19 April Thursday

കാക്കിക്കുള്ളിലെ കാവിഹൃദയം

Monday Jul 10, 2017
ശതമന്യു

മുഖലക്ഷണവും ശരീരശാസ്ത്രവും നോക്കി ആളെ വിലയിരുത്താന്‍ പോയാല്‍ ഏത് ഉത്തമനും അബദ്ധംപറ്റും. രണ്ടു പ്രമാണിമാരുടെ ലക്ഷണശാസ്ത്രം നോക്കുക- ഒരാള്‍ കെ സുധാകരന്‍. ഒറ്റനോട്ടത്തിലറിയാം ഏതുതരക്കാരനാണെന്ന്. ക്വട്ടേഷന്‍, ഗുണ്ടായിസം, വിടുവായത്തം, വങ്കത്തം എന്നീ ഉരുപ്പടികള്‍ ജിഎസ്ടി ഇല്ലാതെ മൊത്തക്കച്ചവടം നടത്തുന്ന സ്ഥാപനത്തിന്റെ എംഡിയാണെന്ന് ആ നോക്കിലും വാക്കിലും എഴുതിവച്ചിട്ടുണ്ട്. രണ്ടാമന്‍ ടി പി സെന്‍കുമാര്‍. പ്രശാന്തസുന്ദരമാന്യകളേബരന്‍. കണ്ടാല്‍ പറയില്ല വിടുവായനും വിവേകശൂന്യനുമാണെന്ന്. നടപ്പിലും നാട്യത്തിലും വിഡ്ഢിത്തത്തിന്റെ ലാഞ്ഛനയില്ല. ആ മീശയും കുടവയറും മാറ്റിയാല്‍ സര്‍വസംഗപരിത്യാഗിയായ സംന്യാസിയുടെ ഛായയാണ്. സ്വാര്‍ഥം വെടിഞ്ഞ് പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നവര്‍ സംന്യാസിമാര്‍ എന്നാണ് ഗുരുവചനം. കാക്കിയിട്ട സംന്യാസിയെന്നാണ് ഉത്തമസംഘം സെന്‍കുമാറിനെ വിശേഷിപ്പിച്ചിരുന്നത്. കെ സുധാകരനും സെന്‍കുമാറും കാഴ്ചപ്പുറത്ത് മോരും മുതിരയുമെങ്കിലും അവരുടെ സ്വത്വം എങ്ങനെ സോദരതുല്യതയോടെ ഐക്യപ്പെടുന്നു എന്നുതെളിയുന്ന മധുരമനോജ്ഞ ദൃശ്യത്തിനാണ് കഴിഞ്ഞദിവസങ്ങളില്‍ ലോകം സാക്ഷിയായത്.

പലിശയ്ക്ക് കൊടുത്ത് പണമുണ്ടാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ കോളേജ് നടത്തി ലാഭംപിടിക്കാമെന്ന് കണ്ട് വിദ്യാഭ്യാസ വ്യാപാരവിചക്ഷണനായ മുന്‍ കെഎസ്യുക്കാരനാണ് കൃഷ്ണദാസ്. അറുത്തകൈക്ക് ഉപ്പുതേക്കാതെ ഡിഗ്രി കച്ചവടം ചെയ്യുന്ന സ്ഥാപനത്തിന് കൊടുത്ത പേര് നെഹ്റു ഗ്രൂപ്പ് എന്നാണ്. അതിലുണ്ട് കൃഷ്ണദാസിന്റെ പാര്‍ടിസ്നേഹം. ആ പഴയ സ്വന്തക്കാരന്‍ കുട്ടികളെ ഇടിമുറിയിലിട്ട് ചതയ്ക്കുക എന്ന സദ്കര്‍മത്തിന് വിചാരണ ചെയ്യപ്പെടുന്നത് കണ്ട് സഹിക്കാതെ രക്ഷയ്ക്കെത്താന്‍ കോണ്‍ഗ്രസില്‍ ഒരു സുധാകരനേ ഉണ്ടായുള്ളൂ. ജിഷ്ണുകേസ് അട്ടിമറിക്കാന്‍ ചെറുവിരല്‍ അനക്കിയിട്ടില്ലെന്ന് സുധാകരന്‍ ആണയിടുന്നത് ശരിയാണ്. വിരലനക്കാതെ കൈകാലിട്ടടിച്ചിട്ടേയുള്ളൂ. ഒടുവില്‍ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞപ്പോള്‍ കരഞ്ഞു കാലുപിടിച്ചതല്ല, കണ്ണില്‍ കരടുപോയതാണ്. സുധാകരന്റെ ഈ പ്രകടനത്തില്‍ ആരും അതിശയം കാണുന്നില്ല. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ.

