാക പാറിച്ച താരങ്ങളെ കണ്ടെത്തുന്നതിലും കൈപിടിച്ചുയര്‍ത്തുന്നതിലുമെല്ലാം മറ്റ് പലരെക്കാളും മുമ്പേ നടന്ന കായികകേരളത്തിന്റെ ഗുരുവര്യനാണ് തോമസ് മാഷ്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി സ്കൂള്‍ കായികരംഗവുമായി ഇത്രയേറെ ബന്ധപ്പെട്ട മറ്റൊരു പരിശീലകനുമില്ല.

കോരുത്തോട് കുരിശിങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ പി തോമസ് മാഷിന് വയസ്സ് 72 ആയി. പക്ഷേ അങ്ങനെയൊരു ചിന്തയേയില്ല. 72ന്റെ നിറയൌവനം എന്നു പറയണം. ഈ പ്രായത്തിലും കായികകേരളത്തിന്റെ ഭാവിമുകുളങ്ങളെ വാര്‍ത്തടുക്കുന്നതില്‍ മുഴുകിയിരിക്കുന്ന അദ്ദേഹം തൊടുപുഴ വണ്ണപ്പുറം എസ്എന്‍എംവിഎച്ച്എസ്എസിലെ 46 അത്ലീറ്റുകളുമായി കോഴിക്കോട് സമാപിച്ച സംസ്ഥാന സ്കൂള്‍ കായികമേളയിലും നിറഞ്ഞുനിന്നത് നാം കണ്ടതേയുള്ളു.

ഏത് അത്ലറ്റിക് മീറ്റ് വന്നാലും കായികകേരളത്തിന് എന്നും പറയാന്‍ ഒരേയൊരു പേരെയുള്ളു തോമസ് മാഷ്. 1979 മുതല്‍ 2005 വരെ കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും തുടര്‍ന്ന് 2009 വരെ ഏന്തയാര്‍ ജെ ജെ മര്‍ഫി സ്കൂളിന്റെയും ഇപ്പോള്‍ വണ്ണപ്പുറം സ്കൂളിന്റെയും കളിമുറ്റം തന്റെ കര്‍മഭൂമിയാക്കി മാറ്റിയ കായിക താപസന്‍. കായികരംഗത്ത് പലരും വരും, പോകും. വന്നാലും പോയാലും ഏറെ ചര്‍ച്ചചെയ്യപ്പെടാതെ പോകും മറ്റുചിലര്‍. പക്ഷേ അന്നു ഇന്നും ഉണ്ട് അത്ലറ്റിക് വേദികളില്‍ നിറസാന്നിധ്യമായി തന്റെ കുട്ടികളുടെ നിഴലായി തോമസ് മാഷ് എന്ന പരിശീലകന്‍.

ഒടുവിലിതാ, സ്കൂള്‍തലത്തിലെ ഒരു കായികാധ്യാപകനു ലഭിക്കുന്ന ആദ്യ ദ്രോണാചാര്യ അവാര്‍ഡിന് അര്‍ഹനായ തോമസ് മാഷിന്റെ നേതൃത്വത്തില്‍, ഒളിമ്പിക് മെഡല്‍ എന്ന പരമപീഠത്തിലേക്ക് പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ലോക മലയാളി കൌണ്‍സിലിന്റെ (ഡബ്ള്യുഎംസി) പിന്തുണയോടെ വണ്ണപ്പുറത്ത് എല്ലാ ആധുനികസൌകര്യങ്ങളോടുംകൂടിയ സ്പോര്‍ട്സ് അക്കാദമി വരുന്നു. തന്റെ കുട്ടികള്‍ക്ക് പരിശീലിക്കാനും ഒളിമ്പിക് മെഡലിലേക്ക് പറന്നുയരാനും ഉന്നതനിലവാരത്തിലുള്ള ഒരു പരിശീലനകേന്ദ്രം എത്രയോ കാലമായി തോമസ് മാഷിന്റെ സ്വപ്നമാണ്. 2024ലെ ഒളിമ്പിക്സില്‍ മലയാളത്തിന് ഒന്നല്ല അതിലേറെ മെഡലുകള്‍. തോമസ് മാഷിന്റെയും മലയാളത്തിന്റെയും ആ മഹാസ്വപ്നത്തിന് അടിത്തറയൊരുക്കാനും മേല്‍ക്കൂര പണിയാനും സ്പോര്‍ട്സ് അക്കാദമിയുമായി മുന്നോട്ടുവന്ന ലോക മലയാളി കൌണ്‍സിലിനെ അഭിനന്ദിച്ചേ മതിയാവൂ.

