20 July Friday

കോണ്‍ഗ്രസിനെ വിഴുങ്ങുന്ന ഷാ

Monday Jul 31, 2017
ശതമന്യു

ബിജെപിയുടെ പഴയൊരധ്യക്ഷന്‍ നീട്ടിപ്പിടിച്ച കൈകളുമായി  ലക്ഷം രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് തൊണ്ടിമുതലോടെ പിടിയിലായത്. ഒളിക്യാമറയായിരുന്നു ദൃക്സാക്ഷി. അദ്വാനിയില്‍നിന്ന് മോഡിയിലെത്തിയപ്പോള്‍ ആ പാര്‍ടി ആനുപാതികമായി വളര്‍ന്നിട്ടില്ല; ഉയര്‍ന്നിട്ടില്ല എന്നൊന്നും പറയുന്നതില്‍ ഒരര്‍ഥവുമില്ല. ബംഗാരു ലക്ഷ്മണില്‍നിന്ന് അമിത് ഷായിലേക്കാണ് ആ വളര്‍ച്ച. അഞ്ചുകൊല്ലംകൊണ്ട് സ്വന്തം സ്വത്തുവകയില്‍ 300 ശതമാനം വര്‍ധന സൃഷ്ടിച്ച് അമിത് ഷാതന്നെ ത്വരിതവളര്‍ച്ച അടയാളപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തില്‍നിന്നാണ് വാര്‍ത്തകളെല്ലാം. അവിടെ രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക കൊടുത്തവരില്‍ അമിത് ഷായും സ്മൃതി ഇറാനിയും അഹമ്മദ് പട്ടേലുമുണ്ട്. ഷായുടെ സ്വത്തുവളര്‍ച്ച 300 ശതമാനമെങ്കില്‍ സ്മൃതി ഇറാനിക്ക് 80 ശതമാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

സ്മൃതിയുടെ വിദ്യാഭ്യാസയോഗ്യതയിലും കുറവുണ്ടായി എന്നതാണ് അത്ഭുതകരമായ മറ്റൊരു വാര്‍ത്ത. 2014ല്‍ അവര്‍ പറഞ്ഞത് താന്‍ ഡല്‍ഹി സര്‍വകലാശാലയുടെ കറസ്പോണ്ടന്‍സുവഴി ബികോം സ്വന്തമാക്കിയിട്ടുണ്ട് എന്നായിരുന്നു. ഇപ്പോള്‍, മൂന്നുവര്‍ഷ ഡിഗ്രി  കോഴ്സ് പൂര്‍ണമാക്കിയിട്ടില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ കണ്ണ് മഞ്ഞളിച്ച് അന്ധാളിച്ചുനില്‍പ്പാണ് 415ല്‍ നിന്ന് നാല്‍പ്പത്തിനാലിലേക്ക് താഴ്ന്ന കോണ്‍ഗ്രസെങ്കിലും സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഒരു കൈ നോക്കിയിട്ടുണ്ട്- സമ്പാദ്യം വളര്‍ത്തുന്ന കാര്യത്തില്‍. ആറുകൊല്ലംകൊണ്ട് സ്വത്തുകണക്കില്‍ ഉണ്ടായ വര്‍ധന 123 ശതമാനം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അഹമ്മദ് പട്ടേലിനെ ഇനി രാജ്യസഭ കാണിക്കില്ലെന്നാണ് അമിത് ഷായുടെ ഉഗ്രപ്രതിജ്ഞ.