എന്നാല്‍, സെന്‍കുമാറിന്റെ സ്ഥിതി അതല്ല. സെന്‍കുമാര്‍ കളങ്കരഹിതനും കഴിവുറ്റവനും കേരള പൊലീസിന്റെ അഭിമാനവുമാണ് എന്നാണ് വെപ്പ്. സംന്യാസി തുല്യനെന്നുവരെ ഉത്തമ നിര്‍വചനമുണ്ടായിട്ടുണ്ട്. സെന്‍കുമാറിനെ തിരിച്ചുകൊണ്ടുവരൂ; കേരള പൊലീസിനെ രക്ഷിക്കൂ എന്ന് അലമുറയിട്ട രമേശ് ചെന്നിത്തലയെ നോക്കി പിണറായി വിജയന്‍ ഒരു കാര്യം പറഞ്ഞിരുന്നു: "നിങ്ങള്‍ വല്ലാതെ ബഹളം വയ്ക്കേണ്ട. അദ്ദേഹം നിങ്ങടെ കൈയിലല്ല, ഇപ്പോ മറ്റാളുകളുടെ കൈയിലാണ്. നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയിലുണ്ട്. അത് ഓര്‍മിച്ചോ...'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അവിടെ തെറ്റിയത് മുഖ്യമന്ത്രിക്കാണ്. ചെന്നിത്തല ആരുടെ കൈയിലാണെന്ന് ഓര്‍ക്കാതെ പറഞ്ഞുപോയതാണ്. വെളിച്ചത്ത് കോണ്‍ഗ്രസും ഇരുട്ടിയാല്‍ ആര്‍എസ്എസുമാകുന്നവരെക്കുറിച്ച് എ കെ ആന്റണി പരിഭവിച്ചത് ചെന്നിത്തലയെ നോക്കിയാണ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോഴാണ്, ആര്‍എസ്എസുകാര്‍ക്ക് യുഎപിഎ ഒഴിവാക്കിക്കൊടുത്തതടക്കമുള്ള അനേകമനേകം ഉപകാരങ്ങള്‍ സെന്‍കുമാര്‍ ചെയ്തത്.

എന്തായാലും ചെന്നിത്തലയെ ഒഴിവാക്കിയാല്‍, മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് പിണറായി പറഞ്ഞതിന്റെ കാര്യം ഇപ്പോള്‍ പിടികിട്ടിക്കാണും. സെന്‍കുമാര്‍ അന്നേ സംഘിയാണ്. അത് പിണറായിക്ക് മനസ്സിലായിരുന്നു. ഉത്തമന്‍മാരിലെ ശുദ്ധഹൃദയങ്ങള്‍ക്ക്  മനസ്സിലായില്ല. മുഖത്തെ വസൂരിക്കലയും ചിരിയുടെ അളവും ശരീര ഭാഷയും തൂക്കി ആളെ അളക്കുന്ന അത്യന്താധുനിക മാധ്യമ വിശാരദര്‍ക്കും സെന്‍കുമാറിന്റെ "കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു ദേശസ്നേഹിയുണ്ട്'' എന്ന് മനസ്സിലാക്കാനായില്ല.
കാക്കിയിട്ടപ്പോള്‍ തിരുവനന്തപുറത്ത് എബിവിപിക്കാരെ രക്ഷിക്കാന്‍ സ്വന്തം പൊലീസുകാരന്റെ നെയിംപ്ളേറ്റ് വലിച്ചുപറിച്ച് ആക്രോശിച്ച സംഘിത്വമാണ് റിട്ടയര്‍മെന്റിനുശേഷം സമകാലിക മലയാളത്തിലൂടെ പൊട്ടി ഒഴുകിയത്. പശുവിനുവേണ്ടി മനുഷ്യരെ കൊല്ലുന്നവര്‍ക്കെതിരെയല്ല, അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ വാളോങ്ങണമെന്നാണ് സെന്‍കുമാര്‍ പറയുന്നത്. കാക്കിയഴിച്ച് കാവിയിടാന്‍ കൊതിക്കുന്ന സുമുഖന്റെ വാക്കുകള്‍ കേട്ട് ശശികലയും ടി ജി മോഹന്‍ദാസും തലയില്‍ കൈവച്ചുപോയത്രേ.