തങ്ങള്‍ വിവിധരംഗങ്ങളില്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കായികരംഗത്തെക്കൂടി പരിഗണിച്ചപ്പോള്‍ ഡബ്ള്യുഎംസിയുടെ സെക്രട്ടറി ജനറല്‍ ടി പി വിജയനും പ്രസിഡന്റ് എ വി അനൂപും ഉള്‍പ്പെട്ട ഭരണനേതൃത്വത്തിന് ഒരു റിട്ടയേഡ് മിലിറ്ററി ഉദ്യോഗസ്ഥന്റെ കൃത്യമായ ചിട്ടകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒരു കേരളീയ സ്പോര്‍ട്സ് തനിമ വിരിയിച്ചെടുത്ത വിജയഗാഥകളുടെ തോമസ് മാഷിനെയല്ലാതെ അമരത്ത് മറ്റൊരാളെ തെരയേണ്ടിവന്നില്ല. വണ്ണപ്പുറത്തെ സ്പോര്‍ട്സ് അക്കാദമിയിലേക്ക് സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍നിന്നായി, അതായത് അഞ്ചാംക്ളാസ്മുതലുള്ള കുട്ടികളില്‍നിന്ന് 20 പ്രതിഭകളെയാണ് തെരഞ്ഞെടുക്കുന്നത്. 14 ജില്ലകളില്‍നിന്നും മികച്ചവരെ കണ്ടെത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തും. മികച്ച ഹോസ്റ്റല്‍സൌകര്യം, ആധുനികരീതിയിലുള്ള പരിശീലനത്തിന് അനുഗുണമായ സംവിധാനങ്ങള്‍, അത്ലീറ്റുകള്‍ക്ക് ദേശീയതലത്തിലും ജൂനിയര്‍ രാജ്യാന്തരതലത്തിലും മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കല്‍, വണ്ണപ്പുറം സ്കൂളില്‍ പഠനത്തിനുള്ള സൌകര്യം ഇവയെല്ലാം ലോക മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഈ അക്കാദമി ഒരുക്കും. ഒരുവര്‍ഷം ഒരു കുട്ടിക്ക് ഏകദേശം 1,80,000 രൂപവീതം ചെലവ് കണക്കാക്കുന്ന വണ്ണപ്പുറം മലമുകളിലെ സ്പോര്‍ട്സ് അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി ആറിന് ബംഗളൂരുവില്‍ നടക്കുന്ന ഗ്ളോബല്‍ മീറ്റില്‍ ഉണ്ടാകും.

തോമസ് മാഷിന്റെ മകനും മുന്‍ അത്ലീറ്റുമായ രാജസ്തോമസ് കായികാധ്യാപകനായ വണ്ണപ്പുറം സ്കൂളില്‍ ഹൈറേഞ്ചില്‍നിന്നും കടല്‍ത്തീരത്തുനിന്നും സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള ഗ്രാമങ്ങളില്‍നിന്നും 140ലേറെ കുട്ടികളാണ് പരിശീലനം നേടുന്നത്. ഇവരില്‍ ടി എസ്  ആര്യ, അയ്ന തോമസ്, എസ് എ അഭിജിത്, അപര്‍ണ എസ് നായര്‍ തുടങ്ങിയവര്‍ ദേശീയ സ്കൂള്‍മീറ്റിലും ജൂനിയര്‍തലത്തിലുമെല്ലാം മികവു തെളിയിച്ചവരാണ്. അയ്ന ലോക പൊലീസ് മീറ്റില്‍ നാല് സ്വര്‍ണം നേടിയിട്ടുണ്ട്. ഓട്ടക്കാരിയാകാനെത്തിയ അഞ്ജു ബോബിയെ ചാട്ടക്കാരിയാക്കി മാറ്റിയതുപോലെ, വിജയിച്ചവരെയല്ല കഴിവുള്ളവരെ കണ്ടെത്തി അവരെ വിജയികളാക്കി മാറ്റുകയെന്നതാണ് കൃശഗാത്രനായ ഈ കൊമ്പന്‍മീശക്കാരന്റെ രീതി. അതേ, കായികകേരളത്തിന്റെ സ്വന്തം തോമസ് മാഷിന്റെ മാതൃക...

Top