ഗുജറാത്തിലെ വിഷയങ്ങള്‍ ശതമന്യു സ്വന്തം ഭാഷയില്‍ എഴുതുന്നില്ല. നാട്ടിലെ മുഖ്യപത്രമായ മലയാള മനോരമയില്‍നിന്ന് ചിലത് പകര്‍ത്തുന്നതുതന്നെ ധാരാളം. അമിത് ഷായുടെ ചാക്കിടല്‍തന്ത്രം’പ്രതിപക്ഷ കക്ഷികളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്നു എന്നാണ് കേരളത്തിലെ വലിയ പത്രം എഴുതുന്നത്. "പ്രത്യയശാസ്ത്ര ഉപാധികളില്ലാതെ ഇതര കക്ഷികളില്‍ നിന്നുള്ള നേതാക്കളെ ബിജെപിയിലെത്തിക്കുന്ന അമിത് ഷായുടെ പ്രായോഗിക രാഷ്ട്രീയം കോണ്‍ഗ്രസിനെമാത്രമല്ല, പ്രാദേശിക പാര്‍ടികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുടെ ചാക്കിലാകാതിരിക്കാന്‍ കര്‍ണാടകത്തിലേക്ക് കൊണ്ടുപോയത് വെല്ലുവിളി വെളിപ്പെടുത്തുന്നുണ്ട്.'' അതായത്, മാനവും മര്യാദയുമില്ലാതെ ഏതു പാര്‍ടിയില്‍നിന്ന് കൈയിട്ടുവാരാന്‍ നടക്കുന്ന അമിത് ഷാ കോണ്‍ഗ്രസിന്റെ ഉറക്കംകെടുത്തുന്നുവെന്ന് പച്ചമലയാളം. 

1. രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം അധാര്‍മികതന്ത്രമായി അമിത് ഷാ കാണുന്നില്ല. അധികാരത്തിലേക്കുള്ള മാര്‍ഗങ്ങളെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമെന്ന വിശ്വാസത്തിലാണ്, വസതിയില്‍ ചാണക്യന്റെ ചിത്രംവച്ച് ആരാധിക്കുന്ന അമിത് ഷാ.
2. തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ഗോവയിലും മണിപ്പുരിലും എതിര്‍ചേരിയെ അമ്പരപ്പിച്ച വേഗത്തില്‍ ഭൂരിപക്ഷം തികച്ച അമിത് ഷായുടെ നീക്കം വിമര്‍ശിക്കപ്പെട്ടെങ്കിലും പാര്‍ടിക്ക് ഭരണത്തിലേറാനായി.
3. രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ സിബിഐ, ആദായനികുതിവകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളെ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ ഗൌനിക്കുന്നില്ല.
4. കേരളത്തില്‍ ചാക്കിടല്‍ നീക്കങ്ങള്‍ ഡിസംബര്‍വരെ നിര്‍ത്തിവയ്ക്കാനാണ് അമിത് ഷാ സംസ്ഥാനനേതൃത്വത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഇത്രയും കാര്യങ്ങള്‍ മനോരമ പറയുന്നുണ്ട്. അമിത് ഷായുടെ വീട്ടില്‍ ചാണക്യന്റെയോ ഷൈലോക്കിന്റെയോ ചിത്രംവച്ചത് മറ്റാരുടെയും വിഷയമല്ല. നടക്കുന്നത് നെറിയില്ലാത്ത കച്ചവടമാണ്.

കള്ളിയങ്കാട്ടുനീലിയെപ്പാലെ ചുണ്ണാമ്പ് ചോദിച്ച് നില്‍ക്കുന്ന അമിത് ഷായാണ് കോണ്‍ഗ്രസിന്റെ ഭയം. ആരൊക്കെ പിന്നാലെ പോകുമെന്ന് ഒരുറപ്പുമില്ല. കേരളത്തില്‍ ബിജെപി പ്രശ്നത്തില്‍പെടുമ്പോള്‍ ചാടിവീണ് സഹായഹസ്തം നീട്ടുന്ന ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം സംരക്ഷിക്കാനുള്ള വിദ്യയും അറിയാം. അത്ര സാമര്‍ഥ്യം ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ക്കില്ല. ചാക്കിട്ടുപിടിത്തം ഭയന്ന് ഗുജറാത്തില്‍നിന്ന് കടത്തിയ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ തീനും കുടിയുമായി കഴിയുകയാണ്. ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി എംഎല്‍എമാരെ രാജിവയ്പിക്കുകയാണെന്നും അതിനാലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതെന്നും ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് ആഗസ്ത് എട്ടിനാണ്. അതിനിടെ  ഒരു ഡസന്‍ എംഎല്‍എമാര്‍കൂടി രാജിവച്ചേക്കുമെന്നാണു ഭയം. നിന്നനില്‍പ്പില്‍ പുറംതിരിഞ്ഞ് ബിജെപിയാകുന്ന നേതാക്കളാണ് ഇന്ന് കോണ്‍ഗ്രസിന്റെ ഐശ്വര്യം.