‘സെന്‍കുമാര്‍ മുസ്ളിങ്ങളെയാകെ ഐഎസ് ആക്കുകയാണ്. "മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്ളിം സമുദായം ചോദിക്കും ആര്‍എസ്എസ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്നം. ഐഎസും ആര്‍എസ്എസുമായി യാതൊരു താരതമ്യവുമില്ല.'' അതായത്, ഗുജറാത്തിലെ വംശഹത്യയും കേരളത്തിലെ എണ്ണമറ്റ കൊലപാതകങ്ങളും മാത്രമല്ല, ഗാന്ധിജിയുടെ മുഖംപോലും സെന്‍കുമാര്‍ മറന്നിരിക്കുന്നു. ആര്‍എസ്എസും ഐഎസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്നല്ല, ആര്‍എസ്എസ് മഹത്തായ സംഭവമെന്നാണ് പറയാതെ പറഞ്ഞുവയ്ക്കുന്നത്. ശാഖകളില്‍ പ്രചാരകന്മാര്‍ ഘോഷിക്കുന്ന മുസ്ളിം ജനസംഖ്യാപ്പെരുപ്പത്തിന്റെ കള്ളക്കണക്ക് ആവര്‍ത്തിച്ചുപാടിയ മുന്‍ പൊലീസ് മേധാവിക്ക് അതിനെ സാധൂകരിക്കാനുള്ള ഒന്നും അവതരിപ്പിക്കാനില്ല. കെ സുരേന്ദ്രന്‍ പറയാന്‍ മടിക്കുന്ന കള്ളക്കണക്കുപോലും സെന്‍കുമാറിന്റെ നാവില്‍നിന്ന് അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്നു. ലൌ ജിഹാദിന്റെ പേരില്‍ പ്രണയവും വിവാഹവും മതപരിവര്‍ത്തനവും നടക്കുന്നു എന്ന സംഘിനുണ  കേരള ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടും സെന്‍കുമാറിന്റെ നാവിലുണ്ട്. പോരാഞ്ഞ്, മതപരിവര്‍ത്തനം നടത്തി ക്രൈസ്തവര്‍ ജനസംഖ്യാനേട്ടമുണ്ടാക്കുന്നു എന്ന മറ്റൊരു നുണയും.

പൊലീസ് തലവന്റെ തൊപ്പി അഴിച്ചയുടനെ ഓടിനടന്ന് അഭിമുഖം കൊടുത്തുതുടങ്ങിയ സൌമ്യശീലന്‍ സ്വന്തം സഹപ്രവര്‍ത്തകരെയും അവര്‍ നടത്തുന്ന അന്വേഷണങ്ങളെയും തള്ളിപ്പറഞ്ഞും ചെളിയെറിഞ്ഞും വാര്‍ത്ത സൃഷ്ടിച്ചശേഷമാണ് ഗണവേഷധാരിയായി രംഗത്തെത്തിയത്. ആളെപ്പിടിത്തം അമിത് ഷായുടെ അജന്‍ഡയാണ്. കേരളത്തിലെ നേതൃത്വത്തില്‍ മതിപ്പുപോരാഞ്ഞ് ബിജെപി നേതൃസ്ഥാനത്തേക്ക് പുറത്തുനിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതിന്റെ ഭാഗമായി പത്തുപേരെയെങ്കിലൃം സമീപിച്ചിരുന്നു. അക്കൂട്ടത്തിലാണോ അതോ പരമ്പരാഗത സംഘബന്ധുവെന്ന നിലയിലാണോ സെന്‍കുമാറിന്റെ രംഗപ്രവേശമെന്ന് കണ്ടറിയണം. രണ്ടായാലും വാഗ്ദാനങ്ങളുണ്ട്; കച്ചവടമുണ്ട്; അതിനനുസരിച്ചുള്ള പണിയും തുടങ്ങിയിട്ടുണ്ട്. സ്വയം വില്‍പ്പനയ്ക്ക് വച്ചവരില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. പ്രച്ഛന്നവേഷം കണ്ട് ആവേശപൂര്‍വം സെന്‍കുമാര്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് പിണറായിയെ പഴിച്ച് നടന്ന ഉത്തമസംഘത്തിന് നാണം തോന്നുന്നുണ്ടോ എന്തോ.

ഉത്തമന്‍മാരെന്ന് കേട്ടാല്‍ ആദ്യം തെളിയേണ്ട രണ്ടു മുഖങ്ങള്‍ ശ്രീനിവാസന്റെയും ജോയി മാത്യുവിന്റേതുമാണ്. നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും മലയാളസിനിമയിലെ സ്ത്രീചൂഷണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് "എത്രയോ കാലമായി സിനിമയില്‍ ഉള്ള തന്നെ ആരും ചൂഷണം ചെയ്തിട്ടില്ല'' എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. താന്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒരുത്തരം പറഞ്ഞാല്‍ അതുകൊണ്ട് ഈ നാട്ടിലെ ചൂഷണം അവസാനിക്കുമോ എന്നു തിരിച്ചുചോദിച്ച ശ്രീനിവാസന് ബ്രോയ്ലര്‍ കോഴികളെ ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചും അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. പുതിയ ചിത്രമായ 'അയാള്‍ ശശി'യുടെ പ്രചാരണാര്‍ഥമാണ് പത്രസമ്മേളനം വിളിച്ചത് എന്നതിനാല്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ല. ജോയി മാത്യു അമ്മ യോഗത്തില്‍ മിണ്ടാതിരുന്നത് പേടിച്ചിട്ടാണത്രേ. അത്രയേ ഉള്ളൂ സ്വയം ഉത്തമവേഷമണിഞ്ഞവരുടെ കാര്യം

Top