25 June Monday

സമയദോഷം!

Sunday Dec 18, 2016
സൂക്ഷ്മന്‍

യുഎന്‍ അവാര്‍ഡ് തനിക്ക് ലഭിച്ചതായി ഒരിക്കലും ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ല. പ്രവര്‍ത്തകരും ജനങ്ങളും ഉമ്മന്‍ചാണ്ടിയുടെ വിജയമായി കൊണ്ടാടിയിട്ടേ ഉള്ളൂ. അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി സ്വീകരണമേറ്റുവാങ്ങിയതും മറുപടിപ്രസംഗം നടത്തിയതും ഉമ്മന്‍ചാണ്ടിയുടെ കുറ്റമല്ല. ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ച  അവാര്‍ഡ് രാഷ്ട്രീയമായും വ്യക്തിപരമായും ഉപയോഗപ്പെടുത്തുന്നതില്‍ യുഎന്‍ അതൃപ്തി അറിയിച്ചതും അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ബാധകമല്ല. അതാണ് നേതൃശേഷി. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍പോലുമില്ലാത്ത താന്‍ എങ്ങനെ സരിതയെ വിളിക്കുമെന്ന് ചോദിച്ച് കുഞ്ഞൂഞ്ഞ് കഥകളുടെ മാറ്റുകൂട്ടിയതും അതേ ന്യായംകൊണ്ടുതന്നെയാണ്. സലിംരാജ് ആ ന്യായമാണ് തകര്‍ത്തിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി സരിത എസ് നായരുമായി ഗണ്‍മാനായിരുന്ന തന്റെ ഫോണ്‍ ഉപയോഗിച്ച് പലവട്ടം സംസാരിച്ചിട്ടുണ്ടെന്നാണ് സലിംരാജ് സോളാര്‍ കമീഷനില്‍ മൊഴി നല്‍കിയത്. സരിത തന്നെ വിളിച്ചതില്‍ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിയെ ചോദിച്ചുകൊണ്ടുള്ള കോളുകളായിരുന്നെന്നും പഴയ വിശ്വസ്തന്‍ ഉറപ്പിച്ച് പറയുന്നു. അതിലൊന്നും പക്ഷേ കാര്യമില്ല. സരിത സലിംരാജിനോട് തന്നെ അന്വേഷിച്ചെങ്കില്‍ താനെന്ത് പിഴച്ചു എന്ന ഒറ്റചോദ്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അവസാനിപ്പിക്കാവുന്നതേയുള്ളൂ.

പ്രശ്നം അതൊന്നുമല്ല. സോളാര്‍ കമീഷന്‍ നിരീക്ഷിച്ചത് ഉമ്മന്‍ചാണ്ടിയുടെ സമയം ശരിയല്ല എന്നാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് 14 മണിക്കൂറാണ് കമീഷനുമുന്നിലിരുന്ന് മൊഴി നല്‍കിയത്. അന്ന് പറഞ്ഞതൊന്നും പോരാഞ്ഞിട്ടാണ് ഡിസംബര്‍ 22ന്  വീണ്ടും ഹാജരാകണമെന്ന് കമീഷന്‍ ആവശ്യപ്പെടുന്നത്. ആദ്യം കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ തോല്‍പ്പിച്ച് അനീതി കാട്ടി. പെട്ടിയിലായ വോട്ടില്‍ ഭരണത്തുടര്‍ച്ചയുണ്ടെന്ന് അവസാന നിമിഷംവരെ പ്രതീക്ഷ നല്‍കി പറ്റിച്ചു. ഇപ്പോഴിതാ, സലിംരാജ് തള്ളിപ്പറഞ്ഞു. ഒടുവില്‍ സോളാര്‍ കമീഷനും. അതെല്ലാം സഹിക്കാമെന്നുവയ്ക്കാം. കൂടെയുള്ളവര്‍ അതിനേക്കാള്‍ ക്രൂരമായി പെരുമാറുന്നതിലാണ് ശരിയായ സങ്കടം.

സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങി, ഒരണ സമരത്തിലൂടെ വളര്‍ന്ന് പടിപടിയായി കോണ്‍ഗ്രസിന്റെ കേരളത്തിലെ അപ്രതിരോധ്യ നേതൃത്വത്തിലെത്തിയ ഉമ്മന്‍ചാണ്ടിയെ സുധീരനും ചെന്നിത്തലയും ഇടത്തും വലത്തും നിന്ന് ആക്രമിക്കുന്നതിനേക്കാള്‍ അനീതി മറ്റെങ്ങും കാണാനാകില്ല. 'എ' ഗ്രൂപ്പിലെ രണ്ടാമനായിരിക്കെ, ഒന്നാമനായ ആന്റണിയെ ഡല്‍ഹിക്കയച്ചപ്പോള്‍പ്പോലും ആ സര്‍ജിക്കല്‍സ്ട്രൈക്കില്‍ ആന്റണിക്ക് നോവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധകാട്ടിയ നേതാവാണ് ഉമ്മന്‍ചാണ്ടി. രക്തത്തില്‍ കോണ്‍ഗ്രസും ഇന്ദിരാഭക്തിയും മാത്രമുണ്ടായിരുന്ന കരുണാകരനെ പാര്‍ടിവിരുദ്ധനാക്കിയതും മകന്‍ മുരളിയെ അപഹസിച്ചും അകറ്റിനിര്‍ത്തിയും നശിപ്പിച്ചതും പാമൊലിന്‍ കേസും ചാരക്കേസും ലീഡറെ ധ്വംസിക്കാനുള്ള ആയുധമാക്കിയതും കോണ്‍ഗ്രസിന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. പൊലീസിനെയും വിജിലന്‍സിനെയും തുടലിട്ട് ചാടിച്ചത് ഖദറിനുള്ളില്‍ അഴിമതിയില്ലെന്ന് തെളിയിക്കാനുള്ള വിശാലതാല്‍പ്പര്യംകൊണ്ടായിരുന്നു. രണ്ടുമണിക്കൂര്‍ ഉറക്കവും 22 മണിക്കൂര്‍ പ്രവൃത്തിയുമായി സപ്തതി പിന്നിട്ട കാലത്തും ഓടിനടന്നത് പാര്‍ടി, പാര്‍ടി എന്ന ബോധം തികട്ടിയതുകൊണ്ടുമാത്രം.

അങ്ങനെയുള്ള 'ഒസി'യെ ഒന്നിനും കൊള്ളാതാക്കിയത് സുധീരരമേശ് സഖ്യമാണ്. സ്വന്തം ഗ്രൂപ്പുകാരെ പ്രീണിപ്പിച്ച് കൂടെനിര്‍ത്തുകമാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ ഉന്നമെന്ന് സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുവത്രേ. യുഡിഎഫിന്റെ സമരം പൊളിക്കാന്‍ ഉമ്മന്‍ചാണ്ടി വിട്ടുനിന്നു എന്നാണ് ചെന്നിത്തലയുടെ പരാതി. ഇതെല്ലാംകേട്ട് ഹൈക്കമാന്‍ഡ് മിണ്ടാതിരിക്കുന്നു. ആന്റണി തിരുത്താന്‍ പോകുന്നില്ല. ഡിസിസി പ്രസിഡന്റുമാരെ മാറ്റി പുതിയ ആളുകളെ നിയമിച്ചതില്‍ എ ഗ്രൂപ്പിന് അവഗണനയാണ് കിട്ടിയത്. ആകെ ഉറപ്പുള്ളത് കോഴിക്കോടും കോട്ടയവും. കൊല്ലത്ത് വിഷ്ണുനാഥും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും വേണമെന്നുപറഞ്ഞത് പ്രാഥമിക പരിശോധനപോലുമില്ലാതെ തള്ളി. സംഘടനാതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കേട്ടതായി നടിച്ചുപോലുമില്ല. ഡല്‍ഹിയില്‍ചെന്ന് ചെവികടിക്കുന്നതുകൊണ്ടാണ് ചെന്നിത്തലയും സുധീരനും കാര്യം നേടുന്നതെന്ന്  അറിയാമെങ്കിലും തിരുവഞ്ചൂര്‍പോലും അത് പറയുന്നില്ല. ഒറ്റയടിക്ക് പാര്‍ടിയിലെ വിമതനായിരിക്കുന്നു. തനിക്കുമുന്നില്‍ വിമതവേഷത്തില്‍നിന്നവരെ കാര്യകര്‍ത്താക്കളായി കാണേണ്ടിവരുന്നു. മാളികമുകളില്‍നിന്ന് മാറാപ്പിലേക്കുള്ള വേഷപ്പകര്‍ച്ച. ആന്റണിയുടെപേരിലുള്ള ഗ്രൂപ്പിനെയാണ് ഉമ്മന്‍ചാണ്ടി നയിക്കുന്നത്. പക്ഷേ, ആന്റണിക്ക് തെല്ലും കരുണയില്ല. ആ കൂറ് സുധീരനോടൊപ്പമാണ്. ബിജെപിയില്‍ അദ്വാനിക്ക് പ്രതിഷേധിക്കാനെങ്കിലും അവസരമുണ്ട്; മോഡി ശ്രദ്ധിക്കാറില്ലെങ്കിലും. ഉമ്മന്‍ചാണ്ടിക്ക് അതും നഷ്ടപ്പെട്ടു. ഇതൊന്നുംകണ്ട് സങ്കടപ്പെടാന്‍ ലീഡറില്ലെങ്കിലും മുരളിക്ക് സങ്കടംവരാതിരിക്കില്ല.

Top