Top
27
Monday, March 2017
About UsE-Paper

ടെലികോം 'പരസ്യ' യുദ്ധത്തിന് 4,500 കോടി

Sunday Mar 12, 2017
എന്‍ മധു

മുതലാളിത്തത്തിലെ മത്സരത്തെക്കുറിച്ചും അതിന്റെ ഭാഗമായി പരസ്യം കൊടുക്കുന്നതിനെക്കുറിച്ചും സാമ്പത്തികശാസ്ത്ര ക്ളാസുകളില്‍ കേട്ട ഒരു കഥയുണ്ട്. ലണ്ടന്‍ നഗരത്തില്‍ പുതുതായി തുറക്കുന്ന ഒരു കടയുടെ പരസ്യം 'ബ്രിട്ടനിലെ ഏറ്റവും നല്ലകട' എന്നായിരുന്നു. തൊട്ടുപിന്നാലെ അതേ ഉല്‍പ്പന്നങ്ങളുമായിവന്ന മറ്റൊരു കടയുടെ പരസ്യവാചകം 'ലണ്ടനിലെ ഏറ്റവും നല്ലകട'.  മൂന്നാമതായി രംഗത്തുവന്ന കടക്കാരന്റെ പരസ്യവാചകം ഇങ്ങനെ: 'ഈ നഗരത്തിലെ ഏറ്റവും നല്ലകട'. ആദ്യ രണ്ടെണ്ണത്തിനെയും കടത്തിവെട്ടുന്നതായി മൂന്നാം കടക്കാരന്റെ പരസ്യം. ഇന്ത്യയില്‍ സ്വകാര്യ ടെലികോം വ്യവസായരംഗത്ത് ഇപ്പോള്‍ ഇങ്ങനെയൊരു 'പരസ്യ' യുദ്ധം നടക്കുകയാണ്.

പത്രമാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും ഡിജിറ്റല്‍ ലോകത്തുമെല്ലാം പരസ്യപ്രളയം. ദേശീയ പത്രങ്ങളിലും പ്രാദേശിക പത്രങ്ങളിലും മൊബൈല്‍ഫോണ്‍ ഓപ്പറേറ്റര്‍മാരുടെേയും ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളുടേയും മുഴുപ്പേജ് പരസ്യങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി നിറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഭാര്‍തി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ, റിലയന്‍സ് ജിയോ എന്നിവയാണ് കോടിക്കണക്കിന് രൂപയുടെ പരസ്യപ്രളയത്തില്‍ ഉപയോക്താക്കളെ വലയിലാക്കാനും ലാഭംകൊയ്യാനും കടുത്ത മത്സരം നടത്തുന്നത്. പുറത്തുവന്ന ഒരു കണക്കുപ്രകാരം 2016ല്‍ മാത്രം ഇന്ത്യയിലെ സ്വകാര്യ ടെലികോം വ്യവസായം 4500കോടി രൂപ പരസ്യത്തിന് ചെലവാക്കി.

എയര്‍ടെല്ലും വോഡാഫോണും വരുംമാസങ്ങളില്‍ പരസ്യച്ചെലവ് 20 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ റിലയന്‍സ് ജിയോ സൌജന്യ സിമ്മുമായി രംഗത്തുവന്നതോടെതന്നെ ഇവരെല്ലാം പരസ്യച്ചെലവ് 10-15 ശതമാനം വര്‍ധിപ്പിച്ചിരുന്നു. സൌജന്യത്തിന്റെ കാലാവധി ഏപ്രില്‍ ഒന്നോടെ അവസാനിക്കും. ഇതു ലക്ഷ്യമിട്ട് ഉപയോക്താക്കളെ പിടിക്കുകയാണ് മറ്റുള്ളവരുടെ ലക്ഷ്യം. ജിയോയും നടപ്പു ധനവര്‍ഷം ചെലവ് 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് 'ഇക്കണോമിക് ടൈംസ്' കഴിഞ്ഞദിവസം റിപ്പോര്‍ട്ട്ചെയ്തു. ടെലികോം മേഖലയിലെവിടെയും ഇപ്പോള്‍ താരിഫുകളുടെയും പ്ളാനുകളുടെയും തിരക്കിട്ട ചര്‍ച്ചകള്‍.

പത്രമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും പുറമെ ഡിജിറ്റല്‍ ലോകത്തും പരസ്യത്തിന് കമ്പനികള്‍ വന്‍തോതില്‍ പണം ചെലവാക്കുന്നുണ്ട്. ഏപ്രില്‍-മെയ് മാസത്തില്‍, പ്രത്യേകിച്ച് ദീപാവലിക്കുമുമ്പ് ഇനിയും പരസ്യപ്രളയമായിരിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. മോഡി സര്‍ക്കാരിന്റെ 'നവലിബറല്‍ അജന്‍ഡകള്‍' പൊടിപൊടിക്കുമ്പോള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ വന്‍ലാഭം കൊയ്യുന്നതിന്റെ വ്യക്തമായ തെളിവാണ് പരസ്യത്തിന് ചെലവാക്കുന്ന കോടികള്‍. ഇതേസമയം, പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിനെ ശക്തിപ്പെടുത്താന്‍ കാര്യമായ നടപടിയില്ല. തകര്‍ക്കാന്‍ തിരക്കിട്ട നടപടികള്‍ ഒന്നിനുപിറകെ ഒന്നായി തുടരുന്നുമുണ്ട്.