കേരളത്തില്‍ കുമ്മനത്തെ വെല്ലുന്ന സംഘിത്വവും അതിന്റെ കൂടപ്പിറപ്പായ വിവേകരാഹിത്യവും കൈയിലുള്ളതുകൊണ്ടാണ് ചെന്നിത്തലയും സംഘവും ശ്വാസംവിടുന്നത്. ബിജെപി കോണ്‍ഗ്രസിനോടും തിരിച്ചും മത്സരിക്കുന്നുണ്ട്- അഴിമതിയില്‍.  കേന്ദ്രഭരണത്തിന്റെയും ബിജെപിയെന്ന വടവൃക്ഷത്തിന്റെയും തണലില്‍ ചില പാഴ്ച്ചെടികള്‍ വളര്‍ന്നുവരാന്‍ ശ്രമിച്ചു എന്നാണ് കൂട്ടക്കോഴയില്‍ താമര മുങ്ങിയപ്പോള്‍ കുമ്മനം വിലപിച്ചത്. "ആരോപണവിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരിലെ ആര്‍ക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല;  പൊതുഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല; വ്യക്തിഗത ലാഭത്തിനുവേണ്ടി സംഘടനയുടെ പേര് ദുരുപയോഗംചെയ്തു എന്നതാണ് സംഭവിച്ചത്'' എന്നാണ് കുമ്മനം ആശുപത്രിക്കിടക്കയില്‍നിന്ന് സ്വന്തം പ്രവര്‍ത്തകര്‍ക്കെഴുതിയ കത്തില്‍ മെഡിക്കല്‍ കോഴയെക്കുറിച്ച് ഉപന്യസിച്ചത്. പാവം ഉമ്മന്‍ചാണ്ടി- ഇതൊക്കെത്തന്നെയായിരുന്നു പറഞ്ഞത്. പക്ഷേ, ജനങ്ങള്‍ വിട്ടില്ല. കോഴ അധാര്‍മികതയും കള്ളവും കാപട്യവും ജീവിതചര്യയും അന്തസ്സില്ലായ്മ അലങ്കാരവുമാകുമ്പോള്‍ ഇതിലപ്പുറവും സംഭവിക്കും. നാട്ടില്‍ കുടുംബവഴക്കിലും സ്വത്തുതര്‍ക്കത്തിലും കൊലപാതകം നടന്നാല്‍ അത് രാഷ്ട്രീയക്കണക്കില്‍പെടുത്തി നാണംകെട്ട ഹര്‍ത്താല്‍കളിക്ക് കുമ്മനം ഒരുങ്ങുമ്പോള്‍ പിന്നാലെകൂടി ഹല്ലെലൂയ പാടാന്‍ ചെന്നിത്തലയുണ്ടല്ലോ എന്നാണൊരാശ്വാസം. കുമ്മനത്തിന് പ്രതിപക്ഷ നേതാവിന്റെ കസേര കാണിക്കവയ്ക്കാനുള്ള ക്വട്ടേഷന്  അഡ്വാന്‍സ് വാങ്ങിയത് ചെന്നിത്തലയോ ബെന്നി ബഹനാനോ അതോ ഉമ്മന്‍ചാണ്ടിതന്നെയോ എന്ന് നല്ല കോണ്‍ഗ്രസുകാര്‍ ചിന്തിക്കട്ടെ

Top